Categories: Meditation

Advent 2nd Sunday_Year C_മരുഭൂമിയിലെ ശബ്ദം (ലൂക്കാ 3:1-6)

പ്രവാചകൻ ഒരു ഉറപ്പു നൽകുന്നുണ്ട് സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുമെന്ന്...

ആഗമനകാലം രണ്ടാം ഞായർ

തീർത്തും രാജോചിതമായിട്ടാണ് ലൂക്കായുടെ സുവിശേഷം യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ചുള്ള വിവരണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടാണ് അത് തുടങ്ങുന്നത്. പക്ഷേ, പെട്ടെന്ന് തന്നെ ആ രാജകീയ വിവരണം ഹൈജാക്ക് ചെയ്യപ്പെടുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും. ആഖ്യാനം പിന്നീട് യൂദയായിലെ മരുഭൂമിയിലേക്ക് വഴിതിരിക്കപ്പെടുന്നു. സുവിശേഷം പറയുന്നു: “സഖറിയായുടെ പുത്രനായ യോഹന്നാന്‌ മരുഭൂമിയില്‍ വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി” (v.2).

അപരിമേയമായ വചനം ചരിത്രത്തിന്റെ പൂർണ്ണതയെന്നപോലെ ഒരു എളിയവനിലേക്ക് ഇറങ്ങിവരുന്നു. പറഞ്ഞുതുടങ്ങിയ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും ചരിത്രകഥകൾക്ക് എന്തോ കുറവുള്ളത് പോലെ തോന്നുന്നു. ദൈവവചനം ചരിത്രത്തിന്റെ മേൽ ഏതോ ഒരു നിർവൃതി കുത്തിവയ്ക്കുന്നു. അത് ഒരു ഉന്മാദലഹരിയിലെന്നപോലെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും യുക്തിയിൽ നിന്ന് സ്വയം ഉയർന്നു പൊങ്ങുന്നു. വലിയ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ മാത്രം ചുരുണ്ട് കിടന്നുറങ്ങിയ ചരിത്രം രാജകൊട്ടാരങ്ങളും അന്തഃപുരങ്ങളും ഉപേക്ഷിച്ചു മരുഭൂമിയിലേക്ക് യാത്ര തിരിക്കുന്നു.

എളിയവരെ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ ലോജിക്കാണ്. അവനാണല്ലോ ശക്തന്മാരെ സിംഹാസനത്തിൽ നിന്നും മറിച്ചിടുന്നവൻ. പാവങ്ങളുടെ കരങ്ങളിൽ രാജഭരണത്തിന്റെ താക്കോൽ ഏൽപ്പിക്കുന്ന യുക്തി അവന് മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ദൈവത്തെ സംബന്ധിച്ച് വചനത്താൽ കത്തിജ്വലിക്കുന്ന ഒരുവൻ മാത്രം മതി, ചരിത്രത്തിന്റെ ഗതിയെ പാടെ മാറ്റിമറിക്കുന്നതിന്.

ആരായിരിക്കും ഇനി ചരിത്രത്തിന്റെ താളുകളിൽ തെളിഞ്ഞു നിൽക്കുക? ശരിയാണ്, ഹേറോദേസിന്റെ ഒരു മങ്ങിയ ചിത്രം അവിടെയുണ്ടാകും. പക്ഷേ, ആ ചിത്രത്തിൽ ഒത്തിരി കുരുന്നുകളുടെ രക്തക്കറയുമുണ്ടാകും. പീലാത്തോസും അവിടെ ഉണ്ടാകും, നിഷ്കളങ്കന്റെ മരണത്തിന് കൂട്ടുനിന്ന ഭരണാധികാരി എന്ന നിലയിൽ. അപ്പോഴും ഓർക്കുക, നന്മയുടെ വിത്തുകൾ ചിന്തകളായും വാക്കുകളായും പ്രവർത്തികളായും വിതച്ചിട്ടുള്ളവരുടെ ചിത്രങ്ങൾ മാത്രമാണ് ചരിത്രത്തിന്റെ താളുകളിൽ ഇപ്പോഴും ശോഭയോടെ നിൽക്കുന്നത്. കാരണം, അവർ വിതച്ച വിത്തുകൾ സ്വർഗ്ഗത്തിന്റെ വിത്തുകളായിരുന്നു.

“യോഹന്നാന് മരുഭൂമിയിൽ വച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി”. വചനം അവനിലേക്ക് ഇറങ്ങിവന്നു. അതെ, ദൈവത്തിന്റെ അരുളപ്പാട് ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ദൈവവചനം ഒരു അമ്മക്കിളിയെന്നപോലെ കൂട് അന്വേഷിച്ച് പറന്നു നടക്കുന്നു. നിത്യ പാന്ഥനെന്നപോലെ ഒരു ശാലീന ഹൃദയമന്വേഷിച്ച് തെരുവുകളിലൂടെ അലയുന്നു. അക്ഷരകൂട്ടായി മാറുന്നതിനു വേണ്ടി വചനം അതിന്റെ ലിപികളെ തേടുന്നു. ഓർക്കുക, ഒരു പ്രവാചകനായി തീരുവാൻ സാധിക്കാത്ത തരത്തിൽ ആരുംതന്നെ ദൈവത്തിന്റെ മുമ്പിൽ അത്രയ്ക്ക് പാപികളൊ ചെറുതൊ അല്ല.

“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;അവന്റെ പാത നേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും” (vv. 4-5).

മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം ചിത്രീകരിക്കുന്നത് കൈപ്പേറിയ കാര്യങ്ങളാണ്. ഹിംസയുടെ ചരിത്രത്തെ അത് സ്പർശിക്കുന്നുണ്ട്. കുന്നും മലകളുമെല്ലാം ഗ്രാമങ്ങൾക്ക് സംരക്ഷണം നൽകുന്ന മതിലുകളായിരുന്നു. താഴ്‌വരകൾ നികത്തപ്പെടുമെന്നു മാത്രല്ല സുവിശേഷം പറയുന്നത്, മലയിടുക്കുകൾ നികത്തപ്പെടുമെന്നും അത് ഉദ്ദേശിക്കുന്നുണ്ട് (φάραγξ എന്ന പദത്തിന് മലയിടുക്ക് എന്നും അർത്ഥമുണ്ട്). ശത്രുക്കളിൽ നിന്നുള്ള സംരക്ഷണമാണ് മലയിടുക്കുകൾ. ഇനി അത് വേണ്ട. വരുന്ന നാളുകളിൽ ശത്രുക്കളുണ്ടാവുകയില്ല. ഭയത്തിന്റെ ഒറ്റപ്പെടലൊ ഏകാന്തതയൊ ഇനിയുണ്ടാകില്ല. ഈ കുന്നും മലയും കന്ദരവുമെല്ലാം നമ്മുടെ ആന്തരികമായ ഭൂമിശാസ്ത്രം കൂടിയാണ്. ഉണങ്ങിയിട്ടില്ലാത്ത മുറിവുകളുടെ ഒരു ഭൂപടം നമുക്കുണ്ട്. മറ്റുള്ളവരിൽ നിന്നും മറഞ്ഞുനിൽക്കുന്നതിനായി ഉയർന്ന മലകളും, ആരും കടന്നു വരാതിരിക്കാനായി ആഴമുള്ള ഗർത്തങ്ങളും നമുക്കുണ്ട്. അതുകൊണ്ട് എല്ലാം പരുപരുത്തതായി അനുഭവപ്പെടുന്നു. ഒരു തുറവി നമുക്കും ആവശ്യമുണ്ട്, ഗർത്തങ്ങൾ നികത്തിയും മലകൾ നിരത്തിയും വളഞ്ഞ വഴികൾ നേരെയാക്കിയും മൃദുവായ പാതയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനായി.

പ്രവാചകൻ ഒരു ഉറപ്പു നൽകുന്നുണ്ട് സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുമെന്ന് (v.6). സകല മനുഷ്യരോ? അതെ, സകല മനുഷ്യരും. ദൈവം കടന്നുവരുകയാണ്, ഒരു ഗർത്തത്തിനോ മലയ്ക്കോ അവനെ തടഞ്ഞു നിർത്താൻ സാധിക്കുകയില്ല. വിരൂപമെന്നു നീ കരുതുന്ന നിന്റെ ഹൃദയം പോലും അവനൊരു തടസ്സമല്ല. അവൻ എല്ലാവരിലേക്കും കടന്നു വരും, തന്റെ വചനം കൊണ്ട് അവരുടെ മാനസത്തെ നിറയ്ക്കുകയും ചെയ്യും. അങ്ങനെ മാനവികതയും ദൈവികതയും ഒന്നായി മാറും.

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

17 hours ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

18 hours ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago