Daily Reflection

മാർച്ച് 17: ദൈവാനുഭവം പ്രാർത്ഥനയിലൂടെ

യേശുവിനു രൂപാന്തരം സംഭവിക്കുന്നത് രണ്ടു കാര്യങ്ങളിൽ ആണ്: മുഖഭാവത്തിലും വസ്ത്രത്തിലും

ഇന്ന് ദിവ്യബലിയിലെ സുവിശേഷത്തിൽ യേശുവിന്റെ രൂപാന്തരത്തെപ്പറ്റി നാം വായിക്കുന്നു (ലൂക്ക 9:28 -36 ). യേശു ആരാണെന്നുള്ള സാക്ഷ്യപ്പെടുത്തലാണ് രൂപാന്തരസംഭവം വിവരിക്കുന്നത്. യേശുവിനു രൂപാന്തരം സംഭവിക്കുന്നത് രണ്ടു കാര്യങ്ങളിൽ ആണ്: മുഖഭാവത്തിലും വസ്ത്രത്തിലും. യേശുവിന്റെ മുഖഭാവത്തിലുള്ള മാറ്റം നമ്മെ ഓർമ്മപ്പെടുത്തുന്നത്, ദൈവസാന്നിധ്യത്തിൽനിന്നും മുഖം പ്രകാശിതമായി ഇറങ്ങിവരുന്ന മോശയെയാണ്. “യേശുവിന്റെ വസ്ത്രം വെണ്മയോടെ ശോഭിച്ചു” എന്നത് യേശുവിനെ മോശയിൽ നിന്നും വ്യത്യസ്തനാക്കുന്നു. കാരണം, മോശയുടെ വസ്ത്രം ശോഭിച്ചതായി പുറപ്പാട് പുസ്തകത്തിൽ പറയുന്നില്ല. അങ്ങനെ നോക്കുമ്പോൾ, മോശയെപ്പോലെ ദൈവസാനിധ്യം അനുഭവിച്ചറിഞ്ഞതുകൊണ്ടല്ല, പ്രത്യുത, യേശു തന്നെ ദൈവികമഹത്ത്വത്തിന്റെ ഉറവിടം ആയതിനാലാണ് രൂപാന്തരപ്പെടുന്നത്. അതായത്, യേശുവിന്റെ രൂപാന്തരം, തന്റെ യഥാർത്ഥ സത്ത എന്തെന്നുള്ള വെളിപ്പെടുത്തലായിരുന്നു. എന്തുകൊണ്ട് മോശയും ഏലിയായും കാണപ്പെട്ടു എന്ന് മനസ്സിലാക്കിയാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. പഴയനിയമത്തിലെ തോറ (“നിയമം”/പഞ്ചഗ്രന്ഥികൾ) യെ പ്രതിനിധീകരിച്ചു മോശയുടെയും, പ്രവാചകന്മാരെ പ്രതിനിധീകരിച്ചു ഏലിയയുടെയും സാന്നിധ്യം, യേശുവാണ് പഴയനിയമത്തിലെ മുഴുവൻ വാഗ്ധാനങ്ങളുടെയും പൂർത്തീകരണം എന്ന് സൂചിപ്പിക്കുന്നു.

യേശുവിന്റെ ജ്ഞാനസ്നാനസമയത്തുണ്ടായതുപോലെ ഒരു സ്വരം ശ്രവിക്കുന്നു: “ഇവൻ എന്റെ പുത്രൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ, ഇവന്റെ വാക് ശ്രവിക്കുവിൻ”. ജ്ഞാനസ്നാനസമയത് സ്വരം കേട്ടത് സ്വർഗത്തിൽ നിന്നാണെങ്കിൽ, രൂപാന്തരസമയത് സ്വരം കേൾക്കുന്നത് യേശുവിനെയും ശിഷ്യരേയും ആവരണം ചെയ്ത മേഘത്തിൽ നിന്നാണ്. അതിനർത്ഥം, അത്രയും സമയം, അവർക്കുചുറ്റും പിതാവായ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണു.

വി. ലൂക്കയുടെ സുവിശേഷത്തിലെ രൂപാന്തരീകരണ വിവരണത്തിലുള്ള പ്രത്യേകത, അത് സംഭവിക്കുന്നത് പ്രാർത്ഥനയുടെ പശ്ചാത്തലത്തിലാണ് എന്നുള്ളതാണ്. സമാന്തര സുവിശേഷകന്മാരായ മത്തായിയും മാർക്കോസും യേശു പ്രാർത്ഥിക്കാൻ വേണ്ടി മലയിലേക്കു കയറിയപ്പോഴാണ് രൂപാന്തരം സംഭവിച്ചത് എന്ന് പറയുന്നില്ല. ലൂക്ക പ്രാർത്ഥനയുടെ പശ്ചാത്തലം ഊന്നിപ്പറയുന്നുണ്ട്. ശിഷ്യന്മാരെ ആവരണം ചെയ്തിരുന്ന മേഘം പോലെ, നമ്മുടെ പ്രാർത്ഥനയുടെ സമയത്തും, ദൈവം തന്റെ ശക്തമായ സാന്നിധ്യംകൊണ്ട് നമ്മെ ആവരണം ചെയ്യുന്നുണ്ട്. ഈ സാനിധ്യം തിരിച്ചറിയാനും അനുഭവിക്കാനും നമ്മുടെ പ്രാർത്ഥന നമ്മെ സഹായിക്കട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker