ഒന്നാം വായന: വെളിപാട് 7:2-4, 9-14
രണ്ടാം വായന: 1 യോഹന്നാൻ 3:1-3
സുവിശേഷം: വി.മത്തായി 5:1-12.
ദിവ്യബലിക്ക് ആമുഖം
“കണ്ടാലും എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്, ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു” എന്ന രണ്ടാം വായനയിലെ തിരുവചനങ്ങളോടെയാണ് സകലവിശുദ്ധരുടെയും തിരുനാളിൽ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. നാലാം നൂറ്റാണ്ടുമുതൽ ആഘോഷിക്കുന്ന ഈ വിശ്വാസമഹോത്സവം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുക മാത്രമല്ല, വിശുദ്ധ ജീവിതം നയിച്ച് ദൈവത്തോടൊപ്പം ആയിരിക്കുന്ന എല്ലാ വിശുദ്ധരെ കുറിച്ചും ഓർമിപ്പിക്കുന്നു. ഇന്നേദിവസം നാം വി.മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള സുവിശേഷം ഭാഗ്യങ്ങളും, വെളിപാട് പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയും ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
ഇന്നത്തെ തിരുനാളിന്റെയും, നാമിന്ന് ശ്രവിച്ച തിരുവചനങ്ങളുടെയും അടിസ്ഥാനത്തിൽ നമുക്കീ വിചിന്തനത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാം.
1) വിശുദ്ധിയിലേക്കുള്ള വഴി സഹനത്തിന്റേതാണ്
ഇന്നത്തെ തിരുവചനങ്ങൾ നമുക്ക് ശുഭാപ്തി വിശ്വാസം നൽകുന്നതാണ്. പ്രത്യേകിച്ച്, യേശുവിനെ Magnacarta (മാഗ്നകാർത്ത) എന്ന് വിശേഷിപ്പിക്കാവുന്ന സുവിശേഷ ഭാഗ്യങ്ങളും, വെളിപാട് പുസ്തകത്തിലെ സ്വർഗ്ഗീയ ജെറുസലേമിൽ വിശുദ്ധർക്ക് ലഭിക്കുന്ന പ്രതിഫലവുമെല്ലാം ഈ ലോകത്തിൽ ക്രിസ്തുവിന്റെ പേരിൽ സഹനത്തിലൂടെ കടന്നുപോകുന്നവന് ദൈവം നൽകുന്ന സ്വർഗീയ സമ്മാനങ്ങളെ കുറിച്ചുള്ള വിവരണമാണ്. സുവിശേഷഭാഗ്യങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞാൽ, വിശുദ്ധനാകാൻ ആഗ്രഹിക്കുന്നവൻ ആത്മാവിൽ ദരിദ്രനായിരിക്കണം; അവന്റെ സമ്പത്ത് ദൈവം മാത്രമായിരിക്കണം എന്നർത്ഥം. അവൻ വിലപിക്കേണ്ടിവരും, അവൻ ശാന്തശീലനായിരിക്കണം, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവനായിരിക്കണം, അവൻ കരുണ കാണിക്കണം, അവൻ ഹൃദയശുദ്ധി ഉണ്ടാകണം, സമാധാനം സ്ഥാപിക്കുന്നവനായിരിക്കണം, അവൻ സമൂഹത്തിൽ വെറുപ്പും അശാന്തിയും വിഭാഗീയതയും ഉണ്ടാക്കുന്നവനാകരുത് എന്ന് സാരം. കൂടാതെ, നീതിക്കുവേണ്ടി പീഡനമേൽക്കേണ്ടിവരും; യേശുവിനെപ്രതി മനുഷ്യരാൽ അവഹേളിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, വ്യാജാരോപണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന ഒരു ജീവിതമായിരിക്കും അവന്റേത്. ജീവിതത്തിൽ വ്യത്യസ്തങ്ങളായ സഹന ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന, നന്മയാഗ്രഹിക്കുന്ന എല്ലാവർക്കും യേശു പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. യേശുവിനെ പ്രതി വിശുദ്ധനാകാനും, വിശുദ്ധമായ ജീവിതം നയിക്കാനും നാം ഭയപ്പെടേണ്ട. നമ്മുടെ സഹനങ്ങളുടെയെല്ലാം അവസാനം നാം യേശുവിനോടൊപ്പം വലിയ സന്തോഷം അനുഭവിക്കും.
ഇത്തരത്തിൽ സഹനത്തിന്റെ അവസാനം ആഹ്ലാദ ഭരിതരായി ദൈവസന്നിധിയിലായിരിക്കുന്ന വിശ്വാസ സമൂഹത്തെ നാമിന്ന് വെളിപാട് പുസ്തകത്തിൽ ഒന്നാം വായനയിൽ ശ്രവിച്ചു. എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം; സകല ജനതകളിലും, ഗോത്രങ്ങളിലും, രാജ്യങ്ങളിലും, ഭാഷകളിലും നിന്നുള്ളവർ. അവർ വെള്ളയങ്കിയണിഞ്ഞിരിക്കുന്നു. ഇവരെ കണ്ടു കൊണ്ട് “വെള്ളയങ്കിയണിഞ്ഞ ഇവർ ആരാണ്? ഇവർ എവിടെ നിന്ന് വരുന്നു?” എന്ന ശ്രേഷ്ഠന്റെ ചോദ്യത്തിന്റെ ഉത്തരം ഇപ്രകാരമാണ്: “ഇവരാണ് വലിയ ഞെരുക്കത്തിൽ നിന്ന് വന്നവർ” അതായത്, ഇവരാണ് സുവിശേഷഭാഗ്യങ്ങൾ ഭൂമിയിൽ ജീവിച്ചവർ എന്നർത്ഥം. “ഇവരാണ് കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവർ”. ഈ വാക്കുകൾ ഒരു വിരോധാഭാസം പോലെ തോന്നാം. ‘ചുവന്ന രക്തത്താൽ എപ്രകാരമാണ് വസ്ത്രം വെളുപ്പിക്കാൻ സാധിക്കുന്നത്?’. ഇവിടെ കുഞ്ഞാടിന്റെ രക്തം എന്നത് യേശുവിനെ സ്നേഹമാണ്, യേശു കാൽവരിയിൽ ചൊരിഞ്ഞ രക്തം. ഈ സ്നേഹത്താലാണ് നമ്മുടെ ജീവിതത്തെ നാം ദൈനംദിനം ശുദ്ധീകരിക്കേണ്ടത്. നമ്മുടെ പാപങ്ങളിൽനിന്നും, ഹൃദയകാഠിന്യത്തിൽ നിന്നും, വെറുപ്പിൽ നിന്നും, നിരാശയിൽ നിന്നും യേശുവിൻ സ്നേഹത്താൽ നാം നമ്മുടെ ജീവിതത്തെ കഴുകി വിശുദ്ധീകരിക്കണം. വിശുദ്ധമായ ജീവിതം ഈ ആത്മീയ ശുദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
2) ആരും വിശുദ്ധരായി ജനിക്കുന്നില്ല – ജീവിതത്തിൽ വിശുദ്ധരാകുകയാണ്
നമ്മുടെ വിചിന്തനത്തിന്റെ രണ്ടാമത്തെ ഭാഗം വിശുദ്ധനാകാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആന്തരിക ജീവിതത്തെക്കുറിച്ചാണ്. അവിടെ നെഗറ്റീവും പോസിറ്റീവുമുണ്ട്, ശക്തിയും ബലഹീനതയുമുണ്ട്. ഈ വിചിന്തനത്തെ വ്യക്തമാക്കാൻ ഒരു സംഭവം വിവരിക്കാം. കൈയ്യക്ഷരം വിശകലനം ചെയ്യുന്ന ശാസ്ത്രശാഖയാണ് ഗ്രാഫോളജി (Graphology). ഒരു വ്യക്തിയുടെ കയ്യക്ഷരത്തിലെ അക്ഷരങ്ങളുടെ വലുപ്പച്ചെറുപ്പം, അകലം, ചരിവ്, ശൈലി എന്നിവ വിശകലനം ചെയ്ത് അത് എഴുതിയ ആളുടെ സ്വഭാവവും, പ്രത്യേകതകളും നിർണയിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഗ്രാഫോളജിയിൽ അഗ്രഗണ്യനായ ഒരു ഒരു കപ്പൂച്ചിൻ വൈദീകൻ ദക്ഷിണ ജർമനിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ സഹവൈദികൻ രണ്ട് കയ്യെഴുത്തുപ്രതികൾ കൊണ്ടുവന്ന് കൊടുത്തതിനുശേഷം, കയ്യെഴുത്തുപ്രതികളിലെ അക്ഷരങ്ങൾ വിശകലനം ചെയ്ത് അതെഴുതിയ വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ച് പറയുവാൻ ആവശ്യപ്പെട്ടു. അതിൽ ആദ്യത്തേത് ഒരു പുരുഷന്റെയാണെന്നും, രണ്ടാമത്തെ കൈയെഴുത്തുപ്രതി ഒരു സ്ത്രീയുടെതാണെന്നും പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം കയ്യക്ഷര വിശകലന പണ്ഡിതനായ വൈദികൻ പറഞ്ഞു: ആദ്യത്തെ കൈയ്യെഴുത്തുപ്രതിയുടെ ഉടമ പരിഭ്രാന്തിയുള്ളവനും, അരക്ഷിതാവസ്ഥ പ്രകടിപ്പിക്കുന്നവനും, കോപിക്കാൻ സാധ്യതയുള്ളവനും, പെട്ടെന്ന് വികാരാധീനനാകുന്നവനും; അതോടൊപ്പം അനുകമ്പയും, ദയയും, സഹാനുഭൂതിയും പ്രകടിപ്പിക്കുന്നവനുമാണ്. രണ്ടാമത്തെ കയ്യക്ഷരത്തിന് ഉടമയായ സ്ത്രീയാകട്ടെ ആത്മവിശ്വാസമുള്ളവളും, ക്രിയാത്മകമായ ചിന്തയുള്ളവളും, ബുദ്ധിമതിയും; അതേസമയംതന്നെ കീഴടക്കി ഭരിക്കുന്നവളും, അസൂയ പ്രകടിപ്പിക്കാൻ സാധ്യതയുള്ളവളും, കാര്യങ്ങൾ തന്റെ ഇഷ്ടത്തിനനുസരിച്ച് നീങ്ങിയില്ലെങ്കിൽ പെട്ടെന്ന് കോപിക്കുന്നവളുമായിരിക്കും. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പറഞ്ഞു കഴിഞ്ഞപ്പോൾ കൈയ്യെഴുത്തുപ്രതി കൊണ്ടുവന്ന വൈദികൻ പറഞ്ഞത് ഇപ്രകാരമാണ്. ആദ്യത്തെ കയ്യക്ഷരം വിശുദ്ധ ഫ്രാൻസിസ് അസീസിയുടേതാണ്; രണ്ടാമത്തേത് ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെയും.
മനുഷ്യ സ്വഭാവത്തിന്റെ പ്രത്യേകത ഈ വിവരണം വ്യക്തമാക്കുന്നു. എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്. പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും, ബലഹീനത പരിപോഷിപ്പിക്കുകയും, എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. ദൈവത്തിലെ ആഴമേറിയ വിശ്വാസത്തിലൂടെ മാത്രമേ ജീവിതത്തിൽ ‘ശക്തി’യെ ജീവിക്കാനും, ബലഹീനതയെ സഹിക്കുവാനും സാധിക്കുകയുള്ളൂ. എല്ലാ വിശുദ്ധരും തങ്ങളുടെ ജീവിതത്തിൽ ഈ ആഴമേറിയ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് മുന്നേറിയവരാണ്.
ഇന്ന് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു കൊണ്ട് തിരുസഭ ജ്ഞാനസ്നാനം സ്വീകരിച്ച നമ്മെ എല്ലാവരെയും വിശുദ്ധരാകാൻ ക്ഷണിക്കുമ്പോൾ; യേശുവിന്റെ സ്നേഹ രക്തത്താൽ ശുദ്ധീകരിച്ച്, ‘ശക്തി’യെ ജീവിച്ച് ‘ബലഹീനത’യെ സഹിച്ച് നമുക്ക് മുന്നേറാം.
ആമേൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.