നമ്മുടെ കർത്താവിന്റെ ജ്ഞാനസ്നാനം
ഒന്നാം വായന: 42:1-4,6-7
രണ്ടാം വായന: അപ്പോ.പ്രവ. 10:34-38
സുവിശേഷം: വി.മത്തായി 3:13-17.
ദിവ്യബലിക്ക് ആമുഖം
“ദൈവത്തിന് പക്ഷപാതമില്ല, അവിടുത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ആരും, ഏത് ജനതയിൽപ്പെട്ടവരായാലും അവിടുത്തേയ്ക്ക് സ്വീകാര്യനാണ്” എന്ന രണ്ടാം വായനയിലെ പത്രോസ് അപ്പോസ്തലന്റെ വാക്കുകളോടെയാണ് നമ്മുടെ കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിന് തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. നമ്മുടെ ജ്ഞാനസ്നാനത്തെയും ഓർമ്മിപ്പിക്കുകയും, പുനർവിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യുന്ന രീതിയിൽ യേശു സ്നാനം സ്വീകരിക്കുന്ന ഭാഗം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്ന് നാം ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിന്റെ മനുഷ്യത്വം
ഇന്നത്തെ സുവിശേഷത്തിൽ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കാര്യമാണ് ജോർദാൻ നദിക്കരയിലേക്ക് സ്നാപകയോഹന്നാന്റെ അടുത്തേക്ക് സ്നാനം സ്വീകരിക്കുവാൻ വരുന്ന യേശുവിന്റെ വ്യക്തിത്വം. നമുക്ക് ഉണ്ടാകുന്നതിന്റെ അതേ അത്ഭുത ഭാവത്തോടെ തന്നെ സ്നാപകനും ചോദിക്കുകയാണ് “ഞാൻ നിന്നിൽ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്റെ അടുത്തേയ്ക്ക് വരുന്നുവോ?” യോഹന്നാൻ നൽകുന്ന മാനസാന്തരത്തിന്റെ സ്നാനം സ്വീകരിക്കാൻ പാപം ചെയ്യാത്ത യേശു വരുന്നത് എന്തിനാണ്? ഇതിന് പിന്നിൽ ദൈവശാസ്ത്രപരമായ ധാരാളം വ്യാഖ്യാനങ്ങൾ ഉണ്ട്. അതിലൊന്നാണ് ദൈവപുത്രനായ യേശുവിന്റെ മനുഷ്യത്വത്തെ കുറിച്ചുള്ളത്. യേശു പൂർണ്ണ മനുഷ്യനും, പൂർണ്ണ ദൈവമാണെന്ന് തിരുസഭ ആദ്യകാലം മുതൽ സഭാപിതാക്കന്മാരിലൂടെ പഠിപ്പിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ത്രീത്വത്തിലെ രണ്ടാമനായ പുത്രന്റെ മനുഷ്യാവതാരം – ക്രിസ്മസ് നാം ആഘോഷിക്കുകയും ചെയ്തു. ജനനത്തിൽ മാത്രമല്ല ജീവിതത്തിലും യേശു പൂർണ്ണ ദൈവവും, പൂർണ്ണ മനുഷ്യനും ആണെന്ന് ഇന്നത്തെ സുവിശേഷം വെളിപ്പെടുത്തുന്നു. സ്നാപകൻറെ അടുക്കൽ വന്ന പാപികളുടെയും, ചുങ്കക്കാരുടെയും, പട്ടാളക്കാരുടെയും സദുക്കായരുടെയും കൂടെ അവരിൽ ഒരുവനായി, അവരെപ്പോലെ യേശുവും സ്ഥാപകനിൽ നിന്ന് സ്നാനം സ്വീകരിക്കുകയാണ്. സ്നാപക നിൽ നിന്ന് അനുതാപത്തിന്റെ ജ്ഞാനസ്നാനം സ്വീകരിക്കേണ്ട ആവശ്യമില്ലെങ്കിൽ പോലും നമ്മിൽ ഒരുവനായി യേശു സ്വീകരിക്കുന്നു. മനുഷ്യരായ നാം ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കൾ ആകുവാൻ ദൈവപുത്രനായ യേശു സ്നാനം സ്വീകരിച്ചുകൊണ്ട് നമുക്ക് മാതൃക നൽകുന്നു.
ഏശയ്യായുടെ പുസ്തകത്തിലെ സഹനദാസൻ
സുവിശേഷത്തിൽ വെളിവാക്കപ്പെടുന്ന യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള ചിന്തയോടെ നാം ഇന്നത്തെ ഒന്നാം വായനയിലേക്ക് കടക്കുമ്പോൾ അവിടെ നാം കാണുന്നത് “സഹനദാസനെ” കുറിച്ചുള്ള ഏശയ്യായുടെ പ്രവചനങ്ങളാണ്. സഹിക്കുന്ന ദാസനിലൂടെ രക്ഷാകര പദ്ധതി പൂർത്തിയാക്കുന്ന ദൈവത്തിന്റെ പദ്ധതി ഒന്നാം വായനയിൽ കാണുന്നു. സഹനദാസനെ കുറിച്ചുള്ള ഏശയ്യായുടെ പ്രവചനം യേശുവിൽ ജീവിതത്തിലൂടെയും, പീഡാനുഭവത്തിലൂടെയും, കുരിശുമരണത്തിലൂടെയും പൂർത്തിയായി എന്നതിൽ സംശയമില്ല.
സ്നാപകന്റെ അടുത്തേക്ക് സ്നാനത്തിനായി വരുന്ന “യേശുവും”, ഏശയ്യായുടെ പ്രവചനത്തിലെ “സഹനദാസനും” ഒന്നുതന്നെയാണ്. ഈ രണ്ടു തിരുവെഴുത്തുകളുടെയും മുഖ്യസന്ദേശം മനുഷ്യരോടു കൂടെ നിൽക്കുന്ന, മനുഷ്യരുടെ ജീവിതത്തിൽ പങ്കുചേരുന്ന, നമ്മുടെ വേദനകളും പ്രയാസങ്ങളും പങ്കിട്ടുജീവിക്കുന്ന യേശുവിനെ വെളിപ്പെടുത്തുകയാണ് .യേശുവിനെ ദൈവത്വം എവിടെയും ഉദ്ഘോഷിക്കപ്പെടാറുണ്ട്. അതോടൊപ്പം തന്നെ വിസ്മരിക്കാൻ പാടില്ലാത്ത യാഥാർത്ഥ്യമാണ് യേശുവിന്റെ മനുഷ്യത്വവും. നമ്മുടെ രക്ഷകനായ യേശു നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും ആശയതലത്തിൽ മനസ്സിലാക്കുന്ന ദൈവമല്ല, മറിച്ച് നമ്മുടെ ജീവിതം നമ്മെപ്പോലെ തന്നെ ഭൂമിയിൽ ജീവിച്ച്, ജീവിതത്തിലെ കൈപ്പേറിയ യാഥാർത്ഥ്യങ്ങളെ സ്വന്തം ശരീരത്തിലും മനസ്സിലും ജീവിച്ചവനാണ്. മനുഷ്യർക്ക് ദൈവത്തോടൊപ്പം പങ്കാളിത്തം ഉണ്ടാവാൻ മനുഷ്യനായി ജീവിച്ച യേശു.
യേശുവിനെക്കുറിച്ച് “സഹനദാസൻ” എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് നിഷേധാത്മകമായ, നെഗറ്റീവായ ചിന്തകൾ ഉണ്ടാകാറുള്ളതിന് കാരണം, നമ്മൾ ആരും സഹനം ആഗ്രഹിക്കുന്നില്ല എന്നതാണ്. എന്നാൽ സഹനം ഇല്ലാത്ത ജീവിതവും ഇല്ല എന്നത് യാഥാർഥ്യവും. ഇന്നത്തെ ഒന്നാം വായനയിൽ “ഈ സഹനദാസനെ” ദൈവം ഉയർത്തി അവനിലൂടെ രക്ഷാകര ദൗത്യം പൂർത്തിയാക്കുന്നത് നമുക്ക് കാണാം. അതുപോലെതന്നെ അനുസരണയോടെ, എളിമയുള്ളവനായി മറ്റുള്ളവരെപ്പോലെ സ്നാപകനിൽ നിന്ന് സ്നാനം സ്വീകരിച്ച യേശുവിനെ “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ലോകത്തിനുമുമ്പിൽ പ്രഖ്യാപിച്ചുകൊണ്ട് ദൈവം ഉയർത്തുകയാണ്.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ജ്ഞാനസ്നാനത്തിലൂടെ ലഭിച്ച ക്രൈസ്തവജീവിതം സഹനത്തിന്റെ ജീവിതമാണ്, എന്നാൽ നാം ഭയപ്പെടേണ്ട കാര്യമില്ല, കാരണം ഈ സഹനത്തിലൂടെയാണ് നാമും യേശുവിനോടൊപ്പം സ്വർഗ്ഗരാജ്യത്തിന് അവകാശികളാകുന്നത്.
ഇവൻ എന്റെ പ്രിയപുത്രൻ
യേശു സ്നാനം സ്വീകരിച്ച കഴിഞ്ഞപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങിവന്നു. സ്വർഗ്ഗത്തിൽനിന്ന് പിതാവായ ദൈവം ഇപ്രകാരം പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”. “ഇവൻ എന്റെ പ്രിയ പുത്രൻ” എന്നു പറഞ്ഞാൽ “ഇവൻ എനിക്ക് പ്രിയപ്പെട്ടവൻ”, “എനിക്ക് ഏറ്റവും സ്നേഹമുള്ള വ്യക്തി” എന്നൊക്കെയാണ്. ഒരു വ്യക്തിയെ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ, അഥവാ ഒരു വ്യക്തിയോട് മറ്റൊരാൾ “നീ എനിക്ക് പ്രിയപ്പെട്ടവനാണ്/നീ എനിക്ക് പ്രിയപ്പെട്ടവൾ ആണെന്ന് പറയുമ്പോൾ” അത് കേൾക്കുന്ന ആൾക്ക് ഉണ്ടാകുന്ന സന്തോഷവും, മാറ്റവും നമുക്ക് ഊഹിക്കാവുന്നതാണ്. സ്നേഹിക്കുന്ന ആൾക്ക് വേണ്ടി, സ്നേഹിക്കപ്പെടുന്നവർ എന്തും ചെയ്യുന്നു. ആർക്കാണോ നാം പ്രിയപ്പെട്ടവർ, അവർക്ക് വേണ്ടി നാം എന്തു ചെയ്യുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ ദൈവപിതാവിന്റെ വാക്കുകളിൽ നിന്ന് നമുക്ക് രണ്ട് പാഠങ്ങൾ പഠിക്കാം:
ഒന്നാമതായി; യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് പറഞ്ഞതുപോലെ ദൈവം നമ്മുടെ ജ്ഞാനസ്നാന സമയത്ത് നമ്മോടും പറഞ്ഞിട്ടുണ്ട് “നീ എനിക്ക് പ്രിയപ്പെട്ടവനാണ് / പ്രിയപ്പെട്ടവളാണ്” പക്ഷേ പലപ്പോഴും നാം അത് മറന്നു പോകാറുണ്ട്. യേശുവിൻറെ ജ്ഞാനസ്നാന തിരുനാളായ ഇന്ന് ആ വാക്കുകളെ നമ്മുടെ ഹൃദയാന്തരങ്ങളിൽ നിന്ന് നമുക്ക് ഓർത്തെടുക്കാം, ദൈവത്തിന് പ്രിയപ്പെട്ടവരാണെങ്കിൽ അവന്റെ ഇഷ്ടമനുസരിച്ച് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം.
രണ്ടാമതായി; നമ്മുടെ കുടുംബങ്ങളിലും, വ്യക്ത- സമൂഹ ബന്ധങ്ങളിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുറവുണ്ടെങ്കിൽ “നീ എനിക്ക് പ്രിയപ്പെട്ടവനാണ് / പ്രിയപ്പെട്ടവളാണ്” എന്ന് പറയുവാനും പ്രകടിപ്പിക്കുവാനും സാധിച്ചാൽ നമ്മുടെ ബന്ധങ്ങളിലെല്ലാം മാറ്റമുണ്ടാകും.
ആമേൻ.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.