Categories: Sunday Homilies

അതിഥികളും ആതിഥേയനും

അതിഥികൾക്കും ആതിഥേയനും (ക്ഷണിക്കപ്പെട്ടവർക്കും ക്ഷണിക്കുന്നവനും) ഉപദേശം നൽകുന്നു...

ആണ്ടുവട്ടം ഇരുപത്തിരണ്ടാം ഞായർ

ഒന്നാം വായന: പ്രഭാഷകൻ 3:17-18.20.28-29
രണ്ടാം വായന: ഹെബ്രായർ:12:18-19.22-24
സുവിശേഷം: വി. ലൂക്ക: 14: 1.7-14

ദിവ്യബലിക്ക് ആമുഖം

ഉപദേശങ്ങളുടെ കലവറയാണ് ഇന്നത്തെ തിരുവചനങ്ങൾ. നീ എത്ര ഉന്നതൻ ആണോ അത്രമാത്രം വിനീതനായി ദൈവത്തിന്റെ പ്രീതിക്ക് പാത്രം ആകേണ്ടത് എങ്ങനെയെന്ന് പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. ‘തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും’ എന്ന തിരുവചനത്തോടുകൂടി ദൈവ രാജ്യത്തിലെ വിരുന്നിന് നമ്മെ അർഹരാക്കി തീർക്കുന്നത് എന്തെന്ന് സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നു. നമുക്ക് ഈ തിരുവചനങ്ങൾ ശ്രവിളിക്കാം ദിവ്യബലി അർപ്പിക്കാം.

ദൈവ വചന പ്രഘോഷണ കർമ്മം

ഇന്നത്തെ സുവിശേഷത്തിൽ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിൽ വിരുന്നിനെത്തിയ യേശുനാഥൻ അതിഥികൾക്കും ആതിഥേയനും (ക്ഷണിക്കപ്പെട്ടവർക്കും ക്ഷണിക്കുന്നവനും) ഉപദേശം നൽകുന്നു. ഈ വചനങ്ങളുടെ ആന്തരാർത്ഥം നമുക്ക് മനസ്സിലാക്കാം.

1) ക്ഷണിക്കപ്പെട്ടവർക്കുള്ള ഉപദേശം

ഈ ഉപദേശത്തിന്റെ അർത്ഥം അറിയുന്നതിന് യഹൂദരുടെ കാലത്തെ സൽക്കാര മര്യാദകൾ നമുക്ക് മനസ്സിലാക്കാം. സാബത്ത് ദിന പ്രാർത്ഥനകൾക്ക് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭക്ഷണത്തിന് സ്വഭവനത്തിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമായിരുന്നു. യഹൂദരുടെ സൽക്കാര രീതി അനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായിട്ടാണ് അതിഥികൾ ഇരുന്നിരുന്നത്. ഇതിലെ ഏറ്റവും പ്രധാന ഇരിപ്പിടങ്ങൾ ഏറ്റവും മുൻപിൽ ആയിരുന്നു. അതും മെത്ത പോലെയുള്ള ഇരിപ്പിടത്തിന് ഒത്ത നടുക്ക്. പ്രായം കൊണ്ടും സമൂഹത്തിലെ സ്ഥാന മഹിമ കൊണ്ടും ഉന്നതരായവർ ആണ് പ്രധാനമായും ഏറ്റവും പ്രധാന ഇരിപ്പിടങ്ങൾ കൈക്കലാക്കിയിരുന്നത്. ഇപ്രകാരം പ്രമുഖ സ്ഥാനങ്ങൾക്ക് അവർ മത്സരിക്കുന്നത് കണ്ടപ്പോഴാണ് സ്വയം എളിമപ്പെടുത്തി കൊണ്ട് ഏറ്റവും പുറകിലത്തെ ഇരിപ്പിടത്തിൽ ഇരുന്നവൻ പിന്നീട് ബഹുമാന്യനായി മുൻപന്തിയിലേക്ക് വരുന്ന യാഥാർത്ഥ്യത്തെ കുറിച്ച് യേശു പറയുന്നത്. അതേസമയം ആദ്യമേ തന്നെ സ്വയം വിശിഷ്ടമായ ഇരിപ്പിടം തിരഞ്ഞെടുത്തവനാകട്ടെ അവനെക്കാൾ മേന്മയേറിയവൻ വന്നപ്പോൾ ലജ്ജിതനായി തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നു.

