അർച്ചന കണ്ണറവിള
ഉണ്ടൻകോട്: കിളിയൂർ ഇടവക കേന്ദ്രമാക്കി സ്‌ഥാപിതമായ ലീജിയൻ ഓഫ് മേരിയുടെ കൂരിയ രജത ജൂബിലി 2018 നവംബർ 24, 25 തീയതികളിൽ കുരിശുമല സംഗമ വേദിയിൽ വച്ചു നടത്തപ്പെടുന്നു. ലോകത്തിനും, അതിന്റെ നശീകരണശക്തിക്കും എതിരായി തിരുസഭ നിരന്തരം നടത്തുന്ന സമരത്തിൽ സൈനികസേവനം ചെയ്യാൻ സ്വയം സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയാണ് ലീജിയൻ ഓഫ് മേരി.
1993-നവംബർ 27-നാണ് കിളിയൂരിൽ കൂരിയ നിലവിൽ വന്നത്. 25 വർഷം പിന്നിടുന്ന ഈ അവസരത്തിൽ കൂരിയക്ക് ശക്തമായ അടിത്തറ ഒരുക്കിയ ആധ്യാത്മിക നിയന്താക്കൾക്കും സൈനികർക്കും നന്ദി അർപ്പിക്കുന്നതോടൊപ്പം, ആദ്യകാല നേതൃത്വം നൽകിയ ധീരരായ സൈനികരെ ആദരിക്കുകയും ചെയുന്നു.
24-ന് രാവിലെ 8:30-ന് ലൂർദുമാതാ മുള്ളിലവുവിളയിൽ വച്ച് രജിസ്ട്രേഷൻ ആരംഭിക്കുന്ന കാര്യപരിപാടി ഉദ്ഘാടനം ചെയുന്നത് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ്. റവ. മോൺ. ജി. ക്രിസ്തുദാസ് ആണ്. കുരിശുമല റെക്ടർ വെരി. റവ. മോൺ. ഡോ. വിൻസെന്റ്. കെ. പീറ്റർ പ്രസ്തുത പരിപാടിയിൽ അധ്യഷനായിരിക്കും. കുരിശുമല ഇടവകവികാരി ഫാ. രതീഷ് മാർക്കോസ്, ബ്രദർ. ഷാജി ബോസ്കോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
തുടർന്ന് 10:30-ന് തിരുവനന്തപുരം അതിരൂപത ഫാമിലി മിനിസ്ട്രി ഡയറക്ടർ റവ. ഫാ. ജോൺ “മരിയ ശാസ്ത്രം” എന്ന വിഷയത്തെ ആസ്പതമാക്കി ക്ലാസ്സ് നയിക്കും.
12:30-ന് സി. അൽഫോൻസായുടെ നേതൃത്വത്തിൽ സൈനിക ജപശൃംഖല ഉണ്ടായിരിക്കും. തുടർന്ന്, “പരിശുദ്ധ അമ്മയും വിശ്വാസ സത്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാ. ആൽബർട്ട് ക്ലാസ്സ് കൈകാര്യം ചെയ്യുന്നു. തുടർന്ന്, ബ്രദർ. ഷാജി ബോസ്കോ “നിയമഗ്രന്ഥം” ആസ്പദമാക്കി ക്ലാസ്സ് എടുക്കുന്നു.
25-ന് ഒരു മണിക്ക് തുടങ്ങുന്ന പ്രാരംഭ പ്രാർത്ഥനയ്ക്കും ജപമാലയ്ക്കും നേതൃത്വം നല്കുന്നത് സി. സുധാകുമാരിയാണ്. തുടർന്ന് “പരി.മാതാവ് ഇതര മതഗ്രന്ഥങ്ങളിൽ” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ്. റാഫേൽസ് മൈനർ സെമിനാരി റെക്ടർ വെരി. റവ. ഡോ. ജോസഫ് സുഗുൺ ലിയോൺ ക്ലാസ്സ് നയിക്കും.
തുടർന്ന്, സമാപന സമ്മേളനവും മരിയ സൈനികരെ ആദരിക്കലും നടക്കുന്നു.
Ave Maria