അർത്തുങ്കൽ പെരുന്നാളിന് നിറം പകർന്ന് ഭിന്നശേഷിക്കാരുടെ ദിനം
ജോസ് മാർട്ടിൻ
ആലപ്പുഴ: അർത്തുങ്കൽ ബസിലിക്കയിൽ മകരം പെരുന്നാളിന്റെ ഭാഗമായി ‘ഭിന്നശേഷിക്കാരുടെ ദിനം’ ആഘോഷിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഭിന്നശേഷിക്കാർക്കായി പ്രാർത്ഥിക്കാനും അവരെ അംഗീകരിക്കാനും ആദരിക്കാനുമായി ഈ ദിനം പെരുന്നാളിൽ ഉൾപ്പെടുത്തി തുടങ്ങിയത്.
ഭിന്നശേഷികരായ പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമായി രണ്ടു ദിവ്യബലികളാണ് അർപ്പിച്ചത്. മൂന്നു മണിക്ക് അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ ആലപ്പുഴയിൽനിന്നും കോട്ടയത്തുനിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റമ്പതോളം വിശ്വാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേരളത്തിൽ ബധിരരുടെയും മൂകരുടെയും ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ.ബിജു മൂലക്കരയാണ് ഈ സംഗമത്തിന് നേതൃത്വം നൽകിയത്. ഫാ. പ്രിയേഷ് കളരിമുറിയിലാണ് ദിവ്യബലി അർപ്പിച്ചത്. ആഗ്യ ഭാഷയിലായിരുന്നു ദിവ്യബലി അർപ്പണം.
ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും ഉള്ള ഇതരമതസ്ഥരായ ബധിരരും മൂകരുമായ സഹോദരങ്ങളുടെ സാന്നിധ്യം മതസൗഹാർദ്ദത്തിൻ്റെ നിറവും പകർന്നു. ദിവ്യബലിയെ തുടർന്ന് ആലപ്പുഴയിൽ പ്രവർത്തിച്ചു വരുന്ന ബധിര-മൂക കമ്മ്യൂണിറ്റിയുടെ ഒന്നാം വാർഷിക ആഘോഷങ്ങളും ഉണ്ടായിരുന്നു.
വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്ക് നേതൃത്വം നൽകിയത് ആലപ്പുഴ രൂപതയുടെ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ റവ.സിസ്റ്റർ ലിൻ്റയുടെ മേൽനോട്ടത്തിൽ 30 ഭിന്നശേഷിക്കാരായ കുട്ടികളും അധ്യാപകരും ശുശ്രൂഷാക്രമീകരണം നടത്തി. ഫാ. തോമസ് മേക്കാടൻ SDB ദിവ്യബലി അർപ്പിക്കുകയും ഫാ.ജെയ്സൺ നെരിപ്പാറ SDB വചന പ്രഘോഷണം നടത്തുകയും ചെയ്തു.
ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും കുട്ടികൾക്കും ലഭിക്കുന്ന അംഗീകാരം അവരുടെ കഴിവുകൾ വളർത്തുകയും ദൈവാനുഗ്രഹത്തിന് കാരണമാവുകയും ചെയ്യുമെന്ന് ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർത്ഥശ്ശേരിൽ പറഞ്ഞു.