കാഴ്ചയും ഉള്‍ക്കാഴ്ചയും
ചോദ്യങ്ങള്‍ ചോദിക്കുക, അന്വേഷണ ദാഹം; വസ്തുതകളുടെ നിജ സ്ഥിതി കണ്ടെത്തുക എന്നീ ഗുണങ്ങള്‍ അസ്തിത്വത്തിന്‍റെ ഭാവാത്മകമായ മൂല്യങ്ങളാണ്, ദര്‍ശനങ്ങളാണ്. മനുഷ്യ ജീവിതം നിരന്തരമായ ഒരു സമരമാണ്. സമരമുഖത്ത് നില്‍ക്കുക എന്നത് യുദ്ധത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുക എന്നതാണ്; നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട മുഹൂര്‍ത്തമാണ്.
ചരിത്രം രചിച്ചിട്ടുള്ള വ്യക്തികള്‍ പ്രസ്തുത മൂല്യങ്ങളുടെ വക്താക്കളായവരാണ്. തത്വചിന്തകനായ പ്ലേറ്റോ പറഞ്ഞു എന്നെ ഞാനാക്കിയത് ആറ് കൂട്ടുകാരികളാണ്; ആര്? എന്ത്? എങ്ങനെ? എപ്പോള്‍? എവിടെ? എന്തുകൊണ്ട്? ഓരോ നിമിഷവും ഈ ചോദ്യങ്ങള്‍ നാം സ്വയം ചോദിക്കണം. നാം ആത്മവിമര്‍ശനം നടത്തണം. എന്നാല്‍ മാത്രമേ സുതാര്യമായ ആത്മപ്രകാശനം നടത്താന്‍ പ്രാപ്തിയുണ്ടാവുകയുള്ളൂ.
സമൂഹത്തിന്‍റെ നേര്‍ക്ക്, ഭരണചക്രം തിരിക്കുന്നവര്‍ക്ക് നേരേ, സമകാലീന സംഭവങ്ങള്‍ക്ക് നേരേ… ഈ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. അപ്പോൾ മാത്രമേ അന്വേഷിച്ച് കണ്ടെത്താനുള്ള അഭിവാഞ്ച നമ്മില്‍ ജ്വലിച്ചുണരുകയുള്ളൂ. അന്വേഷണം നേരായ വിധത്തില്‍ മുന്നേറുമ്പോള്‍ ഹിഡന്‍ അജണ്ടകളും, അന്തര്‍ധാരകളും നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യും.
മുട്ടിയാല്‍ തുറക്കാത്ത വാതിലുകളുണ്ടാവില്ല. തടസ്സങ്ങളെ നിശ്ചയദാര്‍ഢ്യത്തോടും, ഉറച്ച ബോധ്യങ്ങളോടും, ദാര്‍ശനിക കാഴ്ചപ്പാടുകളോടും കൂടെ സമീപിക്കുമ്പോള്‍… അസാധ്യമെന്ന് ആരംഭ ശൂരത്തര്‍ കരുതുന്നവ നമുക്ക് സാധ്യമാക്കാനും, വെന്നിക്കൊടി പാറിക്കാനും സാധിക്കുകയുള്ളൂ.
മരുഭൂമിയില്‍ മലര്‍വാടി തീര്‍ക്കുന്നവനാണ് ദൈവം…! നാം ദൈവത്തിന്‍റെ കയ്യിലെ ജീവിക്കുന്ന ഉപകരണങ്ങളാകണം. വിജയം സുനിശ്ചിതം…!
കരയുന്ന കുഞ്ഞിനെ പാലുള്ളൂ… പഴമൊഴി മറക്കാതിരിക്കാം. നമ്മുടെ കൂട്ടായ നിലവിളക്ക് പ്രത്യുത്തരം നല്‍കാതിരിക്കാന്‍ ഇരുമ്പ് കോട്ടകള്‍ക്കും ഉരുക്ക് മുഷ്ടികള്‍ക്കും കഴിയുകയില്ല… അടഞ്ഞ ഹൃദയത്തിന്‍റെ വാതിലുകളും മലര്‍ക്കെ തുറക്കാം…. സ്വാതന്ത്ര്യത്തിന്‍റെ, നീതിയുടെ, മൗലിക അവകാശങ്ങളുടെ ശുദ്ധവായു പ്രവാഹം പ്രപഞ്ചാതിര്‍ത്തിയോളം നന്മയുടെ പരിമളം പരത്തട്ടെ…
യേശു പറഞ്ഞു Ask, Seek, Knock…! (വി. ലൂക്കാ. 11/9) മാനവ ജീവിത സാഫല്യത്തിന്‍റെ മോചന മന്ത്രമാണ് യേശു പറഞ്ഞുവച്ചത്. സമകാലീന സമൂഹത്തിന്‍റെ ഈ വിജയഗാഥ രചിക്കാന്‍ നമുക്ക് ഉറക്കെ ചോദിക്കാം… സൂക്ഷ്മതയോടെ അന്വേഷിക്കാം… കണ്ടെത്തുന്നതുവരെ, മുട്ടിക്കൊണ്ടേയിരിക്കാം…
കിതയ്ക്കുമ്പോഴും മുന്നോട്ട് കുതിയ്ക്കാനുള്ള ജീവശക്തി തമ്പുരാന്‍ പ്രദാനം ചെയ്യട്ടെ… വിജയാശംസകള്‍ നേരുന്നു…!!!