Diocese

വാര്‍ദ്ധക്യം ഒരു മുരടിപ്പല്ല- മാതൃകയായി 90 കാരി മാര്‍ഗരിറ്റ് അമ്മാമ്മ

വാര്‍ദ്ധക്യം ഒരു മുരടിപ്പല്ല- മാതൃകയായി 90 കാരി മാര്‍ഗരിറ്റ് അമ്മാമ്മ

അര്‍ച്ചന കണ്ണറവിള

കണ്ണറവിള: വാര്‍ദ്ധക്യം ഒരു മുരടിപ്പല്ല എന്നതിന് മാതൃകയാണ് 90 വയസുള്ള മാര്‍ഗരിറ്റ് അമ്മാമ്മ. വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന ഈ ന്യൂജെന്‍ സാഹചര്യത്തില്‍ തങ്ങളുടെ 90 വയസായ അമ്മയെ പൊന്നു പോലെ നോക്കുകയാണ് മക്കളും, മരുമക്കളും, കൊച്ചു മക്കളും, പേരക്കിടാങ്ങളും. മാര്‍ഗരിറ്റ് അമ്മാമ്മയുടെ 90 ാം ജന്മദിനവും കുടുംബാഗങ്ങള്‍ ആഘോഷമാക്കി.

മാര്‍ഗരിറ്റ് അമ്മാമ്മയ്ക്ക് തന്‍റെ ജീവിതത്തെ കുറിച്ച് പറയാന്‍ ഒത്തിരി കഥകള്‍ ഉണ്ട്. പേരകുട്ടികളുടെയും കൊച്ചുമക്കളുടെയും സ്നേഹഭാജനം ആണ് ‘വാമാഷി’ എന്നു കൂടി വിളിപ്പേരുണ്ടായിരുന്നമാര്‍ഗരിറ്റ് അമ്മാമ്മ.

വാമാഷി ‘മാര്‍ഗരിറ്റ്’ ആയതിനു പിന്നിലും കഥയുണ്ട്. വാമാഷി ജനിച്ചത് സ്വന്തമായി ക്ഷേത്രം ഉണ്ടായിരുന്ന ഒരു തറവാട്ടില്‍ ആയിരുന്നു. അവരുടെ അച്ഛനും സഹോദരങ്ങളും പൂജാരിമാര്‍. കുഞ്ഞിലേ പഠിക്കാന്‍ മിടുക്കി ആയിരുന്നെങ്കിലും സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല.

തുടര്‍ന്ന്, തയ്യല്‍ പഠിക്കാന്‍ വാമാഷിയ്ക്ക് അവസരം കിട്ടി. പള്ളി വക തയ്യല്‍ സ്കൂള്‍ , അവിടെ ക്ലാസ്സ് കൈകാര്യം ചെയ്തിരുന്നത് കന്യാസ്ത്രീകള്‍ . അവരില്‍ നിന്ന് കിട്ടിയ അറിവ് വാമാഷിയെ യേശുവിലേയ്ക്ക് അടുപ്പിച്ചു. പിന്നെ വാമാഷിയുടെ സ്വപ്നം ഈശോയുടെ മണവാട്ടി ആവുക എന്നതായിരുന്നു. വീട്ടുകാര്‍ അതിനു സമ്മതിച്ചില്ല.

എന്നാല്‍ വിവാഹകാര്യം വന്നപ്പോള്‍ വാമാഷി ഒരു വ്യവസ്ഥ മുന്നോട്ട് വച്ചു, ഞാന്‍ ഒരു ക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു. പക്ഷെ വീട്ടുകാര്‍ അതിനും സമ്മതിച്ചില്ല. അവസാനം ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ഹിന്ദുമതത്തില്‍പെട്ട ആളിനെ തന്നെ വിവാഹം കഴിക്കേണ്ട അവസ്ഥ ഉണ്ടായി. പഴയ കാലം, പെണ്‍കുട്ടികള്‍ക്ക് തിരിച്ചു ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. എല്ലാം നിശബ്ദതയായി സഹിച്ചു. വാമാഷിയെ കല്യാണം കഴിച്ച വ്യക്തി വളരെ സ്നേഹസമ്പന്നനായിരുന്നു, അതുകൊണ്ട് തന്നെ വാമാഷിയ്ക്ക് ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ അവസരം ലഭിച്ചു.

തുടര്‍ന്ന് മാമോദീസ സ്വീകരിച്ച വാമഷി, മാര്‍ഗരിറ്റ് എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ മാര്‍ഗരിറ്റ് എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. മാര്‍ഗരിറ്റ് അമ്മാമ്മ തന്‍റെ മക്കളെ വിശ്വാസത്തിന്‍റെ പാതയില്‍ നയിച്ചു. മാത്രമല്ല, 47 പേരെക്കൂടി ഈശോയിലേക്കു അടുപ്പിച്ചു. ചുരുക്കത്തില്‍ മാര്‍ഗരിറ്റ് അമ്മാമ്മ ഒരു വലിയ മിഷന്‍ പ്രവര്‍ത്തക കൂടിയായി മാറുകയായിരുന്നു എന്ന് സാരം.

ജന്മദിന ദിവസം കണ്ണറവിള പരിശുദ്ധന്മാ ദേവാലയത്തില്‍ പിറന്നാള്‍ കുര്‍ബാന സമര്‍പ്പണം നടത്തി. അതിനു ശേഷം എല്ലാ കുടുംബാഗങ്ങളും കുടുംബ വീട്ടില്‍ ഒരുമിച്ചു കൂടി കേക്ക് മുറിക്കുകയും മാര്‍ഗരിറ്റമ്മാമ്മയുടെ 5 മക്കളും ഒന്നുചേര്‍ന്ന് പൊന്നാട അണിയിക്കുകയും ചെയ്തു. അമ്മാമ്മയുടെ മക്കളും കൊച്ചു മക്കളും പേരക്കിടാങ്ങളും ചേര്‍ന്ന് 40 അംഗങ്ങള്‍ ഒരുമിച്ചു കൂടിയ വ്യത്യസ്തമായ ആഘോഷം.

ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുന്ന അധുനിക ലോകത്തില്‍ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ ഈ അവസരം നന്നായി പ്രയോജനപ്പെട്ടുവെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞ് ഇശോക്ക് നന്ദി അര്‍പ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker