മാർച്ച് 14: പ്രാർത്ഥനയ്ക്കുള്ള ഉത്തരം
ചില ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ചോദിക്കൽ പ്രാർത്ഥനയുടെ ലളിതമായ രൂപമായിട്ടും, അന്വേഷണം അല്പം കൂടി തീവ്രതയുള്ള പ്രാർത്ഥനയായിട്ടും, മുട്ടൽ ശാഠ്യത്തോടുകൂടെയുള്ള പ്രാർത്ഥനയായിട്ടുമാണ്
ഇന്നത്തെ ദിവ്യബലിയിൽ സുവിശേഷത്തിൽ പ്രാർത്ഥനയെ യേശു വിശേഷിപ്പിക്കുന്നത് ചോദിക്കലും, അന്വേഷണവും, മുട്ടലും ആയിട്ടാണ്. “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും” (മത്തായി 7:7). ചില ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ചോദിക്കൽ പ്രാർത്ഥനയുടെ ലളിതമായ രൂപമായിട്ടും, അന്വേഷണം അല്പം കൂടി തീവ്രതയുള്ള പ്രാർത്ഥനയായിട്ടും, മുട്ടൽ ശാഠ്യത്തോടുകൂടെയുള്ള പ്രാർത്ഥനയായിട്ടുമാണ്. എന്നാൽ, നാം ഒരുകാര്യം മറക്കാൻ പാടില്ല, ചോദിക്കലും അന്വേഷണവും മുട്ടലും ഒന്നും ദൈവത്തിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ അല്ല. അതായത്, നാം ചോദിച്ചാൽ ദൈവം എന്തെങ്കിലും നമുക്ക് നൽകുകയുള്ളൂ എന്നുള്ള തെറ്റിധാരണ പാടില്ല. കാരണം, തന്റെ മക്കൾക്ക് എന്താണ് ആവശ്യമെന്ന് അവിടുന്ന് അറിയുന്നു. അതുകൊണ്ട്, നമ്മുടെ പ്രാർഥനകൾ വഴിയാണ്, ദൈവം നൽകുന്ന നന്മകൾ സ്വീകരിക്കാൻ നാം തന്നെ പരുവപ്പെടുകയാണ്. നമ്മുടെ പ്രാർഥനകൾക്കുള്ള ദൈവത്തിന്റെ മറുപടി വൈകുന്നെങ്കിൽ കൂടി, വീണ്ടും വീണ്ടും ദൈവത്തോട് ചോദിക്കുന്നതിൽ നമുക്ക് മടുപ്പ് തോന്നരുതെന്നാണ് ചോദിക്കുവാനും, അന്വേഷിക്കുവാനും, മുട്ടുവാനും പറയുമ്പോൾ നാം മനസിലാക്കേണ്ടത്.
നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നത് നാല് തരത്തിലാണെന്ന് ആത്മീയ പിതാക്കൻമാർ പറയാറുണ്ട്.
1) നാം ഒരുകാര്യത്തിനു വേണ്ടി പ്രാർഥിക്കുന്നു; അക്കാര്യം ചോദിച്ച ഉടനെ തന്നെ ദൈവം അനുവദിച്ചു തരുന്നു.
2) നാം ഒരു കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു; ദൈവം അക്കാര്യം അനുവദിച്ചുതരാതെ, നാം ചോദിക്കാത്ത മറ്റൊരു കാര്യം നൽകുന്നു. കാരണം, ദൈവം നോക്കുന്നത്, നാം ചോദിക്കുന്ന കാര്യം അതുപോലെ തന്നെ അനുവദിച്ചു തന്നാൽ നമ്മുടെ നിത്യരക്ഷയെ എങ്ങനെ ബാധിക്കും എന്നാണ്. ഒരുപക്ഷെ, നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യം മറ്റെന്തോ ആണ് അതുകൊണ്ട് അക്കാര്യം ദൈവം നൽകുന്നു.
3) നാം ഒരു കാര്യത്തിന് വേണ്ടി ചോദിക്കുന്നു; എന്നാൽ അക്കാര്യം നാം ചോദിക്കുന്ന സമയത്ത് നൽകാതെ, ഒത്തിരിയേറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം മാത്രം നൽകുന്നു. കാരണം, ഒരുപക്ഷെ, അക്കാര്യം സ്വീകരിക്കുവാൻ പാകത്തിൽ നാം അതുവരെയും ഒരുങ്ങാത്തതുകൊണ്ടായിരിക്കാം.
4) ചില കാര്യങ്ങൾ എത്ര ചോദിച്ചാലും ദൈവം തരില്ല. കാരണം, നമ്മുടെ നിത്യരക്ഷയ്ക്ക് വേണ്ടതെന്തെന്ന് നമ്മെക്കാളധികമായി ദൈവത്തിനറിയാം. അതിനാൽ നാം മനസിലാക്കേണ്ടത്, നമ്മുടെ എല്ലാ പ്രാർഥനകളും ദൈവം ശ്രവിക്കുന്നുണ്ട്, പക്ഷെ ദൈവം ആ പ്രാർത്ഥനകളോട് പ്രതികരിക്കുന്നത് നാം വിചാരിക്കുന്ന രീതിയിൽ ആയിരിക്കില്ല എന്നുമാത്രം.
അതുകൊണ്ട്, ഇടതടവില്ലാതെ പ്രാർത്ഥിക്കുന്ന ശീലം നമുക്ക് വളർത്തിയെടുക്കാം. നമ്മുടെ ജീവിതം മുഴുവനും ഒരു പ്രാർത്ഥനയായി രൂപാന്തരപ്പെടട്ടെ.