മദ്ധ്യാഫ്രിക്കയിലെ കാരുണ്യത്തിന്റെ മിഷണറി സിസ്റ്റര്‍ കൊണ്‍ചേപ്തായ്ക്ക് പൊതുവേദിയിൽ പാപ്പായുടെ അഭിനന്ദനം
മദ്ധ്യാഫ്രിക്കയിലെ കാരുണ്യത്തിന്റെ മിഷണറി സിസ്റ്റര്‍ കൊണ്‍ചേപ്തായ്ക്ക് പൊതുവേദിയിൽ പാപ്പായുടെ അഭിനന്ദനം
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: മദ്ധ്യാഫ്രിക്കയില്‍ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും പരിചാരകയായ മിഷണറി സിസ്റ്റര്‍ കൊണ്‍ചേപ്തായ്ക്ക് പൊതുവേദിയിൽ വച്ച് ഫ്രാൻസിസ് പാപ്പായുടെ അഭിനന്ദനവും അനുമോദനവും. മാര്‍ച്ച് 27-Ɔο തീയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് 85-വയസ്സുള്ള സിസ്റ്റര്‍ കൊണ്‍ചേപ്തായെ പാപ്പാ അനുമോദിച്ചത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദാസിമാരുടെ ജനോനിയിലെ സന്ന്യാസിനീ സമൂഹത്തിലെ (Congregation of the Daughters of St. Joseph in Genoni) അംഗമാണ് സിസ്റ്റര്‍ കൊണ്‍ചേപ്താ.
60 വര്‍ഷക്കാലമായി മദ്ധ്യാഫ്രിക്കയില്‍ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ കൊണ്‍ചേപ്തായെ ഫ്രാന്‍സിസ് പാപ്പാ ആദ്യം കണ്ടുമുട്ടിയത്, ഗര്‍ഭിണികളായ അമ്മമാര്‍ക്കുള്ള ബാംഗ്വിയിലെ പരിചരണകേന്ദ്രത്തില്‍ വച്ച് 2015 നവംബറിലായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രേഷിതജോലിയില്‍ നിശ്ശബ്ദമായി വ്യാപൃതരായിരിക്കുന്ന മിഷണറിമാരായ വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും ഓര്‍ത്തുകൊണ്ടാണ് സിസ്റ്റര്‍ കൊണ്‍ചേപ്തയ്ക്കു താന്‍ ഈ അനുമോദനം നല്കുന്നതെന്ന് പാപ്പാ പറഞ്ഞു. അമ്മമാരെയും അവരുടെ കൈക്കുഞ്ഞുങ്ങളെയും പരിചരിക്കുക മാത്രമല്ല, അവരുടെ പ്രസവ ശുശ്രൂഷകയായും ജോലിചെയ്യുന്ന ഈ സഹോദരിയുടെ പ്രവര്‍ത്തനം മഹത്തരമെന്നും, ജീവിതസാക്ഷ്യംകൊണ്ട് ദൈവരാജ്യത്തിന്റെ വിത്തുപാകുന്നതും സ്വയം എരിഞ്ഞുതീരുന്നതുമായ സ്നേഹസമര്‍പ്പണമെന്ന് സിസ്റ്റര്‍ കൊണ്‍ചേപ്തയുടേതുമെന്ന് പാപ്പാ വിശേഷിപ്പിച്ചു.