നെയ്യാറ്റിൻകര രൂപതയിൽ മൂന്ന് വൈദീക വിദ്യാർത്ഥികൾ ശുശ്രൂഷാപദവിയിലേയ്ക്ക്, മൂന്നുപേർ വൈദീക വസ്ത്രം സ്വീകരിച്ചു
നല്ല വൈദീകനായിത്തീരുവാൻ ഓരോ വൈദീകനും പ്രാർത്ഥനയുടെ വ്യക്തിയായിരിക്കണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ മൂന്ന് വൈദീക വിദ്യാർത്ഥികളെ ബിഷപ്പ് വിൻസെന്റ് സാമുവൽ ശുശ്രൂഷാപദവിയിലേയ്ക്ക് ഉയർത്തി. അതേസമയം, മൂന്നുപേർ വൈദീക വിദ്യാർത്ഥികൾക്ക് സഭാവസ്ത്രം നൽകുകയും ചെയ്തു. നെയ്യാറ്റിൻകര കത്തീഡ്രൽ ദേവാലയത്തിൽ വച്ചായിരുന്നു തിരുക്കർമ്മങ്ങൾ.
അങ്ങനെ അനുജോസ്, ക്രിസ്തുദാസ്, തദേവൂസ് എന്നിവർ വൈദീകവസ്ത്രം സ്വീകരിച്ചുകൊണ്ട് പൗരോഹിത്യസ്വീകരണത്തിന് അടുത്ത പഠനഘട്ടത്തിലേയ്ക്ക് ഔദ്യോഗികമായി പ്രവേശിക്കുകയും; ജിപിൻരാജ് ആർ.എൻ., അനീഷ്.എ., വിജിൻ ആഞ്ചെലോസ് എന്നിവർ ശുശ്രൂഷാപട്ടം സ്വീകരിച്ചു കൊണ്ട് വൈദീക പരിശീലനത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.
ദൈവജനത്തിന് ആവശ്യമായ അജപാലകരെ സൃഷ്ടിക്കേണ്ടത് ദൈവജന സമൂഹം തന്നെയാണ് എന്ന തത്വം രൂപതയിലെ 99% പേരും അംഗീകരിക്കാത്തതുകൊണ്ടോ, അതിനെ ഗൗരവമായി കാണാത്തതുകൊണ്ടോ ആണ് നമ്മുടെ രൂപത സ്ഥാപിതമായി 22 വർഷങ്ങൾ പൂർത്തിയായിട്ടും നമ്മുടെ രൂപതയിൽ സേവനം ചെയ്യുവാൻ വൈദീകരുടെ കുറവുള്ളത് എന്ന് ബിഷപ്പ് പറഞ്ഞു.
നല്ലൊരു അജപാലകനാകുവാൻ, നല്ല വൈദീകനായിത്തീരുവാൻ ഓരോ വൈദീകനും പ്രാർത്ഥനയുടെ വ്യക്തിയായിരിക്കണമെന്ന് പിതാവ് വൈദീക വിദ്യാർത്ഥികളോട് പറഞ്ഞു. അറിവും, കഴിവും, ജ്ഞാനവും നേടേണ്ടത് വൈദീക വിദ്യാർത്ഥികളുടെ ദൗത്യമാണ്. അതേസമയം, ഇവയൊക്കെയും പ്രാവർത്തികമാക്കുവാൻ സന്മനസ്സും ആത്മാർത്ഥതയും നിങ്ങൾ സ്വായക്തമാക്കണമെന്നും പിതാവ് അവരെ ഉദ്ബോധിപ്പിച്ചു.
ഡീക്കൻ.ജിപിൻരാജ് ആർ.എൻ., പയറ്റുവിള ഇടവക അംഗമാണ്. രാജു കെ – നിർമ്മല ആർ. മാതാപിതാക്കളും ജിൻസി രാജ് ആർ.എൻ. സഹോദരിയുമാണ്. ആലുവയിലെ കാർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ വൈദീക പരിശീലനം പൂർത്തിയാകുന്നു.
ഡീക്കൻ.അനീഷ്.എ., മണിവിള ഇടവകാംഗമാണ്. അപ്പു.എസ് – റോസ്മേരി എന്നിവർ മാതാപിതാക്കളും മേരിസ് സ്റ്റെല്ല.ആർ, ആശ ആർ. എന്നിവർ സഹോദരിമാരുമാണ്. ആലുവയിലെ കാർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ വൈദീക പരിശീലനം പൂർത്തിയാകുന്നു.
ഡീക്കൻ.വിജിൻ ആഞ്ചെലോസ്, കുഴിച്ചാണി ഇടവകാംഗമാണ്. ആഞ്ചെലോസ് – ശാന്ത എന്നിവർ മാതാപിതാക്കൾ. വിപിൻ മൂത്തസഹോദരനും വിജിനി ഇളയസഹോദരിയുമാണ്. മാഗ്ലൂർ സെന്റ് ജോസഫ്സ് ഇന്റർഡയോസിഷൻ സെമിനാരിയിൽ വൈദീക പരിശീലനം പൂർത്തിയാകുന്നു.
ഇവർ മൂന്നുപേരുമാണ് ഏപ്രിൽ 30-ന് ശുശ്രൂഷാപട്ടം സ്വീകരിച്ചത്. കൂടാതെ, ചന്ദ്രമംഗലം ഇടവക അംഗമായ ഡീക്കൻ ജിനു റോസും, അരുവിക്കര ഇടവക അംഗമായ ഡീക്കൻ വിപിനും പൂനെ പേപ്പൽ സെമിനാരിയിൽ വച്ച് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് രാജപ്പാനിൽ നിന്ന് ശുശ്രൂഷാപട്ടം സ്വീകരിച്ചിരുന്നു. ചുരുക്കത്തിൽ വരുന്ന വർഷം നെയ്യാറ്റിൻകര രൂപതയ്ക്ക് 5 നവവൈദീകരെക്കൂടി ലഭിക്കും.
രൂപതയിലെ വൈദീകരും സന്യസ്തരും വൈദീക വിദ്യാർത്ഥികളുടെ ബന്ധുക്കളുമടക്കം ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു.