Daily Reflection

മാർച്ച് 28: പക്ഷം

തന്നോടുള്ള വ്യക്തമായ പക്ഷം ചേരലിന് യേശു തന്റെ ശിഷ്യരെ ക്ഷണിക്കുന്നു

ഇന്ന് നാം ദിവ്യബലിയിൽ വായിച്ചു കേൾക്കുന്നത് യേശു പിശാചിനെ ബഹിഷ്കരിക്കുന്നതും, തുടർന്നുള്ള വിവാദവും ആണ് (ലൂക്ക 11:14-23). സാധാരണ അത്ഭുത വിവരണങ്ങളിൽ നിന്നും ഈ ഭാഗത്തിനുള്ള വ്യത്യാസം, ഇവിടെ ഒരു വാക്യത്തിൽ അത്ഭുതവിവരണം ഒതുക്കിയിരിക്കുന്നു എന്നതാണ്. 15 മുതൽ 23 വരെയുള്ള വാക്യങ്ങളിൽ കാണുന്നത്

ഈ അത്ഭുതത്തെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ്. പിശാചിനെ ബഹിഷ്ക്കരിക്കുന്ന അത്ഭുതം കാണുന്നവർക്കു വ്യത്യസ്തമായ പ്രതികരണങ്ങളാണുള്ളത്. ഈ അത്ഭുതത്തെ നിഷേധിക്കുന്നവർ രണ്ടു തരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്: ഒന്ന്, പിശാചിനെ ബഹിഷ്കരിക്കാനുള്ള യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു. യേശു പിശാചിനെ ബഹിഷ്കരിക്കുന്നത് പിശാചുക്കളുടെ തലവനായ ബെൽസെബൂലിനെക്കൊണ്ടാണെന്നാണ് അവരുടെ വിമർശനം. രണ്ട്, യേശുവിനെ വിശ്വസിക്കണമെങ്കിൽ വീണ്ടും അടയാളങ്ങൾ വേണമെന്ന് മറ്റുചിലർ ആവശ്യപ്പെടുന്നു. ആദ്യത്തെ കൂട്ടർ, യേശുവിന്റെ അത്ഭുതത്തെ അപ്പാടെ നിഷേധിക്കുമ്പോൾ, രണ്ടാമത്തെ കൂട്ടരുടേത് കാത്തിരുന്നു കാണാം എന്ന നിലപാടാണ്.

അവർക്കുള്ള യേശുവിന്റെ ഉത്തരം മൂന്ന് ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഒന്ന്: അന്തഃഛിദ്രമുള്ള രാജ്യവുമായുള്ള താരതമ്യമാണ്. ഒരു രാജ്യത്തിനുള്ളിലുള്ളവർ തന്നെ ഭിന്നിച്ചു നിന്നാൽ ആ രാജ്യം എളുപ്പത്തിൽ നശിച്ചുപോകും. പിശാചുക്കളുടെ തലവൻ തന്നെ പിശാചുക്കളെ ബഹിഷ്കരിച്ചാൽ അവന്റെ രാജ്യം നിലനിൽക്കില്ല എന്നുള്ള വാദമുയർത്തി യേശു തന്റെ വിമർശകരെ നേരിടുന്നു.
രണ്ട്: പിശാചിനെ ബഹിഷ്‌കരിക്കുന്ന യഹൂദന്മാരുമായുള്ള താരതമ്യം. താൻ പിശാചിനെ ബഹിഷ്‌കരിക്കുന്നത് പിശാചിന്റെ തലവനെകൊണ്ടാണെന്നാണ് അവർ പറയുന്നതെങ്കിൽ, അതേ പ്രവർത്തിചെയ്യുന്ന യഹൂദ മതത്തിൽപെട്ടവരും പിശാചിന്റെ തലവനെകൊണ്ട് തന്നെയാണ് പിശാചിനെ പുറത്തുക്കുന്നത് എന്ന് വരില്ലേ എന്നതാണ് രണ്ടാമത്തെ വാദം. മൂന്ന്: കാവൽ നില്ക്കുന്ന ശക്തനെ കീഴടക്കുന്ന കൂടുതൽ ശക്തനായവനെകുറിച്ചുള്ള ഉപമ. ഇതിൽ, തന്റെ കൊട്ടാരത്തിനു കാവൽ നിൽക്കുന്ന ശക്തൻ പിശാചാണ്. കൂടുതൽ ശക്തനായവൻ യേശുവാണ്. യേശു പിശാചിനെ ആക്രമിച്ച്, അവന്റെ സാമ്രാജ്യം കീഴടക്കി, അവന്റെ സമ്പത്തായി അവൻ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന അവന്റെ അടിമകളായ ആല്മാക്കളെ മോചിപ്പിക്കുന്നു. ഇതാണ്, ഇവിടെ അവരുടെയിടയിൽ പ്രവർത്തിച്ച അത്ഭുതം എന്ന് യേശു സൂചിപ്പിക്കുകയായിരുന്നു.

അവരുടെ വാദങ്ങളെയൊക്കെ ഖണ്ഡിച്ചശേഷം യേശു പറയുന്ന വാചകം ശ്രദ്ധേയമാണ്: “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു” (ലൂക്ക 11:23). തന്നോടുള്ള വ്യക്തമായ പക്ഷം ചേരലിന് യേശു തന്റെ ശിഷ്യരെ ക്ഷണിക്കുന്നു. പലവിഷയങ്ങളുടെ മുൻപിലും, തന്ത്രപരമായി ചേരിചേരാനയം സ്വീകരിക്കുന്ന പോലെ യേശുവിനോടുള്ള ബന്ധവും കരുതാൻ പറ്റില്ല. ഈ ബന്ധത്തിൽ നിക്ഷ്പക്ഷത അർത്ഥമാക്കുന്നത് യേശുവിന്റെ എതിർപക്ഷം എന്ന് തന്നെയാണ്. ഒന്നുകിൽ യേശുവിനോടൊപ്പം, അല്ലെങ്കിൽ യേശുവിന്‌ എതിര്. ക്രിസ്തുശിഷ്യർ എന്ന നിലയിൽ നമ്മുടെ പക്ഷം ചേരൽ എങ്ങനെയാണ്?

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker