Sunday Homilies

അത്തിമരത്തില്‍ നിന്ന് പഠിക്കുവിന്‍

അത്തിമരത്തില്‍ നിന്ന് പഠിക്കുവിന്‍

ആണ്ടുവട്ടം 33-ാം ഞായര്‍

ഒന്നാം വായന : ദാനിയേല്‍ 12 : 1-3
രണ്ടാംവായന : ഹെബ്രാ. 10 : 11-14, 18
സുവിശേഷം : വി. മര്‍ക്കോസ് 13:24-32

ദിവ്യബലിക്ക് ആമുഖം

ആരാധനാക്രമ വത്സരം അവസാനിക്കാറാകുന്ന ഈ ഘട്ടത്തില്‍ യുഗാന്ത്യത്തെക്കുറിച്ചും മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചുമുള്ള തിരു വചനങ്ങളാണ് ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നും വി.മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നുമായി തിരുസഭ ഈ ഞായറാഴ്ച നമുക്കു നല്‍കിയിരിക്കുന്നത്. നമ്മുടെ വിശ്വാസത്തിന്‍റെ ഏറ്റവും സുപ്രധാനമായ ഈ കാര്യങ്ങള്‍, കൂടുതല്‍ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആവശ്യമായ വെളിപാട് പുസ്കത ശൈലിയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ വിവരിച്ചുകൊണ്ട് വചനം നമ്മെ ഭയപ്പെടുത്തുകയല്ല, മറിച്ച് നമ്മുടെ വര്‍ത്തമാനകാല വിശ്വാസ ജീവിതത്തെ ധൈര്യപ്പെടുത്തുകയാണ്. തിരുവചനം ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.

വചന പ്രഘോഷണ കർമ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,

ഇന്നത്തെ സുവിശേഷത്തില്‍ നമ്മുടെയെല്ലാം ശ്രദ്ധ ആകര്‍ഷിപ്പിക്കുന്ന സവിശേഷ വാക്യമാണ് “അത്തിമരത്തില്‍ നിന്ന് പഠിക്കുവിന്‍, അതിന്‍റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഇക്കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അവന്‍ സമീപത്ത് വാതില്‍ക്കല്‍ എത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊളളുക”. അത്തിമരങ്ങള്‍ പാലസ്തീനായില്‍ യേശുവിന്‍റെ കാലത്ത് ധാരാളമായി കണ്ടുവന്നിരുന്നു. ശൈത്യകാലത്തെ അന്തരീക്ഷത്തില്‍ തണുപ്പാണെങ്കിലും മഴയാണെങ്കിലും ഈ പ്രതിരോധങ്ങളെ വകവയ്ക്കാതെ അത്തിമരത്തില്‍ പുതുനാമ്പുകള്‍ വരുന്നു. ശൈത്യത്തിന്‍റെയും ഈര്‍പ്പത്തിന്‍റെയും പ്രതികൂല കാലാവസ്ഥയില്‍ ജീവിക്കുന്നവരാണെങ്കിലും ഈ പുതുനാമ്പുകള്‍ കണ്ടാല്‍ മനസിലാകും ഇതാ വേനല്‍ക്കാലം വരാന്‍ പോകുന്നുവെന്ന്. അതായത്, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും ജീവിതത്തിലെ പുതുനാമ്പുകള്‍ കണ്ട് ഏറ്റവും ശുഭകരമായത് സംഭവിക്കാന്‍ പോകുന്നുവെന്ന വിശ്വാസം.

ഏ.ഡി. എഴുപതോടു കൂടി റോമാക്കാര്‍ ജെറുസലേം ആക്രമിക്കുകയും യേശു പ്രവചിച്ചതുപോലെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ദേവാലയം നശിപ്പിക്കപ്പെടുകയും വിശ്വാസികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിക്കപ്പെടുകയും തുടര്‍ന്ന് പീഠനങ്ങളിലൂടെയും പ്രതികൂല സാഹചര്യങ്ങളിലൂടെയും സംശയത്തിലൂടെയും നിരാശയിലൂടെയും കടന്നുപോകുന്ന തന്‍റെ വിശ്വാസ സമൂഹത്തെ, യേശുവിന്‍റെ വാക്കുകളിലൂടെ വി. മര്‍ക്കോസ് സുവിശേഷകന്‍ ശക്തിപ്പെടുത്തുകയാണ്.

മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിന്‍റെ സമയമോ, കാലമോ, എന്തിനേറെ ദിവസത്തിനെക്കുറിച്ചോ ദൂതന്മാര്‍ക്കോ പുത്രനു പോലുമോ അറിയില്ലെന്ന് സുവിശേഷം വ്യക്തമായി പറയുന്നു. എന്നാല്‍ ഈ രണ്ടായിരം വര്‍ഷത്തിനിടയില്‍ ധാരാളം പേര്‍ മനുഷ്യപുത്രന്‍റെ ആഗമനം പ്രവചിച്ച് രംഗത്തെത്തി, ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചിലര്‍ പറഞ്ഞു രണ്ടായിരം വര്‍ഷമായപ്പോള്‍ അത് സംഭവിക്കുമെന്ന്.

2012-ല്‍ പുരാതന ‘മായന്‍ കലണ്ടറ’നുസരിച്ച് ലോകാവസാനം സംഭവിക്കുമെന്ന് ഇന്‍റര്‍നെറ്റിലൂടെ പ്രവചിച്ചത് നാം കണ്ടു. ഈ അടുത്ത കാലത്ത് പ്രകൃതിയിലും കാലാവസ്ഥയിലും സഭയിലുമുണ്ടായ സംഭവ വികാസങ്ങള്‍ കണ്ട് ലോകാവസാനമായി എന്നു പ്രവചിച്ചവരെയും നമ്മള്‍ കണ്ടു. യേശുവിന്‍റെ രണ്ടാം വരവിനെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍, ‘ആ സമയവും കാലവും ദൈവത്തിന് മാത്രമേ അറിയുകയുളളൂ’ എന്ന് യേശു വ്യക്തമായി പറയുന്നു. നമ്മുടെ കര്‍ത്തവ്യം ആശങ്കയില്ലാതെ സംശയമില്ലാതെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ ജീവിക്കുക എന്നുളളതാണ്.

തണുപ്പിലും അത്തിമരത്തിലെ ഇളം നാമ്പുകള്‍ കാണുകയും അതിലൂടെ വേനല്‍ക്കാലം വരാറായി എന്ന് മനസ്സിലാക്കുകയും അതിനായി പ്രതീക്ഷിക്കുകയും ചെയ്യുന്നതുപോലെ, സഭയിലും ജീവിതത്തിലും പ്രതികൂലമായ സാഹചര്യങ്ങളിലും സഭയിലെ നന്മകള്‍ കണ്ടുകൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടും പ്രതീക്ഷയോടും ശുഭാപ്തി വിശ്വാസത്തോടും കൂടെ മനുഷ്യപുത്രന്‍റെ ആഗമനം വരെ നമ്മുടെ വിശ്വാസ ജീവിതം മുന്നോട്ടു നയിക്കാം.

ആമേന്‍

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker