ആണ്ടുവട്ടം ഏഴാം ഞായര്‍
ഒന്നാം വായന : 1 സാമു. 26:2. 7-9. 12-13.22-23
രണ്ടാംവായന : 1 കോറി. 15:45-49
സുവിശേഷം : വി. ലൂക്ക 6:27-38
ദിവ്യബലിക്ക് ആമുഖം
സഹജീവികളോടും സഹോദരങ്ങളോടും സമൂഹത്തിലും ഇടപഴകി ജീവിക്കുന്നത് നമുക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. കാരണം മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. മറ്റുളളവരോട് നാം ഇടപെടുമ്പോള്‍ എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ടതെന്നും, പ്രത്യേകിച്ച് ശത്രുക്കളോട് നാം എന്ത് മനോഭാവമാണ് സ്വീകരിക്കേണ്ടതെന്നും ഇന്നത്തെ സുവിശേഷത്തില്‍ യേശുനാഥന്‍ പഠിപ്പിക്കുന്നു. തന്നോട് ശത്രുതാമനോഭാവം പുലര്‍ത്തിയ സാവൂളിനോട് ദാവീദ് എപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് ഇന്നത്തെ ഒന്നാം വായനയിലൂടെ വ്യക്തമാക്കിക്കൊണ്ട് ദൈവവിശ്വാസത്തിലും, ദൈവീക മൂല്യങ്ങളിലും അടിയുറച്ച ഒരു സമൂഹ്യ സമ്പര്‍ക്ക ശൈലി വളര്‍ത്തിയെടുക്കാന്‍ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നു. യേശുവിന്‍റെ തിരുവചനങ്ങള്‍ ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
വേള്‍ഡ് കപ്പിലും ഒളിമ്പിക്സിലും അന്താരാഷ്ട്ര നിലവാരത്തിലുമുളള എല്ലാ മത്സരങ്ങളിലും അസാധാരണമായ വിജയം കൈവരിക്കുന്നവരെ കണ്ട് നാം അത്ഭുതപ്പെടാറുണ്ട്. പ്രത്യേകിച്ച് കായിക മേഖലയില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുന്നത് കാണുമ്പോള്‍ അസാധാരണമായ, ഇതുവരെ അവിശ്വസനീയമെന്ന് തോന്നിച്ചിരുന്ന ആ വിജയം അവര്‍ എങ്ങനെ കൈവരിച്ചുവെന്ന് നാം ആശ്ചര്യപ്പെടാറുണ്ട്. എന്നാല്‍, നമുക്കറിയാം അസാധാരണ വിജയങ്ങള്‍ക്ക് പിന്നില്‍ അസാധാരണമായ പരിശീലനവും കഠിനാധ്വാനവും അച്ചടക്കവും ഉണ്ടെന്ന്. സാധാരണ നിലവാരത്തിലുളള പരിശീലനംകൊണ്ട് ഒരിക്കലും അസാധാരണ വിജയം കൈവരിക്കാന്‍ സാധിക്കുകയില്ല. തത്തുല്യമായ യാഥാര്‍ത്ഥ്യം ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നു. അസാധാരണമായ ആത്മീയ വിജയം കൈവരിക്കാന്‍ അസാധാരണമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും യേശു നല്‍കുന്നു. നമ്മുടെ ജീവിതാവസ്ഥയുമായി ചേര്‍ന്ന് ഈ തിരുവചനങ്ങളെ നമുക്ക് വിചിന്തനത്തിന് വിധേയമാക്കാം.
തിന്മയെ നന്മകൊണ്ട് ജയിക്കുക:
നാമിന്ന് ശ്രവിച്ചത് വി. ലൂക്കായുടെ സുവിശേഷം ആറാം അധ്യായം 27 മുതല്‍ 38 വരെയുളള വാക്യങ്ങളാണ്. ഇതില്‍ 27 മുതല്‍ 30 വരെയുളള വാക്യങ്ങള്‍ ധാര്‍മ്മികമായും ശാരീരികമായും ആത്മീയമായും നമ്മെ ആക്രമിക്കുന്നവരോടും, നമ്മോട് മോശമായി പെരുമാറുന്നവരോടും നാം സ്വീകരിക്കേണ്ട അസാധാരണ നിലപാടുകളാണ്. ശത്രുക്കളെ സ്നേഹിക്കാനും, ദ്വേഷിക്കുന്നവര്‍ക്ക് നന്മചെയ്യാനും, ശപിക്കുന്നവരെ അനുഗ്രഹിക്കാനും, അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും, ഒരുചെകിട്ടത്തടിക്കുന്നവന് മറ്റേ ചെകിട് കൂടെ കാണിച്ചു കൊടുക്കാനും, മേലങ്കി എടുക്കുന്നവന് കുപ്പായം കൂടെകൊടുക്കാനും, നമ്മുടെ വസ്തുക്കള്‍ എടുത്തുകൊണ്ട് പോകുന്നവനോട് ഒരിക്കലും തിരികെ ചോദിക്കരുതെന്നും യേശുപറയുന്നു. ഏറ്റവും കഠിനമായ പരിശീലനം പോലെ ദൈനംദിന ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വാക്കുകളാണിത്. പ്രത്യേകിച്ച്, കൊലപാതകങ്ങളും യുദ്ധങ്ങളും ശത്രുതയും നിത്യം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്. ഇന്നത്തെ സുവിശേഷത്തിലെ സുവര്‍ണ്ണ നിയമം എന്ന് വിശേഷിപ്പിക്കുന്നത് ആറാം അധ്യായം 31-ാം വാക്യമാണ്. “മറ്റുളളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍”, “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന പഴയ നിയമ ചിന്തകള്‍ക്കും നിയമങ്ങള്‍ക്കും വിപരീദമായി, പരസ്പര ബന്ധത്തില്‍ നാം പാലിക്കേണ്ട സുവര്‍ണ്ണ നിയമം യേശു പഠിപ്പിക്കുന്നു. 32 മുതല്‍ 35 വരെയുളള വാക്യങ്ങള്‍ നാം എന്തിന് വേണ്ടി നന്മചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നു. ശത്രുക്കളെ സ്നേഹിക്കുമ്പോഴും, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ വായ്പ കൊടുക്കുമ്പോഴും, പ്രതിഫലം ആഗ്രഹിക്കാതെ നന്മചെയ്യുമ്പോഴും നമ്മള്‍ അത്യുന്നതന്‍റെ പുത്രന്മാരെന്ന് വിളിക്കപ്പെടുകയും, ദൈവം നമ്മോട് കരുണ കാണിക്കുകയും ചെയ്യുമെന്ന് പഠിപ്പിക്കുന്നു. 36 മുതല്‍ 38 വരെയുളള വാക്യങ്ങളില്‍ മറ്റുളളവരോടുളള ബന്ധത്തിന്‍റെ അടിസ്ഥാനം കാരുണ്യമാണെന്നും, നാം വിധിക്കരുതെന്നും കുറ്റമാരോപിക്കരുതെന്നും പറയുന്നു.
ദൈവം – എല്ലാ ബന്ധങ്ങളുടെയും പെരുമാറ്റത്തിന്‍റെയും മാനദണ്ഡം:
ഇന്നത്തെ സുവിശേഷം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന യാഥാര്‍ഥ്യമാണിത്. സഹജീവികളുമായും ബന്ധുക്കളുമായും ശത്രുക്കളുമായും സുഹൃത്തുക്കളുമായുമുളള നമ്മുടെ ബന്ധത്തിന്‍റെയും ഇടപെടലിന്‍റെയും പെരുമാറ്റത്തിന്‍റെയും മാനദണ്ഡം, ദൈവവും ദൈവത്തിലുളള നമ്മുടെ വിശ്വാസവുമാണ്. ഇന്നത്തെ ഒന്നാം വായനയിലും ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. സാവൂള്‍ രാജാവും ദാവീദും തമ്മില്‍ ശക്തിയുടെ കാര്യത്തില്‍ മത്സരമുണ്ടായിരുന്നു. സാവൂളിതാ ദാവീദിനെ കൊല്ലാനായി സൈന്യത്തോടൊപ്പം അവനെ വേട്ടയാടുന്നു. എന്നാല്‍ മരുഭൂമിയില്‍ വച്ച് രാത്രിയില്‍, തന്‍റെ ശത്രുവായ സാവൂളിനെ എളുപ്പം കൊല്ലാവുന്ന തരത്തില്‍ ദാവീദ് കണ്ടെത്തുന്നു. നിഷ്പ്രയാസം സാവൂളിനെ വകവരുത്താമായിരുന്നിട്ടും ദാവീദ് അത് ചെയ്യുന്നില്ല. അതോടൊപ്പം ശത്രുവിനെ വകവരുത്താനായി ആവശ്യപ്പെടുന്ന ആബിഷായോടു ദാവീദ് പറയുന്നത് “കര്‍ത്താവിന്‍റെ അഭിക്തനെതിരെ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായിരിക്കാന്‍ ആര്‍ക്ക് കഴിയും” എന്നാണ്. തന്നെ കൊല്ലാന്‍ തേടിനടന്ന സാവൂളിനെ കര്‍ത്താവിന്‍റെ അഭിഷിക്തനെന്ന കാരണത്താല്‍ ദാവീദ് കൊല്ലുന്നില്ല. കാരണം കര്‍ത്താവിന്‍റെ അഭിഷിക്തനെ ആക്രമിച്ചാല്‍ തന്‍റെ നാശവും തുടങ്ങുമെന്ന് ദാവീദിന് അറിയാമായിരുന്നു. പിന്നീട്, സുരക്ഷിതമായ താവളത്തിലേക്ക് തിരികെവന്ന ദാവീദ് സാവൂള്‍ രാജാവിനോട് തന്‍റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. “ഓരോരുത്തനും അവനവന്‍റെ നീതിക്കും വിശ്വസ്തയ്ക്കും ഒത്തവണ്ണം കര്‍ത്താവ് പ്രതിഫലം നല്‍കുന്നു. ഇന്ന് കര്‍ത്താവ് അങ്ങയെ എന്‍റെ കൈയിലേൽപിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരെ ഞാന്‍ കരമുയര്‍ത്തുകയില്ല”. തന്‍റെ ശത്രുവിനോടുപോലുമുളള പെരുമാറ്റത്തില്‍ ദാവീദ് ദൈവത്തെയും ദൈവത്തിലുളള തന്‍റെ വിശ്വാസത്തെയും മനദണ്ഡമാക്കി.
ഇന്നത്തെ സുവിശേഷം ഒന്നാം വായനയും വലിയൊരു ജീവിത സത്യം നമ്മെ പഠിപ്പിക്കുന്നു. ശത്രുക്കളും, മിത്രങ്ങളും, ബന്ധുക്കളും, സഹോദരങ്ങളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, ആവശ്യക്കാരും, നമ്മില്‍ നിന്നു വ്യത്യസ്തമായ നിലപാടുളളവരും, ഭിന്നാഭിപ്രായക്കാരും, നാം ജീവിക്കുന്ന സമൂഹവും നമുക്കുചുറ്റുമുണ്ട്. ഇവരോടൊക്കെ നാം നിരന്തരം ബന്ധപ്പെടുകയും വേണം. ചിലപ്പോഴൊക്കെ ഇവരുമായി മത്സരവും ഉണ്ടാകാറുണ്ട്. പക്ഷേ ഈ ബന്ധങ്ങളിലെല്ലാം നാം എന്തുമനോഭാവമാണ് പുലര്‍ത്തുന്നത്? ഇവരുമായുളള ബന്ധത്തില്‍ എന്ത് പരിധിയാണ് നാം പുലര്‍ത്തുന്നത്? യേശു പറഞ്ഞതനുസരിച്ച് ജീവിക്കുന്നത്, നാം പ്രസംഗത്തിന്‍റെ ആദ്യഘട്ടത്തില്‍ കണ്ടതുപോലെ അസാധാരമായ കായികവിജയം കൈവരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. അസാധാരണമായ ആത്മീയ വിജയം കൈവരിക്കാന്‍ ആരാണ് നമുക്ക് മാതൃക നല്‍കുക? അത് യേശു തന്നെയാണ്. തന്‍റെ ജീവിതത്തിലൂടെയും പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ക്ഷമയുടെയും സ്നേഹത്തിന്‍റെയും കരുണയുടെയും വലിയൊരു മാതൃക യേശു നമുക്ക് നല്‍കുന്നു. ജീവിതമാകുന്ന മത്സരവേദിയില്‍, അസാധാരമായ, മറ്റുളളവരെ അതിശയിപ്പിക്കുന്ന ആത്മീയ വിജയം കൈവരിക്കാന്‍ നമുക്കും യേശുവിനെ അനുകരിക്കാം.
ആമേന്‍