മില്ലറ്റ് രാജപ്പൻ
റോം: റോമിലെ കേരള ലത്തീൽ കത്തോലിക്കാ സമൂഹം, തങ്ങളുടെ ഇടവകയുടെ മധ്യസ്ഥനായ ‘വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ’ ആഘോഷിച്ചു. ഡിസംബർ 2-ാം തീയതി 10:30 – ന് ഇടവക ദേവാലയത്തിൽ വച്ച് നടത്തിയ ആഘോഷമായ സമൂഹ ദിവ്യബലിയ്ക്ക് ഓ.എസ്.ജെ. യുടെ ജനറൽ കൗൺസിലർ ജോൺ ആട്ടുളി മുഖ്യകാർമികനായി.
ആലപ്പുഴ രൂപതാഗവും ഇപ്പോൾ ഇറ്റലിയിലെ അസ്സീസിക്കടുത്തുള്ള ഫൊളീഞ്ഞോ രൂപതയിൽ സേവനം ചെയ്യുകയും ചെയ്യുന്ന ഫാ.റോയി വചന സന്ദേശം നൽകി. നന്മയും തിന്മയും തിരിച്ചറിയുവാനുള്ള വരം ചോദിച്ചുകൊണ്ട്, സൗമ്യമായ ഹൃദയം ആവശ്യപ്പെട്ട സോളമനും, എല്ലാം നഷ്ടപ്പെട്ടിട്ടും ഒരിക്കലും ദൈവത്തെ തള്ളിപ്പറയാതെ ‘ദൈവം തന്നു ദൈവം എടുത്തു, അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ’ എന്ന് പറയുന്ന ജോബും, പുതിയ നിയമത്തിൽ ജനക്കൂട്ടത്തിനിടയിൽ ക്രിസ്തുവിനെ തൊടുവാൻ ശ്രമിക്കുന്ന സ്ത്രീയും, നീ എന്റെ വീട്ടിൽ വരുവാൻ ഞാൻ യോഗ്യനല്ലെന്ന് പറയുന്ന ശതാധിപനും ഒക്കെ ദൈവത്തെപ്പോലും അത്ഭുതപ്പെടുത്തിയവരാണെന്നും, ഫ്രാൻസിസ് സേവ്യറും അത്തരത്തിൽ ദൈവത്തിന്റെ മുന്നിൽ പ്രീതികരമായ ജീവിതം നയിച്ച വിശുദ്ധനായിരുന്നുവെന്ന് വചന സന്ദേശത്തിൽ ഫാ.റോയി അവതരിപ്പിച്ചു. നമ്മുടെ വിശുദ്ധൻ സത്യത്തിൽ തന്റെ തന്നെ ആത്മീയ വിശുദ്ധികൊണ്ടും ജീവിത ലാളിത്യം കൊണ്ടും ലോകത്തിൽ ആത്മീയ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണെന്നും, അതുകൊണ്ട്, ഈ ആഗമന കാലത്തിൽ വിശുദ്ധനിൽ കണ്ടെത്താൻ സാധിക്കുന്ന, സ്നാപക യോഹന്നാനിലെ വിപ്ലവകാരിയായ പ്രഘോഷണചൈതന്യവും,പരിശുദ്ധ കന്യകാ മറിയത്തെപ്പോലെ ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തുവിനുവേണ്ടി ആയിരിക്കുവാനുള്ള മനോഭാവവും നമുക്കും വളർത്താമെന്നും വചന സന്ദേശത്തിൽ അച്ചൻ പറഞ്ഞു.
എം.എസ്.എഫ്.എസ്. കോൺഗ്രിഗേഷന്റെ എക്കോണമോ ജനറൽ
ഫാ.അഗസ്റ്റിൻ, മുരിയാൽദൊ സഭയിലെ കൗൺസിലർ ഫാ.മിശിഹാ ദാസ്, മുരിയാൽദൊ സഭയിയുടെ ഇന്ത്യൻ പ്രൊവിൻഷ്യൽ ഫാ.മിൽട്ടൺ, ഉർബാനിയാ കോളേജിലെ ആത്മീയ ഉപദേഷ്ടാവ്, ഉർബാനിയാ കോളേജിലെ വൈസ് റെക്ടർ, തുടങ്ങി 25 – ലധികം വൈദീകർ സഹകാർമികരായി.
കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, തിരുനാൾ ആഘോഷം വളരെ ലളിതമായാണ് നടത്തുന്നതെന്നും, സാധാരണ നടത്തിയിരുന്ന ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഈ വർഷം ഉപേക്ഷിച്ചുവെന്നും റോമാ ഇടവക വികാരി ഫാ. സനു ഔസേപ്പ് പറഞ്ഞു.
റോമിൽ പഠിക്കുകയോ സേവനം ചെയ്യുകയോ ചെയ്യുന്ന നിരവധി സിസ്റ്റേഴ്സും, വൈദീക വിദ്യാർത്ഥികളും, നാന്നൂറിലധികം വിശ്വാസികളും തങ്ങളുടെ ഇടവക തിരുനാളാഘോഷത്തിന് ഒത്തുചേർന്നു.
ദിവ്യബലിക്കുശേഷം ‘തിരുശേഷിപ്പ് വന്ദന’മുണ്ടായിരുന്നു. തുടർന്ന്, സ്നേഹ വിരുന്നോടുകൂടിയാണ് തിരുനാൾ ആഘോഷങ്ങൾ അവസാനിച്ചത്.