സ്വന്തം ലേഖകൻ
പാറശ്ശാല: പാറശ്ശാലയിലെ മുണ്ടപ്ലാവിള ക്രിസ്തുരാജ ദേവാലയം തിരുനാൾ മഹോത്സവം നവംബർ 23 വെള്ളിയാഴ്ച ആരംഭിച്ചു. തിരുനാൾ 25 ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും.
ഇടവക വികാരി ഫാ. ജോസഫ് ഷാജി തിരുനാൾ പതാക ഉയർത്തികൊണ്ട് ക്രിസ്തുരാജ ഇടവൻ തിരുനാളിന് ആരംഭം കുറിച്ചു. തുടർന്ന്, നെയ്യാറ്റിൻകര രൂപതാ മെത്രാൻ ആഭിവന്ദ്യ വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയർപ്പണം നടന്നു. ഫാ. ജോസഫ് ഷാജി, ഫാ. ബെൻ ബോസ് എന്നിവർ സഹകാർമികരായി.
രണ്ടാം ദിവസത്തെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് കട്ടയ്ക്കോട് ഫെറോന വികാരി ഫാ. റോബർട്ട് വിൻസെന്റ് മുഖ്യകാർമ്മികനാവും. തുടർന്ന്, ഫാ.ഷാജി ഡി.സാവിയോ നയിക്കുന്ന ജീവിത നവീകരണ ധ്യാനം.
അവസാന ദിനമായ ഞായറാഴ്ച പരാശശാല ഫെറോന വികാരി മുഖ്യകാർമ്മികനാവുന്ന തിരുനാൾ ദിവ്യബലിയ്ക്ക് ആലുവ കർമ്മലഗിരി സെമിനാരി പ്രൊഫ. റവ.ഡോ.ഗ്രിഗറി ആർബി വചന സന്ദേശം നൽകും.
തിരുനാൾ ദിവസങ്ങളിൽ വിശുദ്ധഗ്രന്ഥ പാരായണം, ജപമാല നൊവേന, കരുണക്കൊന്ത എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.