റോമിന്റെ മണ്ണിൽ വത്തിക്കാന്റെ മടിത്തട്ടിൽ കുരിശിന്റെ വഴി ഓർമ്മയിലൂടെ മലയാളി സമൂഹം
റോമൻ കത്തോലിക്കാ സഭയിലെ "ലെത്താരേ ഞായർ" അർത്ഥവത്താക്കുന്ന കുരിശിന്റെ വഴി
മില്ലറ്റ് രാജപ്പൻ
വത്തിക്കാൻ സിറ്റി: കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.ആർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ റോമിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക കുരിശിന്റെ വഴി നടത്തി. വത്തിക്കാന്റെ മുന്നിലായി സ്ഥിതിചെയ്യുന്ന കസ്തേൽ സാന്ത് ആഞ്ചെലോയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയാത്ര സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിലാണ് അവസാനിച്ചത്.
യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന കാൽവരിയാത്രയിൽ വൈദീകരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളും, ഇടവക അംഗങ്ങളുമടക്കം ഇരുന്നൂറിൽ അധികം മലയാളികൾ പങ്കെടുത്തു.
കുരിശിന്റെ വഴി നല്ലൊരാത്മീയ അനുഭവമായിരുന്നുവെന്നും, റോമൻ കത്തോലിക്കാരായ നമുക്ക് റോമിന്റെ മണ്ണിൽ, നമ്മുടെ തനതായ ഭാഷയിൽ, കർത്താവിന്റെ പീഡാസഹന അനുസ്മരണത്തിൽ സംബന്ധിക്കാൻ കഴിഞ്ഞുവെന്നത് വലിയൊരനുഭവമായിരുന്നെന്നും, വരും വർഷങ്ങളിലും ഇത് തുടരണമെന്നും പങ്കെടുത്തവർ പറഞ്ഞു.
റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള റോമൻ കത്തോലിക്കാ (ലത്തീൻ) കൂട്ടായ്മ ആദ്യമായാണ് ഇത്തരത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയുടെയും ഇടവക കൗൺസിലിന്റെയും പ്രവർത്തനവും, ഇടവക അംഗങ്ങളുടെ പരിശ്രമവുമാണ് ഭക്തിനിർഭരമായ കുരിശിന്റെ വഴി സാധ്യമാക്കിയതിന് പിന്നിൽ.
റോമൻ കത്തോലിക്കാ സഭയിൽ “ലെത്താരേ ഞായർ” അതായത് തപസുകാലത്തിന്റെ നാലാം ഞായറിനെ “ആനന്ദത്തിന്റെ ഞായർ” എന്നാണ് വിളിക്കുന്നത്. തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ ആചരിക്കുമ്പോഴും ഉത്ഥാന ഞായർ അടുത്തു വരുന്നതിന്റെ സന്തോഷം മറന്നു പോകരുത് എന്നോർമിപ്പിക്കലാണ് ലത്തീൻ ക്രമത്തിൽ തപസുകാലത്തിനിടയ്ക്ക് ലെത്താരേ ഞായർ ആഘോഷിക്കുന്നതിനു പിന്നിലെ രഹസ്യം. ഇന്നേ ദിനം തന്നെയാണ് റോമിലെ മലയാളികൾ കുരിശിന്റെ വഴി ഓർമ്മകളിലൂടെ കടന്നുപോകുവാൻ തെരെഞ്ഞെടുത്തത് എന്നത് കൂടുതൽ അർത്ഥവത്തതാകുന്നു.