ഏപ്രിൽ 3: പ്രവർത്തനനിരതനായ ദൈവം
ഇന്നലെ ദിവ്യബലിയിൽ വായിച്ചുകേട്ട സുവിശേഷത്തിന്റെ തുടർച്ചയാണ് ഇന്നത്തേത് (യോഹന്നാൻ 5:17-30). യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ പണ്ഡിതന്മാർ മൂന്നായി തിരിക്കാറുണ്ട്: അത്ഭുതവിവരണം (യോഹ 5:1-16); വിവാദം (യോഹ 5:17-18); പ്രസംഗം (യോഹ 5:19-47). ബേത് സഥ കുളക്കരയിൽ രോഗിയായ മനുഷ്യന് സാബത്തു ദിവസം സൗഖ്യം നൽകിയത് കാണുന്ന യഹൂദർ, സാബത്തു ലംഘിച്ചു എന്ന കാരണം ഉന്നയിച്ചു യേശുവിനെ ദ്വേഷിക്കുന്നു. ഈ യഹൂദരോടുള്ള മറുപടിയാണ് പതിനേഴാം വാക്യം: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തന നിരതനാണ്; ഞാനും പ്രവർത്തിക്കുന്നു”. ഈ വാക്യം കൂടെ കേൾക്കുമ്പോൾ വിവാദം കൂടുതൽ ചൂട് പിടിക്കുന്നു. കാരണം, യേശു “സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കികൊണ്ട് ദൈവത്തെ തന്റെ പിതാവെന്ന് വിളിക്കുകയും ചെയ്തു” (യോഹന്നാൻ 5:18).
റബ്ബിനിക് പഠനങ്ങൾ പറയുന്നതനുസരിച്ചു, ദൈവം സാബത്തു ദിവസവും പ്രവർത്തന നിരതനാണ്. മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രവർത്തികളിൽ നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. ഉദാഹരണമായി, ഒരുവന്റെ മരണശേഷമുള്ള ദൈവത്തിന്റെ വിധിയും കാരുണ്യം കാണിക്കലും. ഈ പഠനം യേശുവിന്റെ കാലത്തേ യഹൂദര്ക്കും അറിവുള്ളതാണ്. പിതാവ് പ്രവർത്തനനിരതനാണ് എന്ന് പറയുമ്പോൾ യേശു ഉദ്ദേശിക്കുന്നത് ഇത് തന്നെ. രോഗിയായിരുന്ന ഒരുവന് സൗഖ്യം കൊടുത്തുകൊണ്ട് ജീവന്റെ നിറവിലേക്കു ആനയിക്കുന്നത് ദൈവത്തിന്റെ പ്രവർത്തന നിരതയുടെ പ്രകടനമായിട്ടാണ് യേശു സൂചിപ്പിക്കുന്നത്. മനുഷ്യന് നന്മചെയ്യുന്നതിൽ, അവനു ജീവനും ജീവിതവും പ്രദാനം ചെയ്യുന്നതിന് യാതൊന്നും നമുക്ക് തടസ്സമാകരുത്. മനസ്സുമടുക്കാതെ നിരന്തരമായി നന്മ ചെയ്യുക എന്നതാണ് ഓരോ ക്രിസ്തുശിഷ്യന്റെയും വിളി.