ദൈവ രാജ്യത്തിന്റെ രഹസ്യം

ഈ ചെറിയ ഉപമയിലൂടെ യേശു ദൈവരാജ്യത്തിന്റെ മഹത്വം വെളിപ്പെടുത്തുകയാണ്. കല്യാണ വിരുന്ന് ദൈവരാജ്യം ആണ്. ആദ്യമേ തന്നെ വലിയവനാണെന്ന് സ്വയം ചമഞ്ഞ് വിശിഷ്ട ഇരിപ്പിടങ്ങൾ കരസ്ഥമാക്കുന്നവർ ഫരിസേയരും നിയമജ്ഞരും ആണ്. അവർ ദൈവത്തിന്റെ സ്വന്തം ആൾക്കാർ എന്ന് കരുതി ഏറ്റവും മെച്ചപ്പെട്ട ഇരിപ്പിടം കൈക്കലാക്കുന്നു. എന്നാൽ, ദൈവത്തിന്റെ വിശിഷ്ട അതിഥികൾ ദരിദ്രരും പാപികളും ചുങ്കക്കാരും വികലാംഗരും സമൂഹത്തിലെ താഴെക്കിടയിലുള്ള വരുമായിരുന്നു. ദൈവ രാജ്യത്തിലെ വിരുന്നിൽ ദൈവം ഈ ” എളിയവരെ” ഏറ്റവും മുൻനിരയിലേക്ക് വിശിഷ്ടമായ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു.

ഫരിസേയരും ചുങ്കക്കാരും രക്ഷ തങ്ങളുടെ മാത്രം സ്വന്തമാണെന്ന് കരുതി അഹങ്കരിച്ചവരും എല്ലാം ദൈവ രാജ്യത്തിലെ ഏറ്റവും പിന്നിലെ ഇരിപ്പിടത്തിലേക്ക് പോകേണ്ടി വരുന്നു.

ആത്മപരിശോധന

ഈ ഉപമയിലെ ചരിത്രപരവും യുഗാന്ത്യ പരവുമായ വ്യാഖ്യാനങ്ങൾ നമ്മെ ഒരു ആത്മപരിശോധനയ്ക്ക് ക്ഷണിക്കുകയാണ്. സമൂഹത്തിൽ എന്റെ സ്ഥാനം എവിടെ ആണെന്നുള്ള സ്വയാവബോധം നമുക്കുണ്ടാവണം. ആദ്യത്തെ വരിയിൽ അല്ലാത്ത ഇരിപ്പിടങ്ങൾ ഉണ്ടെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ദൈവ രാജ്യത്തിലെ അർഹമായ സ്ഥാനം ലഭിക്കുന്നതിന് വേണ്ട എളിമയും ലാളിത്യവും നമ്മുടെ ആത്മീയ ജീവിതത്തിൽ ഉണ്ടാകണം. “സ്വയം താഴ്ന്നു കൊടുക്കുന്നതിലും എളിമപ്പെടുന്നതിലൂടെയും മാത്രമേ” സമൂഹത്തിലും ദൈവരാജ്യത്തിലും നമുക്ക് മേന്മയേറിയ ഇരിപ്പിടം ലഭിക്കുകയുള്ളൂ, നാം ബഹുമാന്യരാവുകയുള്ളൂ. ഈ യാഥാർഥ്യത്തെ യേശു ലളിതമായി പറയുന്നു: ” തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെ തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും”

2) ക്ഷണിക്കുന്നവനുള്ള ഉപദേശം

യേശു തന്റെ രണ്ടാമത്തെ ഉപദേശം ആതിഥേയന് (ക്ഷണിക്കുന്നവന്) നൽകുകയാണ്. “നീ ഭക്ഷണത്തിനായി സ്നേഹിതരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ വിളിക്കരുത് കാരണം ഇവരെല്ലാം നിന്റെ ക്ഷണത്തിന് പ്രതിഫലമായി നിന്നെയും പിന്നീട് വേറൊരു വിരുന്നിന് അവരുടെ ഇടയിൽ ക്ഷണിക്കും. മറിച്ച് നീ ക്ഷണിക്കുമ്പോൾ പിന്നീട് നിനക്ക് പകരമായി ഒന്നും നൽകാൻ ഇല്ലാത്ത നിന്നെ ഒരിക്കലും ഒരു വിരുന്നിന് ക്ഷണിക്കാൻ കഴിവില്ലാത്ത ദരിദ്രരെയും വികലാംഗരേയും മുടന്തരേയും കുരുടരേയും ക്ഷണിക്കണം”, യേശുവിന്റെ കാലത്തും ഇന്നും പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുള്ള ഉപദേശമാണിത്. കാരണം മനുഷ്യന്റെ അടിസ്ഥാന സ്വഭാവം അനുസരിച്ച് നാം ചെയ്യുന്ന എന്ത് കാര്യത്തിനും തത്തുല്യമായ ഒരു പ്രതിഫലം നാം ആഗ്രഹിക്കുന്നു. ഭൗതികമായ ഒരു പ്രതിഫലം ഈ ഭൂമിയിൽ വച്ച് ഉടനെ വ്യത്യസ്തമായ രീതിയിൽ ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. യഥാർത്ഥത്തിൽ പ്രതിഫലേച്ഛ കൂടാതെ ദരിദ്രരെയും വികലാംഗരേയും മുടന്തരേയും കുരുടരേയും ക്ഷണിക്കുന്ന വർക്കാണ് ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത്. അത് ഇപ്പോഴല്ല പുനരുത്ഥാനത്തിൽ യേശുവിനോടൊപ്പം ആണെന്ന് യേശു വ്യക്തമാക്കുന്നു.

ബൈബിൾ പശ്ചാത്തലം

ഈ ഉപദേശത്തിന് ഒരു യഹൂദ പശ്ചാത്തലം മാത്രമല്ല ആദിമ ക്രൈസ്തവ പശ്ചാത്തലവും ഉണ്ട്. യഹൂദ സമൂഹത്തിൽ വികലാംഗരേയും കുരുടരേയും രോഗികളെയും ദൈവശാപം ഉള്ളവരായി കണക്കാക്കിയിരുന്നു. അവർ ദേവാലയത്തിൽ പ്രവേശിക്കുന്നത് പോലും വിലക്കിയിരുന്നു. യേശുവിന് മുൻപും യേശുവിന്റെ കാലഘട്ടത്തിലും ജീവിച്ചിരുന്ന ഖും റാൻ (Qumran) സമൂഹത്തിലും വികലാംഗരെയും ബധി രരേയും മൂകരേയും അംഗങ്ങളായി എടുത്തിരുന്നില്ല. ഈ യാഥാർത്ഥ്യങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം എന്നോണം ആദിമ ക്രൈസ്തവ സഭയിൽ പ്രത്യേകിച്ച് “അത്താഴ വിരുന്നിൽ” വികലാംഗരേയും മുടന്തരേയും ബലഹീനരേയും ബധിരരേയും കുരുടരേയും അവഗണിച്ചിരുന്നു. അവരുടെ പ്രവേശനത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈയൊരു യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ വേണം യേശുവിന്റെ ഈ ഉപദേശത്തെ അർത്ഥം നാം മനസ്സിലാക്കാൻ.

വിലയിരുത്തൽ

ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ ഇടവകയെയും പ്രവർത്തനങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും വിലയിരുത്താം. നമ്മുടെ വലിയൊരു പ്രലോഭനം തന്നെ തിരിച്ച് ലഭിക്കുമെന്ന് കരുതി എന്തെങ്കിലും ചെയ്യുന്നതല്ലേ? നാം എപ്പോഴാണോ യേശുവിന്റെ വാക്കനുസരിച്ച് നമുക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിവില്ലാത്ത ദരിദ്രനും വികലാംഗനും മുടന്തനും കുരുടനും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവനും നമ്മുടെ ഇടയിൽ സ്ഥാനം നൽകുന്നത് അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിലും സംജാതമായി തുടങ്ങുന്നു.

ആമേൻ

(ക്ഷമാപണം: പ്രിയ വൈദിക സുഹൃത്തുക്കളെ, കഴിഞ്ഞ ഞായറാഴ്ചകളിൽ ഹെബ്രായർക്കുള്ള ലേഖനത്തെ (രണ്ടാം വായന) പരാമർശിച്ചപ്പോൾ ഒക്കെ ഗ്രന്ഥകർത്താവ് വി.പൗലോസ് അപ്പോസ്തലൻ ആണെന്ന് അവതരിപ്പിക്കുകയുണ്ടായി. ഹെബ്രായ ലേഖനത്തിന് അവസാനം വി. പൗലോസ് അപ്പോസ്തലൻ സഹചാരിയായിരുന്ന തിമോത്തിയോസി നെക്കുറിച്ച് പരാമർശിക്കുന്നുണ്ട് (ഹെബ്രാ 13:23) അതോടൊപ്പം ഏറ്റവും പുരാതന കൈയെഴുത്തുപ്രതി റോമാക്കാർക്ക് ഉള്ള ലേഖനം കഴിഞ്ഞു രണ്ടാംസ്ഥാനം ഹെബ്രായർക്കുള്ള ലേഖനത്തിന് നൽകുന്നുണ്ട്. എന്നാൽ പോലും വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ മറ്റ് ലേഖനങ്ങളുമായി താരതമ്യപ്പെടുത്തി ഭാഷാ ശൈലിയിലും ഉള്ളടക്കത്തിലും ഉള്ള വലിയ വ്യത്യാസങ്ങൾ പരിഗണിക്കുമ്പോൾ എബ്രായർക്കുള്ള ലേഖനത്തിന്റെ കർത്താവ് വി. പൗലോസ് അപ്പോസ്തലൻ അല്ല എന്നാണ് പണ്ഡിത നിഗമനം (Verfasserfrage – Der Hebräerbrief Bibelliteratur und Apokalypse – Bibelstudium Katholisch – Theologische Fakultäl – Luduig Maximilians Universitäl – München). മനപ്പൂർവ്വം അല്ലെങ്കിലും ഇത്തരം ഒരു തെറ്റ് സംഭവിച്ചതിൽ ഖേദിക്കുന്നു സ്നേഹത്തോടെ,
ഫാ. സന്തോഷ്)

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago