Advent 3rd Sunday_ലോകത്തിന്റെ പ്രകാശം (യോഹ 1:6-8, 19-28)
എന്റേതല്ലാത്ത, എന്നെക്കാൾ മുൻപേ വന്നിട്ടുള്ള, എനിക്ക് അപ്പുറത്തേക്ക് പോകുന്ന വാക്കുകൾ സംസാരിക്കുന്നവനാണ് ഞാൻ...
ആഗമനകാലം മൂന്നാം ഞായർ
ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ. സാക്ഷിയാണ്. വെളിച്ചത്തിന് സാക്ഷ്യം വഹിക്കാൻ വന്നവൻ. വെളിച്ചം മാത്രമാണ് അവന്റെ വിഷയം. വെളിച്ചം പകർന്നു നൽകുന്ന സൗഹൃദത്തിന്റെ തഴുകലാണ് അവൻ സ്വപ്നം കാണുന്ന ലോകവും. കയ്യെത്താ ദൂരത്തിൽ, അനന്തതയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു പ്രകാശകിരണത്തെക്കുറിച്ചല്ല അവൻ പ്രഘോഷിക്കുന്നത്, ഓരോ കുഞ്ഞു ഹൃദയത്തെയും, ഓരോ വ്യക്തി ചരിത്രത്തെയും പ്രകാശിപ്പിക്കുന്ന ഒരു സാധാരണ ഭൗമിക വെളിച്ചത്തെയാണ്; യേശുവിനെയാണ്.
വെളിച്ചത്തിന് സാക്ഷിയായി രക്തസാക്ഷിയായവനാണ് യോഹന്നാൻ. ദൈവത്തിലേക്ക് അടുക്കുംതോറും നമ്മിൽ ഒരു രൂപാന്തരം സംഭവിക്കുമെന്ന് അവൻ സാക്ഷ്യപ്പെടുത്തി. രൂപാന്തരം – ഒരുപിടി സ്വർഗ്ഗീയ വെളിച്ചം മുഖത്ത് പതിയുന്ന അനുഭവം. അമ്പരപ്പിക്കാനല്ല, നമ്മുടെ ഉള്ളിലുള്ള പല രൂപങ്ങളെയും വർണ്ണങ്ങളെയും ഉണർത്താനാണ്. നമ്മുടെ ചിന്തകളുടെയും കാഴ്ചകളുടെയും ചക്രവാളത്തെ വലുതാക്കാനാണ്. ഇതാണ് യോഹന്നാന്റെ ആദ്യ സന്ദേശം; പാപമല്ല മനുഷ്യ ചരിത്രത്തിന്റെ മൂലക്കല്ല്, കൃപയാണ്. ചെളിയല്ല, ഒരിക്കലും നിലയ്ക്കാത്ത സൂര്യപ്രകാശമാണ് നരവംശത്തിന്റെ അടിത്തറ.
യോഹന്നാന്റെ സാക്ഷ്യമാണ് ഓരോ ക്രൈസ്തവനിലും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം. നിരസനത്തിന്റെയും നാശത്തിന്റെയും ഭീഷണിപ്പെടുത്തലിന്റെയും വക്താക്കളാകുക എന്നത് ക്രൈസ്തവീകതയുടെ ചൈതന്യമല്ല. നമ്മുടെയിടയിലുള്ള ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അതിനെ മറ്റുള്ളവർക്ക് ചൂണ്ടി കാണിക്കുന്നവരായിരിക്കണം നമ്മൾ. അതിനായി നമുക്ക് തുറന്നിരിക്കുന്ന ആന്തരിക നേത്രങ്ങൾ ഉണ്ടാകണം. ഒരു തീർത്ഥാടകന്റെ പാദുകങ്ങൾ വേണം. പ്രകാശം വഹിക്കുന്ന ഒരു ഹൃദയവും ഉണ്ടാകണം. അപ്പോൾ നമ്മളും പറയും യോഹന്നാനെ പോലെ; “നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മധ്യേ നിൽപ്പുണ്ട്”.
പുരോഹിതരും ലേവ്യരും അടങ്ങിയ ഒരു അന്വേഷണ കമ്മീഷൻ ജെറുസലേമിൽ നിന്നും ജോർദാനക്കരെ എത്തിയിരിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാനല്ല, വെളിച്ചത്തിന് സാക്ഷ്യമായി വന്ന യോഹന്നാനെ കുടുക്കാനാണ്. നീ ആരാണ്? ഏലിയായാണോ? അതോ, ഏതെങ്കിലും പ്രവാചകനാണോ? എന്തിനാണ് നീ സ്നാനം നൽകുന്നത്? അങ്ങനെ ആറ് ചോദ്യങ്ങളാണ് അവർ അവനോട് ചോദിക്കുന്നത്. അതിൽ മൂന്നുപ്രാവശ്യം അവൻ “അല്ല” എന്ന് മറുപടി പറയുന്നു. “ഞാനാണ്” എന്ന് പറയുന്നതിനേക്കാൾ “ഞാനല്ല” എന്ന് പറയാനാണ് അവൻ ഇഷ്ടപ്പെടുന്നത്. അവരുടെ ചോദ്യങ്ങൾക്ക് “അതേ” എന്ന് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ലഭിക്കാവുന്ന ജനപ്രീതിയെ അവൻ ആത്മധൈര്യം കൊണ്ട് അതിജീവിക്കുന്നു. ഇതാണ് സാക്ഷ്യം. ആത്മവഞ്ചനയില്ലാത്ത ജീവിതവും നിലപാടും.
യോഹന്നാനെ കുറിച്ച് സുവിശേഷങ്ങൾ എന്താണ് പറയുന്നത്? ലളിതമായ ജീവിതം നയിച്ചവൻ. വെട്ടുകിളികൾ, കാട്ടുതേൻ, ഒട്ടകത്തോൽ… ജീവിതത്തോടു കൂട്ടിചേർക്കുവാൻ അധികം ഒന്നുമില്ലാത്തവൻ. ഉള്ളതിനെ ഓർത്തല്ല അവൻ അഭിമാനിക്കുന്നത്. ഇല്ലാത്തതിനെ ഓർത്താണ്. എന്തെങ്കിലും കൂട്ടിച്ചേർക്കാനല്ല അവൻ ആഗ്രഹിക്കുന്നത്, കുറയ്ക്കാനാണ്. കുറെ സ്വരൂപിച്ചു കൂട്ടുന്നതിലല്ല ജീവിതത്തിന്റെ ആനന്ദം, തൊങ്ങലായി കിടക്കുന്നതിനെയൊക്കെ പറിച്ചു മാറ്റുന്നതിലാണ്. അത്യാവശ്യമായതിലേക്കുള്ള ഒരു പാതയാണ് അവൻ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് അവൻ നൽകുന്ന പാഠം; സഞ്ചയത്തിലൂടെയല്ല ശിഥിലീകരണത്തിലൂടെയാണ് ഒരുവൻ പ്രവാചകനാകുന്നത്.
ഞാൻ ഒരു ശബ്ദമാണെന്നാണ് യോഹന്നാൻ പറയുന്നത്. എന്റേതല്ലാത്ത, എന്നെക്കാൾ മുൻപേ വന്നിട്ടുള്ള, എനിക്ക് അപ്പുറത്തേക്ക് പോകുന്ന വാക്കുകൾ സംസാരിക്കുന്നവനാണ് ഞാൻ. എനിക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തിന് സാക്ഷ്യം വഹിക്കുന്നവനാണ് ഞാൻ. അത് ദൈവമാണ്. എന്റെ ഐഡന്റിറ്റി ദൈവത്തിന്റെ പക്ഷത്താണ്. അവനാണ് എൻ്റെ ഉറവിടം. ദൈവം ഇല്ലെങ്കിൽ, ഞാനില്ല. അവന്റെ നാവിൽ നിന്നും വരുന്ന ഓരോ വാക്കിലുമാണ് എൻ്റെ ജീവനും.
പ്രവാചകന്റെ ശബ്ദം കഠിനമാണ്. അതിനു നമ്മെ തുറന്നുകാട്ടാൻ സാധിക്കും. അപ്പോൾ നമ്മൾ തിരിച്ചറിയും. ഞാൻ എന്റെ വേഷമോ പ്രതിച്ഛായയോ അല്ല. മറ്റുള്ളവർ എന്നെക്കുറിച്ച് പറയുന്നതല്ല ഞാൻ. എന്നെ മനുഷ്യനാക്കുന്നത് എന്നിലെ ദൈവീകതയാണ്. അതാണ് മനുഷ്യത്വത്തിന്റെ തനിമ. ജീവൻ ഉന്നതത്തിൽ നിന്നാണ് വരുന്നത്. അത് ഒരു അരുവിയിലെ ജലമെന്നപോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഒഴുകുന്നു. ഞാൻ ആ ജലമല്ല, പക്ഷേ അതില്ലാതെ ഞാനില്ല.
“നീ ആരാണ്?” ഞാൻ ആരാണെന്ന് എന്നോട് മന്ത്രിക്കുന്ന ഒരു ശബ്ദത്തിന്റെ ഭിക്ഷ തേടുകയാണ് ഞാൻ. ഒരു ദിവസം യേശു അതിന് ഉത്തരം നൽകും; നീ പ്രകാശമാണ്! ലോകത്തിന്റെ പ്രകാശം!