Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)
ജ്ഞാനസ്നാനം എന്നത് ദൈവത്തിന് എന്നോടുള്ള സ്നേഹപ്രഖ്യാപനമാണ്...

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ
30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും? അറിയില്ല. അവന്റെ കൈകളിൽ ജോലി തഴമ്പുണ്ട്. ഇതാ, അവൻ തന്റെ രഹസ്യജീവിതം, അവസാനിപ്പിക്കുന്നു. ജോർദാൻ നദിയിൽ, സ്നാപകന്റെ മുന്നിൽ അവൻ സ്വയം വെളിപ്പെടുത്താൻ തീരുമാനിക്കുന്നു. ഒരു സാധാരണക്കാരനായി, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ, ഒരു പദവിയും ആഗ്രഹിക്കാതെ, അവൻ ഏറ്റവും ലളിതമായതുമായി ഇണങ്ങുന്നു. സ്വർഗ്ഗത്തിന് ഒരു ശീലമുണ്ട്: അത്ഭുതപ്പെടുത്തുക എന്നതാണത്. സ്വർഗ്ഗം, ഇതാ, എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ദേവാലയങ്ങളെയും പ്രസംഗപീഠങ്ങളെയും ഒഴിവാക്കി ജോർദാൻ നദിക്കരയിൽ അത് തുറക്കപ്പെടുന്നു.
മത്തായിയുടെ സുവിശേഷത്തിൽ സ്നാപകൻ നൽകുന്നത് മാനസാന്തരത്തിന്റെ സ്നാനമാണ്. പാപമോചനം എന്ന പദം മത്തായി ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നുണ്ട്. കാരണം മത്തായിക്കറിയാം സ്നാപകന്റെ സ്നാനത്തിന് പാപം മോചിപ്പിക്കാൻ സാധിക്കുകയില്ലെന്ന്. പാപം മോചിക്കാനുള്ള അധികാരം യേശുവിന് മാത്രമാണുള്ളത് (മത്താ 26:28). മായ്ക്കാൻ നിഴലുകളില്ലാത്ത ഒരാൾക്ക് എങ്ങനെ പാപ പൊറുതി യാചിക്കാൻ കഴിയും? മത്തായിയുടെ സുവിശേഷത്തിന്റെ മറ്റൊരു പ്രത്യേകതയാണ് നസറായനും സ്നാപകനും തമ്മിലുള്ള സംസാരം. സ്നാനം “സ്വീകരിക്കാൻ” യേശു സ്നാപകനെ സമീപിക്കുന്നുവെന്ന് മത്തായി മാത്രമേ പറയുന്നുള്ളൂ. ഇവിടെ പ്രവാചകന്റെ അവിശ്വാസം നമുക്ക് ഏതാണ്ട് മനസ്സിലാക്കാൻ കഴിയും: കേട്ടുകേൾവിയില്ലാത്ത എന്തോ ഒന്ന് സംഭവിക്കുന്നു.
നിശബ്ദനായി, എല്ലാവരെയും പോലെ, യേശുവും സ്നാനത്തിനായി ജോർദാനിൽ അണിനിരക്കുന്നു. സ്നാപകൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല ദരിദ്രരോടൊപ്പം ഉള്ള ഒരു മിശിഹായെ. നിത്യനായവൻ നിശബ്ദനായി പാപികളോടൊപ്പം സ്നാനം സ്വീകരിക്കാൻ സ്നാപകന്റെ മുന്നിൽ നിൽക്കുന്നു. അസാധ്യമാണ് ഈ ദൈവസങ്കല്പം.
“നീ എന്റെ അടുത്തേക്കുവരുന്നുവോ?” യോഹന്നാൻ അത്ഭുതപ്പെടുന്നു. തനിക്ക് ഇത് കഴിയില്ല എന്ന് യോഹന്നാൻ ചിന്തിച്ചിരിക്കണം. ആർക്കാണ് അവനെ കുറ്റപ്പെടുത്താൻ കഴിയുക? മിശിഹാ ജറുസലേമിൽ സ്വയം വെളിപ്പെടുത്തുമെന്നാണ് അവൻ പ്രതീക്ഷിച്ചിരുന്നത്. വലിയ അത്ഭുതങ്ങളുമായി മിശിഹാ കടന്നുവരും എന്നായിരുന്നു അവൻ കരുതിയിരുന്നത്. ശക്തിയും ദൃഢനിശ്ചയവും ഉപയോഗിച്ച് എല്ലാം പുനഃസ്ഥാപിക്കുന്ന മിശിഹായെയാണ് അവൻ പ്രഘോഷിച്ചത്. ജനങ്ങൾ വിശ്വസിച്ചതും അങ്ങനെ തന്നെയാണ്. എന്നാൽ ഇതാ, ഒരു എളിയ പാപിയെ പോലെ മിശിഹാ വന്നിരിക്കുന്നു. യോഹന്നാൻ സങ്കൽപ്പിച്ചത് കാർക്കശ്യം നിറഞ്ഞ മിശിഹായെ ആയിരുന്നെങ്കിൽ, യേശു ഇതാ, ആർദ്രതയോടെ ആരംഭം കുറിക്കുന്നു. യേശു വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കുന്നു. കാൽവരിയിലേക്ക് പാപികളോടൊപ്പം അവൻ യാത്രതിരിക്കുന്നു.
“ഇപ്പോൾ ഇതു സമ്മതിക്കുക”, യേശു സ്നാപകനോട് ആവശ്യപ്പെടുന്നു. ദരിദ്രരോട് അടുത്തിടപഴകുന്നതിൽ നിന്നും, അവരുടെ ബലഹീനതകളിൽ നിന്നും, കഷ്ടപ്പാടുകളിൽനിന്നും, വേദനയിൽനിന്നും തന്നെ തടയരുതെന്ന് അവൻ യോഹന്നാനോട് ആവശ്യപ്പെടുന്നു. സ്നാനമേറ്റ എല്ലാവരുടെയും പാപങ്ങളാൽ മലിനമായ ജോർദാനിലെ ആ വെള്ളത്തിൽ നിന്നാണ് യേശു തന്റെ യാത്ര ആരംഭിക്കുന്നത്. ദൈവത്തെ തേടേണ്ടത് ആകാശത്തിലെ മേഘങ്ങൾക്കിടയിലോ ദേവാലയങ്ങളിലെ ആചാരങ്ങൾക്കുള്ളിലോ അല്ല. നമ്മൾ ജോലി ചെയ്യുന്ന ഓഫീസിൽ, നമ്മളുടെ കുടുംബത്തിൽ, നമ്മൾക്ക് സമാധാനം നൽകാത്ത നമ്മളുടെ വൃദ്ധരായ മാതാപിതാക്കളിൽ, നമ്മളുടെ കുറവുകളെ ചൂണ്ടിക്കാണിക്കുന്ന ആ ബന്ധുവിൽ, നമ്മൾക്ക് ആയിരം ആശങ്കകൾ നൽകുന്ന നമ്മളുടെ കുഞ്ഞുങ്ങളിൽ അവനെ തേടുക. അവരൊക്കെയാണ് ദൈവം തെരഞ്ഞെടുത്തിരിക്കുന്ന ഇടം.
ബൈബിളിൽ, “പുത്രൻ” എന്നത് ഒരു സാങ്കേതിക പദമാണ്: പിതാവിനോട് സാമ്യമുള്ള, തന്റെ പ്രവൃത്തികൾ ചെയ്യുന്ന, തന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്ന ഒരാൾ. “ദൈവപുത്രൻ” എന്ന പ്രയോഗം ഹൃദയസ്പർശിയായ ഒരു രൂപകമല്ല, മറിച്ച് ഒരു യഥാർത്ഥ അവസ്ഥയാണ്, പച്ചയായ യാഥാർത്ഥ്യമാണ്. ജ്ഞാനസ്നാനം സ്വീകരിക്കുന്ന നമ്മൾ യഥാർത്ഥത്തിൽ അങ്ങനെയാണ്. ജ്ഞാനസ്നാനത്തിലൂടെ നമ്മൾ ദൈവീകസ്വഭാവത്തിൽ പങ്കുകാരാകുന്നു (2 പത്രോ 1:4). ദൈവത്തിന്, നാമെല്ലാവരും കുട്ടികൾ മാത്രമാണ്! ഒരു മാതാപിതാക്കളും കുഞ്ഞുങ്ങളെ പൊതുവായി സ്നേഹിക്കുന്നില്ല. കുഞ്ഞുങ്ങളോടുള്ള അവരുടെ സ്നേഹം വ്യക്തിപരമാണ്. അതുപോലെയാണ് ദൈവവും. അവൻ നമ്മെ വിവേചനരഹിതമായി സ്നേഹിക്കുന്നില്ല, നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നു. ദൈവം സ്നേഹിക്കുന്നത് മനുഷ്യൻ എന്ന സങ്കല്പത്തെ അല്ല, നമ്മെ ഓരോരുത്തരെയും ആണ്. സ്നേഹത്തെ ഒരിക്കലും സാമാന്യവൽക്കരിക്കാൻ സാധിക്കില്ല. നമ്മൾ എല്ലാവരും ദൈവത്തിന്റെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ടാണ് നമ്മുടെ പ്രവൃത്തികൾ പരിഗണിക്കാതെ നമ്മെ അവൻ ഭ്രാന്തമായി സ്നേഹിക്കുന്നത്.
ജ്ഞാനസ്നാനം എന്നത് ദൈവത്തിന് എന്നോടുള്ള സ്നേഹപ്രഖ്യാപനമാണ്; എന്റെ ജീവിതം എന്തുതന്നെയായാലും അവൻ പരിപാലിക്കും എന്ന പ്രഖ്യാപനം. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമല്ല ഇത്. അവന്റെ സ്നേഹം ദാനമാണ്. സ്നേഹിക്കപ്പെടുമെന്ന പ്രതീക്ഷയിൽ പലപ്പോഴും സ്നേഹിക്കാൻ ശീലിച്ച നമുക്ക്, ഇതൊരു സന്തോഷവാർത്തയാണ്.
എന്താണ് ജ്ഞാനസ്നാനം? ജീവിതം പ്രവർത്തനക്ഷമമാക്കുന്ന ഒരു സ്നേഹത്തിൽ മുഴുകുന്നതിന്റെ അനുഭവമാണത്. നമ്മെ സ്നേഹിക്കാൻ യേശുവിനെ അനുവദിച്ചാൽ മാത്രമേ നമ്മൾക്ക് നമ്മളാകാൻ കഴിയൂ. അവന്റെ സ്നേഹം അനുഭവിക്കാനുള്ള അനന്തമായ ശ്രമമാണ് ക്രിസ്തീയ ജീവിതം. നമ്മൾ സ്നേഹിക്കപ്പെടുന്നില്ലെങ്കിൽ, എല്ലാം ഭാരവും സങ്കടകരവുമായിത്തീരുന്നു.
അപ്പോൾ, എന്താണ് നമ്മുടെ ജ്ഞാനസ്നാനത്തിന്റെ അർത്ഥം? ജീവിതത്തിൽ നമ്മൾ എങ്ങനെ പെരുമാറിയാലും, നമ്മൾ എപ്പോഴും തന്റെ മക്കളായിരിക്കുമെന്ന് ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഭ്രാന്തമായി, നിരുപാധികമായി അവൻ നമ്മെ സ്നേഹിക്കുന്നു. നാം നല്ലവരും ദയയുള്ളവരുമായതുകൊണ്ടല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്, മറിച്ച് അവൻ നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ നല്ലവരും ദയയുള്ളവരുമാകുന്നത്.



