കാഴ്ചയും ഉള്‍കാഴ്ചയും
ഫാ. ജോസഫ് പാറാങ്കുഴി
മണി ഗോപുരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് പളളിമണിയുടെ സ്ഥാനം. ആരാധനക്കും വിശേഷ അവസരങ്ങളിലും വിശ്വാസികളെ പളളിയിലെത്തിക്കുന്ന ദൗത്യം പളളിമണികള്‍ക്കാണ്. എന്നാല്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് ഈ പളളിമണി ഒരിക്കലും ദേവാലയത്തിനുളളില്‍ പ്രവേശിക്കുകയോ, ആരാധനയിലൂടെ വിശ്വാസി സമൂഹത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ലഭിക്കാതെ എപ്പോഴും പുറത്തു തന്നെ നില്‍ക്കുകയാണ്. ഇന്ന് നമ്മുടെ സഭയില്‍ കാണുന്ന ഈ പ്രതിഭാസത്തിന് ഉത്തമ ഉദാഹരണമാണ് പളളിമണി!!! പരമ്പരാഗത ക്രിസ്ത്യാനികളെന്ന് വീമ്പുപറയുന്ന പലരും ദേവാലയത്തിനുളളില്‍ പ്രവേശിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ, വചനം ശ്രവിക്കുകയോ, കൂദാശകള്‍ സ്വീകരിച്ച് അനുഗ്രഹം പ്രാപിക്കുകയോ ചെയ്യാതെ, പളളിക്ക് പുറത്ത് നിന്ന് ഒച്ചയുണ്ടാക്കുന്നവരായിട്ട് മാറിയിരിക്കുകയാണ്. ഇടവകയുടെ നാനാമുഖമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന് തെരഞ്ഞെടുക്കപ്പെട്ട്, സത്യപ്രതിജ്ഞ ചെയ്ത് ഭാരവാഹിത്വം ഏറ്റെടുക്കുന്നവര്‍ പോലും “ഇന്ന്” പളളിമണിയുടെ സ്ഥാനമാണ് അലങ്കരിക്കുന്നത് എന്നത് വിശ്വാസിസമൂഹത്തിന് ഒരു എതിര് സാക്ഷ്യം നല്കലായി, ഉതപ്പായി മാറിയിരിക്കുകയാണ്.
ദൈവവചനം വായിച്ച്, ധ്യാനിച്ച്, പ്രാര്‍ത്ഥിച്ച് ഒരുങ്ങാതെയുളള വൈദികരുടെ വചനപ്രഘോഷണവും പളളിമണിയുടെ നിലവാരത്തിലേക്ക്, ഹൃദയത്തിനുളളില്‍ തുടര്‍ ചലനങ്ങളും, പ്രതിപ്രവര്‍ത്തനങ്ങളും, വരപ്രസാദത്തിന്റെ അനുരണനങ്ങളും ഉണർത്താതെ കുറച്ച് ഒച്ചയും മുഴക്കവുമായി തരംതാണുപോകുന്നുവെന്ന പരിഭവം അല്മായര്ക്കും ഉണ്ടെന്നുളള വസ്തുത നിഷേധിക്കാനാവില്ല.
വി. ലൂക്കയുടെ സുവിശേഷം 18 -Ɔο അദ്ധ്യായം 9 മുതൽ 14 വരെയുളള വചനഭാഗങ്ങളില് ചുങ്കക്കാരന്റെയും ഫരിസേയന്റെയും പ്രാര്‍ത്ഥനാ ജീവിതം യേശു ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫരിസേയന് ഒരു പളളിമണിയുടെ നിലയിലേക്ക് താഴുകയും അനുഗ്രഹം പ്രാപിക്കാതെ ഒഴിഞ്ഞ മനസ്സോടും, ഹൃദയത്തോടും കൂടെ മടങ്ങിപ്പോവുകയാണ്…!
നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും, നല്ലനിലത്തു വീഴുന്ന വിത്ത് നൂറുമേനി ഫലം വിളയിക്കും. നാം വിശ്വാസം സ്വീകരിച്ചപ്പോള്‍ തിരുസഭ നല്കിയ “ത്രിവിധ ധര്‍മ്മങ്ങള്‍” മറക്കാതിരിക്കാം. യേശുവിന്റെ പൗരോഹിത്യ – രാജകീയ – പ്രവാചക ധര്‍മ്മങ്ങള്‍ ഏറ്റെടുത്ത്, സുവിശേഷത്തിന് ജീവിതം കൊണ്ട് സാക്ഷ്യം നല്കാന് കര്‍ത്താവു നമ്മെ അനുഗ്രഹിക്കട്ടെ…!!!
Fr Joseph your reflection is a good one. Congratulations. Please continue to write so that it will help and inspire many. God bless.