Ascension of our Lord_അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53)
മരണത്തിപ്പുറത്തേക്ക് നയിക്കുന്ന ഒരു ഇടയൻ, ഇതാണ് ലൂക്കാ വരയ്ക്കുന്ന യേശുവിന്റെ അവസാനത്തെ ചിത്രം...
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന യേശുവിന്റെ ചിത്രമെഴുതുന്നത്. “അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു” (v.50). ബഥാനിയാ – മരണത്തിനെ അതിജീവിക്കുന്ന സൗഹൃദത്തിന്റെയും ഉത്ഥാനത്തിന്റെയും ഇടമാണത്. ലാസറിനെ ഉയിർപ്പിച്ച ഇടം. അവനിതാ, ഒരു ഇടയനെ പോലെ അവരെ അങ്ങോട്ട് നയിക്കുന്നു. കാൽവരിയല്ല ഇനി നമ്മുടെ യാത്രകളുടെ ലക്ഷ്യം. അതിനപ്പുറം ബഥാനിയായിൽ ഒരു ഇടമുണ്ട്; മരണത്തിനുപോലും കടന്നു വരാൻ സാധിക്കാത്ത ഇടം.
മരണത്തിപ്പുറത്തേക്ക് നയിക്കുന്ന ഒരു ഇടയൻ, ഇതാണ് ലൂക്കാ വരയ്ക്കുന്ന യേശുവിന്റെ അവസാനത്തെ ചിത്രം. അതിനോടൊപ്പം ഒരു കാര്യം കൂടി അവൻ കൂട്ടിച്ചേർക്കുന്നുണ്ട്; “അവന്‍… കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു” (v.50). മൂന്നു വർഷക്കാലത്തോളം കൂടെ നടന്നവർക്ക് കണ്ണിൽ സൂക്ഷിക്കാവുന്ന അവസാനത്തെ സുന്ദര വർണ്ണമാണിത്; അനുഗ്രഹിക്കുന്ന യേശു. “അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്‌തു” (v.51). അനുഗ്രഹം അതാണ് അവന്റെ അവസാനത്തെ സാക്ഷ്യം. അത് നമ്മിൽ ഓരോരുത്തരിലും എത്തുന്നു. അത് ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നു, ചരിത്രത്തിനുമേൽ ഒരു മേഘപടലമായി പരക്കുന്നു, നമ്മിലെ തിന്മകളെ മായ്ച്ചുകളയുന്നു, നമ്മുടെ രോഗങ്ങളിലേക്കും നിരാശയിലേക്കും വീഴ്ച്ചയിലേക്കും ദൗർബല്യത്തിലേക്കും അത് ആഴ്ന്നിറങ്ങുന്നു. എന്നിട്ട് നമുക്കൊരു ഉറപ്പു നൽകുന്നു; മുറിവുകളെക്കാൾ ശക്തമാണ് ജീവിതം.
എല്ലാ ശിഷ്യരോടുമുള്ള യേശുവിന്റെ അവസാനത്തെ സന്ദേശം ഇതാണ്: നീ അനുഗൃഹീതനാണ്. ലത്തീൻ, ഗ്രീക്ക് പദനിഷ്പത്തിയിൽ അനുഗ്രഹം എന്നാൽ നിന്നിലെ നന്മയെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഭാഷയിൽ അനുഗ്രഹത്തിന് “ചുറ്റും കാത്തു രക്ഷിക്കുക” എന്നർത്ഥം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിന്നിലെ നന്മയാൽ നിന്റെ ജീവിതപരിസരം പൂവണിയട്ടെ എന്ന് അവൻ കല്പിക്കുന്നു. എലിസബത്തിലൂടെ “നീ സ്ത്രീകളിൽ അനുഗൃഹീതയാണ്” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്രൈസ്തവ ചരിത്രം ആരംഭിക്കുന്നത്. ഇപ്പോഴിതാ അതേ വാക്കുകൾ യേശുവിന്റെ അന്ത്യ വചസ്സുകളായി മാറുന്നു: സകല സൃഷ്ടികളിൽ നിങ്ങൾ അനുഗൃഹീതരാണ്.
യേശുവിന്റെ അനുഗ്രഹത്തിന് യോഗ്യനാകാൻ എന്തു മേന്മയാണ് എനിക്കുള്ളത്? ഒരു മേന്മയും ഇല്ല. എന്നിട്ടും അവൻ എന്നെ അനുഗ്രഹിക്കുന്നു. ഒരു യോഗ്യതയും എനിക്കില്ല. എങ്കിലും അവന്റെ അനുഗ്രഹത്തിൽ ഞാൻ ആശ്രയിക്കും. അത് നൽകുന്ന പ്രത്യാശയിൽ ഞാൻ മുറുകെ പിടിക്കും. കാരണം, അവൻ മാത്രമാണ് എന്നെ വഴിനടത്തുന്ന ഇടയനും പുരോഹിതനും രക്ഷകനും.
അനുഗ്രഹ വചസ്സുകൾ കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും. സ്വർഗ്ഗത്തിലേക്ക് കയറാനുള്ളവന് ലോകത്തെ കുറിച്ച് പറയാനുള്ളത് നന്മകൾ മാത്രമാണ്. ശിഷ്യന്മാരോ, വേർപിരിയുന്ന യേശുവിനെ പ്രതി ദുഃഖിക്കുന്നതിനുപകരം “അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങുന്നു” (v.52). ഇല്ല, നമ്മൾ നൽകിയ നൊമ്പരങ്ങളുടെ കണക്കുമായല്ല അവൻ പിതാവിന്റെ പക്കലേക്ക് തിരിക്കുന്നത്. നമ്മൾ നൽകിയ കൊച്ചു നന്മകളും ചേർത്തുവച്ചുകൊണ്ട് തന്നെയാണ്.
മൂന്നു സത്യങ്ങൾക്ക് സാക്ഷ്യം നൽകാനാണ് ഉത്ഥിതൻ നമ്മോട് ആവശ്യപ്പെടുന്നത്. ഒന്ന്, കുരിശിന്റെ നിയമമാണ്. ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വിഷയമാകാത്ത ഒരു പ്രഘോഷണവും നിനക്കുണ്ടാകരുത്. രണ്ട്, മാനസാന്തരം: ഉന്നതവും സുന്ദരവുമായ സത്യമാർഗത്തിലേക്കുള്ള ഏക വാതിലാണത്. മൂന്ന്, പാപമോചനം: വീണു പോയാലും ജീവിതം പുനരാരംഭിക്കാനുള്ള സാധ്യതയായി ക്ഷമിക്കുന്ന സ്നേഹം കയ്യെത്തും ദൂരത്ത് എപ്പോഴുമുണ്ട് എന്ന ബോധ്യം.
അവൻ അവരിൽ നിന്നും മറയുകയും സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടുവെന്നും സുവിശേഷകൻ പറയുന്നു. അവൻ മറഞ്ഞത് മേഘങ്ങൾക്കപ്പുറത്തേക്കല്ല, നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലേക്കാണ്. നമ്മുടെ ഹൃദയമാണ് അവന്റെ സ്വർഗ്ഗം. അവൻ നമ്മുടെ ഓരോരുത്തരുടെയും വലതുവശത്ത് ഉപവിഷ്ടനായിരിക്കുന്നു. എല്ലാ സൃഷ്ടികളുടെയും ഉള്ളിലുണ്ട് അവൻ. കല്ലിന്റെ കാഠിന്യത്തിലും താരാഗണങ്ങളുടെ സംഗീതത്തിലും പ്രഭാതത്തിലെ കിരണങ്ങളിലും പ്രണയികളുടെ ആലിംഗനത്തിലും സ്നേഹത്തെ പ്രതിയുള്ള ത്യാഗങ്ങളിലും അവനുണ്ട്. ഇനി സഹജൻ നരകമല്ല, സ്വർഗ്ഗമാണ്. എന്റെ തമ്പുരാൻ വസിക്കുന്ന ഇടമാണവൻ.