Meditation

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ജീവിതത്തിൽ ചില പ്രതിസന്ധികൾ വരുമ്പോഴാണ് ദൈവത്തെ കുറിച്ചുള്ള വികലമായ പ്രതിച്ഛായകൾ ശുദ്ധീകരിക്കപ്പെടുന്നത്...

ആഗമനകാലം മൂന്നാം ഞായർ

സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ യേശുവിൽ നിറഞ്ഞുനിൽക്കുന്നത് വിധിയല്ല, ആർദ്രതയാണ്. സ്നേഹം മാത്രം. ആരെയും മാറ്റിനിർത്താത്ത സ്നേഹം. അർഹതയുള്ളവരുടെയും അല്ലാത്തവരുടെയും മേൽ ഒരുപോലെ സൂര്യനെ പ്രകാശിപ്പിക്കുന്ന സ്നേഹം. ശിക്ഷിക്കാനല്ല, രക്ഷിക്കാൻ വന്നവനാണവൻ. യേശുവിൽ യോഹന്നാൻ പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ദൈവത്തിന്റെ പ്രതിച്ഛായ നിറയുന്നു… അത് അവനെ പ്രതിസന്ധിയിലാക്കുന്നു.

യേശുവിൻ്റെ വരവോടെ ഇന്നുവരെയുണ്ടായിരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിക്കുന്നു. ദൈവം ആരെയും കീഴടക്കുന്നില്ല. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കാരണം, അവൻ ശുദ്ധമായ ദാനമാണ്. ഹെറോദേസിന്റെ തടവറയിലെ ഏകാന്തതയിൽ ആയിരിക്കുന്ന സ്നാപകന് അവയൊന്നും മനസ്സിലാകുന്നില്ല. അവൻ ഒരു സന്ദേശം അയക്കുന്നു: “വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?” (11: 3). ദൈവത്തിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതും ദൈവം യഥാർത്ഥത്തിൽ എന്താണെന്നും തമ്മിലുള്ള അന്തരം ഈ ചോദ്യം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും സംശയങ്ങൾ യോഹന്നാനെ ചെറുതാക്കുന്നില്ല. മറിച്ച്, അവ അവനെ കൂടുതൽ വലുതും നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധിയുമാക്കുന്നു. നമ്മിലുമുണ്ട് ഇതുപോലെയുള്ള ആശയക്കുഴപ്പങ്ങൾ. വിശുദ്ധന്മാരിൽ പോലും ഉണ്ടായിട്ടുണ്ട് അവ. നമ്മുടെ ജീവിതത്തിൽ ചില പ്രതിസന്ധികൾ വരുമ്പോഴാണ് ദൈവത്തെ കുറിച്ചുള്ള വികലമായ പ്രതിച്ഛായകൾ ശുദ്ധീകരിക്കപ്പെടുന്നത്.

എങ്കിലും, ഈ ചോദ്യങ്ങൾക്കെല്ലാം ഇടയിൽ, ഒരു തിളക്കമുള്ള ഉറപ്പ് അവശേഷിക്കുന്നുണ്ട്: ദൈവം സ്വയം വെളിപ്പെടുത്തുന്നത് നമ്മൾ സ്വതന്ത്ര മനസ്സോടെ അവനിൽ വിശ്വസിക്കാനാണ്.

സംശയങ്ങളുമായി വരുന്നവരോട് യേശു വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നില്ല, ഏതെങ്കിലും സിദ്ധാന്തങ്ങളിൽ അവൻ കുടുങ്ങിപ്പോകുന്നുമില്ല. അവൻ തന്റെ കൈവശമുള്ള ഏറ്റവും ശക്തമായ തെളിവുകളിലൂടെ പ്രതികരിക്കുന്നു: തൻ്റെ ചുറ്റും പുനർജനിക്കുന്ന ജീവിതങ്ങൾ. “നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു” (11 : 4-5).

ചില ചോദ്യങ്ങൾക്ക് ഉത്തരമായി ന്യായവാദങ്ങൾ ഒന്നും ആവശ്യമില്ല. കൂടുതൽ ആഴത്തിൽ ആഴ്ന്നിറങ്ങാൻ കഴിയുന്ന ഒരു നോട്ടം മാത്രം മതി. പലപ്പോഴും, നമ്മുടെ ജീവിതത്തെ ഉപരിതലത്തിൽ മാത്രം നിരീക്ഷിച്ചാൽ, എല്ലാം ഒരു പരാജയമോ തെറ്റായ പാതയോ പോലെ തോന്നാം. എന്നാൽ നമ്മൾ കാര്യങ്ങളുടെ പുറംതോടിന്റെ ഉള്ളിലേക്ക് ഇറങ്ങുമ്പോൾ, ദൈവം നിശബ്ദമായി പ്രവർത്തിച്ചിരുന്നുവെന്ന് നമ്മൾ കണ്ടെത്തും.
കർത്താവ് കടന്നുപോകുന്നിടത്ത്, ജീവിതം തഴച്ചുവളരുന്നു. അതൊരു ലളിതമായ നിയമമാണ്. യേശു പറയുന്നത് ഫലങ്ങളെ നോക്കുവാനാണ്. യേശുവുമായുള്ള നമ്മുടെ കൂടിക്കാഴ്ച എന്തെങ്കിലും നന്മയിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ, നമ്മൾ ശരിയായ പാതയിലാണ്. പക്ഷെ, അവനെ കണ്ടുമുട്ടിയതിനുശേഷവും നമ്മൾ ഇപ്പോഴും പഴയതുപോലെ തന്നെയാണെങ്കിൽ, ഒരു മാറ്റവുമില്ലെങ്കിൽ, ഒരുപക്ഷേ അവനുമായുള്ള നമ്മളുടെ ബന്ധത്തിൽ എന്തോ തടസ്സം സംഭവിച്ചിരിക്കാം.

യേശുവിനോടൊപ്പം സ്ഥിരം കാണുന്നവരെയാണ് അവൻ സ്നാപകന് തെളിവായി നൽകുന്നത്. ആറ് കൂട്ടരാണ് അവർ: അന്ധർ, വികലാംഗർ, കുഷ്ഠരോഗികൾ, ബധിരർ, മരിച്ചവർ, ദരിദ്രർ. അപൂർണ്ണമാണ് ഈ കൂട്ടം. അത് പൂർണ്ണമാകണമെങ്കിൽ ഒരാൾ കൂടി വേണം. അത് ഞാനും നീയും ആണ്. അവരുടെ കൂട്ടത്തിൽ യേശുവിന് പറയാൻ നമ്മുടെ പേരും ഉണ്ടാകണം. അവന് ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതവും ഉണ്ടെങ്കിൽ, അതാണ് ക്രൈസ്തവ ചാരിതാർത്ഥ്യം.

“എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍” (11 : 6). കരുണയാണ് യഥാർത്ഥ ഇടർച്ച. അതായത്, പ്രതിഫലം ലഭിക്കേണ്ട നന്മയെയും ശിക്ഷിക്കപ്പെടേണ്ട തിന്മയെയും വേർതിരിക്കാതെ, എല്ലാവർക്കും വേണ്ടി തന്റെ കൈകൾ തുറക്കുന്ന ഒരു ദൈവമാണവൻ. യോഗ്യത, ശിക്ഷ, ധാർമ്മികത തുടങ്ങിയ ചിന്തകളുടെ ചട്ടക്കൂട്ടിൽ വളർന്നവർക്ക് ആർദ്രനായ ആ ദൈവത്തെ ദഹിക്കാൻ പ്രയാസമുള്ള കാര്യമായിരിക്കും.
ഇവിടെ കാണുന്നത് ദരിദ്രനും നിസ്സഹായനുമായ മിശിഹായുടെ ചിത്രമാണ്. ഇതിൻ്റെ ഏറ്റവും നിസ്സഹമായ ചിത്രം നമ്മൾ കുരിശിൽ കാണും. അവിടെ അവൻ്റെ മുഖം തീർത്തും ദുർബലമായിരിക്കും. അങ്ങനെ അപമാനിതനും പരാജിതനുമായ മിശിഹായെ പ്രഘോഷിക്കുക എന്നത് ശിഷ്യരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി തന്നെയാണ്. അത് പലർക്കും ഇടർച്ചയാകും.

“യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ?” (11: 7). എന്തു പഠിക്കാൻ എന്നല്ല എന്ത് കാണാൻ എന്നാണ് അവൻ ചോദിക്കുന്നത്. കാരണം ദൈവം ഒരു സിദ്ധാന്തമല്ല, അവൻ ഒരു അനുഭവമാണ്. ആ അനുഭവം നമ്മിൽ മാനസാന്തരമായി മാറും. അപ്പോഴും യേശുവിനറിയാം നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നന്മയും തിന്മയും, നിഴലും വെളിച്ചവും ഒന്നിച്ചു നിലനിൽക്കുന്നുണ്ടെന്ന്. മാനസാന്തരം ആവശ്യമില്ലാത്ത നല്ലവരായി ആരുമില്ലെന്നും അവനറിയാം. ഒപ്പം സ്നേഹിക്കപ്പെടാൻ കഴിയാത്തത്ര മോശക്കാരായി ആരുമില്ലെന്നും അറിയാം. ഇവിടെയാണ് സുവിശേഷം വീണ്ടും ആരംഭിക്കുന്നത്; “നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി… അറിയിക്കുക”.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker