All Saints Day_Year A_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)
യുക്തിയുടെ വൈപരിത്യമാണ് സുവിശേഷഭാഗ്യങ്ങളുടെ പ്രത്യേകത...
സകല വിശുദ്ധരുടെയും തിരുനാൾ
ആരാണ് വിശുദ്ധർ? സുവിശേഷഭാഗ്യങ്ങളെ സ്വത്വത്തിലേക്കാവഹിച്ച ഒരു കൂട്ടം സാധാരണ മനുഷ്യരാണവർ. അവരും നമ്മളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? പച്ച മനുഷ്യരായ പാപവാസനയുള്ളവർ എന്ന നിലയിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ എല്ലാ ദൗർബല്യങ്ങൾക്കും മുകളിൽ ദൈവിക ചോദനയ്ക്ക് പ്രാധാന്യം കൊടുത്തവരാണവർ. എന്താണ് ദൈവീക ചോദന? അതിനുള്ള ഉത്തരമാണ് സുവിശേഷ ഭാഗ്യങ്ങളിലെ പുണ്യങ്ങൾ. ക്രിസ്തു പഠനങ്ങളുടെ കാതലാണത്. മാനുഷികതയുടെ ഏറ്റവും ലാവണ്യം നിറഞ്ഞ പരികൽപന. ആചാരാനുഷ്ഠാനങ്ങളിൽ ആശ്രിതമായ വിശുദ്ധി എന്ന സങ്കൽപ്പത്തെ തകിടം മറിച്ചു മാനവികതയുടെ പൂർണതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുണ്യങ്ങൾ. വിശുദ്ധി ഒരു പ്രതിസംസ്കാരമായി (counter-culture) മാറുന്നത് സുവിശേഷഭാഗ്യങ്ങൾ ഒരു ജീവിതശൈലിയായി പരിണമിക്കുമ്പോൾ മാത്രമാണ്. അല്ലാത്ത കാലത്തോളം ആചാരാനുഷ്ഠാനങ്ങളോടുള്ള വിശ്വസ്തതയെ നമ്മൾ വിശുദ്ധി എന്ന് വിളിച്ചു വാനോളം പുകഴ്ത്തി കൊണ്ടിരിക്കും.
ആനന്ദത്തിന്റെ പര്യായമാണ് വിശുദ്ധി. അതുകൊണ്ടാണ് യേശു അതിനു ഭാഗ്യം എന്നു വിളിക്കുന്നത്. അവൻ വരയ്ക്കുന്നത് മനുഷ്യന്റെ ആനന്ദത്തെ പരിപോഷിപ്പിക്കുന്ന ഒരു ദൈവത്തിന്റെ ചിത്രമാണ്. ദൈവികാനന്ദം അനുഭവിക്കുന്നവരാണ് ഭാഗ്യവാന്മാർ. അതിനെ അവൻ ആർദ്രമായ പദങ്ങളിലൂടെ വിവരിക്കുമ്പോൾ ഉണർവുള്ളവർക്ക് അതിനുള്ളിലെ മറുലോകത്തെ തിരിച്ചറിയാൻ സാധിക്കും.
നമുക്കറിയാം, ചരിത്രം തോറ്റവരുടെതല്ല. വിജയികളുടെതാണ്. തോറ്റവർ മൺമറയുന്നു. വിജയികൾ ശവക്കല്ലറയും തകർത്തു ഉയിർത്തെഴുന്നേൽക്കുന്നു. ചരിത്രം ഒരിക്കലും തോറ്റുപോയവരെ ഒരു കൈത്താങ്ങ് നൽകി ഉയർത്തിയിട്ടില്ല. ജയിച്ചവർക്ക് വേണ്ടി വാഴ്ത്തു പാട്ടുകൾ പാടാൻ മാത്രമേ അതിനറിയു. നോക്കുക, ചരിത്രത്തിന്റെ യുക്തിയുടെ അപചയമാണ് സുവിശേഷഭാഗ്യങ്ങൾ. അതു വാഴ്ത്തുന്നത് ദരിദ്രരെയാണ്, വിലപിക്കുന്നവരെയാണ്, പീഡിതരെയാണ്, വീണുപോയവരെയാണ്… സ്നേഹത്തെ പ്രതി സ്വയം ശൂന്യനായവനിൽ നിന്നും വെട്ടിപ്പിടിക്കലിന്റെയോ അടിച്ചമർത്തലിന്റെയോ ഒരു ഉണർത്തുപാട്ട് ഒരിക്കലും വരില്ല. അവൻ തോറ്റു പോയവരുടെ ദൈവമാണ്. തിന്മയെ നന്മകൊണ്ട് നേരിടുന്ന ദൈവം. അതുകൊണ്ടാണ് സ്നേഹിക്കുന്നവർക്ക് ദൈവം നൽകുന്ന സമ്മാനമാണ് വിശുദ്ധി എന്നു പറയുന്നത്. സഹജന്റെ സന്തോഷത്തിന് ഹേതുവായി മാറുന്ന ഒരുവനു ദൈവം നൽകുന്ന പ്രതിഫലമാണത്.
യുക്തിയുടെ വൈപരിത്യമാണ് സുവിശേഷഭാഗ്യങ്ങളുടെ പ്രത്യേകത. ധനത്തിന്റെ, സംതൃപ്തിയുടെ, അക്രമത്തിന്റെ, അനീതിയുടെ, സ്വാർത്ഥതയുടെ, അശുദ്ധിയുടെ, വെറുപ്പിന്റെ, കാപട്യത്തിന്റെ യുക്തിവിചാരങ്ങൾക്ക് വിപരീതമായി ഒരു ജീവിതശൈലി ഇന്ന് സാധ്യമാണെങ്കിൽ അതുകൊണ്ടു വരുന്ന മാറ്റം സാമൂഹികം മാത്രമല്ല സ്വർഗ്ഗോന്മുഖവുമാണ്. നാളെയിലേക്കല്ല, ഇന്നിന്റെ നിറവിലേക്ക് തുറന്നു കിടക്കുന്ന വാഗ്ദാനങ്ങളാണവകൾ. അത് രൂപപ്പെടുത്തുന്നത് സ്വർഗ്ഗരാജ്യം തന്നെയാണ്.
ദാരിദ്ര്യത്തിന്റെ ആനന്ദാവസ്ഥ വിവരിച്ചുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾ ആരംഭിക്കുന്നത്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ! ഒരു സമൃദ്ധിയുടെ സുവിശേഷം ഇവിടെയില്ല. ദരിദ്രർ ധനവാന്മാരാകും എന്ന ഒരു വിപര്യാസം ഇവിടെ പ്രതീക്ഷിക്കുകയും വേണ്ട. എല്ലാ ഭൗതിക നേട്ടങ്ങളും നൽകുന്ന ദൈവത്തെ പ്രതീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ പഠനങ്ങളെ സമീപിക്കരുത്. ആന്തരികതയുടെ താഴ്മയാണ് ദൈവരാജ്യത്തിന്റെ നെടുംതൂണ്.
മാനുഷികതയുടെ പൂർണതയുള്ളവരാണ് വിശുദ്ധർ. അതു തന്നെയാണ് ദൈവീകതയും. ആ ദൈവികതയുടെ സ്വാതന്ത്ര്യവും അത് പ്രധാനം ചെയ്യുന്ന ഭാവിയും അവരുടെ ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലുമുണ്ട്. ശാന്തശീലർ, നീതിക്കുവേണ്ടി വിശക്കുന്നവർ, കരുണയുള്ളവർ, ഹൃദയശുദ്ധിയുള്ളവർ, സമാധാനപാലകർ… അവരിലാണ് ഭൂമിയുടെ ഭാവി.
സമൃദ്ധിയുടെ കൽകൊട്ടാരങ്ങൾ തലയുയർത്തി നിൽക്കുന്ന ഇടങ്ങളുടെ ഓരം ചേർന്നു അഴുക്കുചാലുകളും വർദ്ധിക്കുന്നുണ്ടെന്ന കാര്യം അവഗണിക്കാൻ സാധികാത്ത ഒരു യാഥാർത്ഥ്യമാണ്. ദാരിദ്ര്യവും അവഗണനയും മൗനം പേറി കഴിയുന്നിടമാണത്. അവരെ കാണാതെയും മനസ്സിലാക്കാതെയും അവരുടെ ഹൃദയത്തുടിപ്പുകൾ അറിയാതെയും പ്രഘോഷിക്കുന്ന ഒരു ആത്മീയതയും ഭൂമിക്ക് ഒരിക്കലും ആശ്വാസമാകില്ല. എളിയവരുടെ, വിലപിക്കുന്നവരുടെ, വിശക്കുന്നവരുടെ കണ്ണുകളിലൂടെ ലോകത്തെ കാണുന്നവനു മാത്രമേ ക്രിസ്തു വിഭാവനം ചെയ്യുന്ന വിശുദ്ധി എന്ന സങ്കല്പത്തിന്റെ പടവുകൾ കയറാൻ സാധിക്കു. സാമൂഹിക പ്രതിഛായയുടെ ധാർമികതയല്ല അവന്റെ പാഠങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിശുദ്ധി. സാമൂഹിക പ്രതിഛായയും കാപട്യവും തമ്മിൽ ഒരു അന്തർധാര ഉണ്ടെന്നറിഞ്ഞത് കൊണ്ടായിരിക്കണം വിശുദ്ധർ എന്ന് സ്വയം കരുതിയിരുന്ന ഫരിസേയരേയും സദുക്കായാരേയും അവൻ വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് വിളിച്ചത്.
ആർദ്രതയാണ് സുവിശേഷഭാഗ്യങ്ങളുടെ പൊതുഭാവാർത്ഥം. ആർദ്രതയിൽ നിന്നും മാത്രമേ ഒരുവന് ആത്മാവിൽ ദരിദ്രനാകാനും, ആർക്കൊക്കെയോ വേണ്ടി വിലപിക്കാനും, ശാന്തശീലനാകാനും, നീതിക്കുവേണ്ടി വിശക്കാനും, കരുണയുള്ള ഹൃദയം പേറാനും, ഹൃദയശുദ്ധിയുള്ളവനാകാനും, സമാധാനം സ്ഥാപിക്കാനും, നീതിക്കു വേണ്ടി പീഡനം സഹിക്കാനും സാധിക്കു. അവർ ഒരിക്കലും ഭൂമിക്കൊരു ഭാരമാകില്ല. വിശുദ്ധിയുടെ പരിമളം പടർത്തി അവർ സഹജരുടെ ഹൃദയങ്ങളിൽ ആർദ്രതയുടെ കൂടുകൂട്ടി അലമുറകളൊ ആർഭാടങ്ങളൊ ഇല്ലാതെ നിശബ്ദമായി കടന്നു പോകും. അങ്ങനെയുള്ളവർ നമ്മുടെ ഇടതും വലതും ഉണ്ട്. അവരെ കാണാതെ, അവരെ അറിയാതെ, അവരിൽ നിന്നും ഒന്നും പഠിക്കാതെ പോയതു മാത്രമാണ് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാതകം.