Kerala

കെ.സി.ബി.സി.യുടെ ലോഗോസ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു: സംസ്ഥാനതല ലോഗോസ് പ്രതിഭ – റോസ്‌മേരി; ബധിരര്‍ക്കായുള്ള പ്രഥമ ലോഗോസ് ടി‌വി ക്വിസ് വിജയി – പോള്‍ ഡേവിഡ്

കെ.സി.ബി.സി.യുടെ ലോഗോസ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു: സംസ്ഥാനതല ലോഗോസ് പ്രതിഭ - റോസ്‌മേരി; ബധിരര്‍ക്കായുള്ള പ്രഥമ ലോഗോസ് ടി‌വി ക്വിസ് വിജയി - പോള്‍ ഡേവിഡ്

സ്വന്തം ലേഖകൻ

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇത്തവണത്തെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍, കോതമംഗലം രൂപതയിലെ കുണിഞ്ഞി പാദുവാഗിരി ഇടവകാംഗമായ റോസ്‌മേരി ലോഗോസ് പ്രതിഭയായി. ഡി വിഭാഗത്തിലാണു റോസ് മേരി മത്സരിച്ചത്.

അതേസമയം, ഇതാദ്യമായി ബധിരര്‍ക്കുവേണ്ടി സംഘടിപ്പിച്ച ലോഗോസ് ബൈബിള്‍ ടി‌വി ക്വിസില്‍ തലശേരി അതിരൂപതയിലെ, പോള്‍ ഡേവിഡ് വിജയിയായി.19 വര്‍ഷമായി തുടരുന്ന ലോഗോസ് ക്വിസ് മത്സരത്തില്‍ ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു ബധിരര്‍ക്കായുള്ള ടിവി ബൈബിള്‍ ക്വിസ്. സി.എം.സി. സന്യാസിനിമാരുടെ ഇരിട്ടിയിലെ ചാവറ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പോള്‍ ഡേവിഡ്.

രൂപത, മേഖലാ തലങ്ങളില്‍നിന്ന് ആറു വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സംസ്ഥാനതല മത്സരങ്ങള്‍ പാലാരിവട്ടം പി.ഒ.സി.യിലാണു നടത്തിയത്. ഇതില്‍ ഒന്നാം സ്ഥാനത്തെത്തിയവരാണു ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്. എ വിഭാഗത്തില്‍ മെറ്റില്‍ഡ ജോണ്‍സണ്‍ (ഇരിങ്ങാലക്കുട), ബി വിഭാഗത്തില്‍ അന്നു മാത്യൂസ് (പാലാ), സി വിഭാഗത്തില്‍ ലിനീന വിബിന്‍ (തൃശൂര്‍), ഇ വിഭാഗത്തില്‍ ജെസി ജോസ് (ചങ്ങനാശേരി), എഫ് വിഭാഗത്തില്‍ മേരി പോള്‍ (പാലാ) എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കേരളത്തിനു പുറത്തുനിന്നുള്ള മത്സരാര്‍ഥികളില്‍ മാണ്ഡ്യ രൂപതയിലെ നിമ ലിന്റോ ഒന്നാം സമ്മാനത്തിനു അര്‍ഹയായി.

സമാപന സമ്മേളനത്തില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായി സംഘടിച്ച ബൈബിള്‍ ക്വിസ്, ഏവരും ദൈവത്തിനു പ്രിയപ്പെട്ടവരാണെന്ന സന്ദേശം ഉച്ചത്തില്‍ പ്രഘോഷിക്കുന്നതാണെന്നു സമ്മാനദാന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ പറഞ്ഞു.

വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്കു സ്വര്‍ണ മെഡലുകളും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. പാലയ്ക്കല്‍ തോമ്മാ മല്പാന്‍ കാഷ് അവാര്‍ഡും (25,000 രൂപ) തൊടുപുഴ കണ്ടിരിക്കല്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന വിശുദ്ധനാടു സന്ദര്‍ശനവുമാണു ലോഗോസ് പ്രതിഭയ്ക്കു സമ്മാനം.

കേരളത്തിനകത്തും പുറത്തുമുള്ള 39 രൂപതകളില്‍ നിന്നു 5.47 ലക്ഷം പേരാണ് 19ാമതു ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker