Sunday Homilies

ആരാണ് വലിയവന്‍?

ആരാണ് വലിയവന്‍?

ആണ്ടുവട്ടം 25-ാം ഞായര്‍

ഒന്നാം വായന : ജ്ഞാനം 2:1.12.17-20
രണ്ടാം വായന : വി. യാക്കോബ് 3:16-4:3
സുവിശേഷം : വി. മര്‍ക്കോസ് 9: 30-37

ദിവ്യബലിയ്ക്ക് ആമുഖം

എല്ലാവരും വലിയവരാകാന്‍ ആഗ്രഹിക്കുന്നു. ഈ ലോകത്തിലെ അതിസമ്പന്നരെയോ, കലാകായിക ലോകത്തിലെ വിജയികളെയോ അതിശക്തന്മാരായ ലോകനേതാക്കളെയോ നമ്മുടെ മുന്നില്‍ മാതൃകയായി അവതരിപ്പിച്ചുകൊണ്ട് അവരെപ്പോലെയാകണം എന്നു പഠിപ്പിക്കുന്ന ക്ലാസ്സുകളും ക്യാമ്പുകളും നാം കാണാറുണ്ട്. എന്നാല്‍, യേശു തന്‍റെ ശിഷ്യന്മാരുടെ മുമ്പില്‍ ഒരു ശിശുവിനെ മാതൃകയായി അവതരിപ്പിച്ചുകൊണ്ട് ശിഷ്യന്‍മാരെ
ഇന്നത്തെ കാലഘട്ടത്തിനാവശ്യമായ എളിമയുടെയും ശുശ്രൂഷയുടെയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണ്. യേശുവിന്‍റെ തിരുവചനങ്ങള്‍ ശ്രവിക്കാനും അവന്‍റെ തിരുശരീര രക്തങ്ങള്‍ സ്വീകരിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവ വചന പ്രഘോഷണ കര്‍മ്മം

ഇന്നത്തെ സുവിശേഷത്തില്‍ യേശു നമ്മെ രണ്ടു പാഠങ്ങള്‍ പഠിപ്പിക്കുകയാണ്.

ഒന്നാമത്തെ പാഠം ഗലീലയില്‍ വച്ചാണ് പഠിപ്പിക്കുന്നത്. യേശുവിനോടെപ്പം ഉണ്ടായിരുന്ന യേശുവിന്‍റെ അധരങ്ങളില്‍ നിന്നത് ശ്രവിച്ച ശിഷ്യന്‍മാര്‍ക്ക് പോലും ആ പാഠം മനസിലായില്ലെന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നു.

പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുളള യേശുവിന്‍റെ രണ്ടാമത്തെ പ്രവചനമാണ് ഈ ഒന്നാമത്തെ പാഠം. ശിഷ്യന്‍മാരെപ്പോലെ നമുക്കും ഈ പാഠം മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് പ്രത്യേകിച്ചും വിശ്വാസം വെല്ലുവിളിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, സഹിക്കുന്ന സഭയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനും എന്തിനേറെ സഭയെ തളളിപ്പറയാന്‍ പോലും ചിന്തിച്ച് പോകുമ്പോള്‍ യേശുവിന്‍റെ വചനങ്ങള്‍ മനസിലാകാത്ത ശിഷ്യന്‍മാരെ നമുക്ക് ഓര്‍മ്മിക്കാം. പിന്നീട് അവര്‍ക്കത് മനസിലായതും ഈ ലോകത്തിന് ശക്തിയുക്ത്തം യേശുവിന് സാക്ഷ്യം നല്‍കി.

രണ്ടാമത്തെ പാഠം യേശു പഠിപ്പിക്കുന്നത് കഫര്‍ണാമില്‍ വച്ചാണ്. അവിടേക്കുളള യാത്രയില്‍ ശിഷ്യന്‍മാര്‍ തര്‍ക്കിച്ചത് തങ്ങളില്‍ വലിയവന്‍ ആരാണെന്നായിരുന്നു. നമ്മുടെ സാമൂഹ്യ വ്യവസ്ഥയിലും നാം ശ്രവിക്കുന്നത് ഇന്നലെ വരെ ഉളളതിനേക്കാള്‍ ഇന്ന് സ്വയം മെച്ചപ്പെടുന്ന വ്യക്തിയാകാനല്ല, മറിച്ച് മറ്റുളളവരെ തോല്‍പ്പിക്കാനും മറ്റുളളവരെക്കാളും മെച്ചപ്പെടാനുമാണ്. ഇതേ തര്‍ക്കം സഭക്കകത്തും പുറത്തും സഭകള്‍ തമ്മില്‍പ്പോലുമുണ്ട്. പാരമ്പര്യത്തിന്‍റെയും റീത്തിന്‍റേയും പേരിലുളള വ്യത്യാസങ്ങള്‍ പോലും യേശുവിന്‍റെ ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണ്.

എല്ലാ സമൂഹത്തിലും അധികാരത്തിന്‍റെ ഒരു വ്യവസ്ഥിതിയും ശ്രേണിയുമുണ്ട്. ഇതില്ലാതെ ഒരു കൂട്ടായ്മയും സമൂഹവും നിലനില്‍ക്കുന്നില്ല. പക്ഷെ, ഈ വ്യവസ്ഥിതിയില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടേയും ശുശ്രൂഷകനും ആകണമെന്ന് യേശു പഠിപ്പിക്കുന്നു.

ശിശുവിനെ മധ്യേ നിറുത്തി പറയുന്ന ഉദാഹരണം നമുക്ക് വിചിന്തനം ചെയ്യാം. യേശുവിന്‍റെ കാലത്തെ ശിശുക്കള്‍ എക്കാലത്തെയും പോലെ സ്നേഹിക്കപ്പെടുന്നവരാണെങ്കിലും ഇന്നത്തെ സാമൂഹിക ചുറ്റുപാടിലെ ശിശു സംരക്ഷണ നിയമങ്ങള്‍ക്ക് വിധേയരായി സുരക്ഷിതരായി കഴിയുന്നവരല്ല. പലപ്പോഴും അവര്‍ ചെറിയ വീട്ടുജോലികളിലൊക്കെ സഹായിക്കേണ്ടിവന്നിരുന്നു. അവര്‍ യജമാനന്‍മാരല്ല ഭരിക്കുന്നവരല്ല, ഭരിക്കപ്പെടുന്നവരാണ്.
ഇത്തരത്തിലുളള ശിശുവിനെ, അഥവാ ഏറ്റവും എളിയവനായ ഒരുവനെ നാം യേശുവിന്‍റെ നാമത്തില്‍ സ്വീകരിക്കുമ്പോള്‍, നാം യേശുവിനെയും അവനെ അയച്ച പിതാവായ ദൈവത്തെയും സ്വീകരിക്കുന്നു. അതോടൊപ്പം, ഒരു ശിശു നമുക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും, അവനെ ഒരു ശിശുവായി മാത്രം കാണാന്‍ നാം ആഗ്രഹിക്കുന്നില്ല. അവനെ വളരാനും വികസിപ്പിക്കാനും അവന്‍റെ സ്വന്തം ജീവിതം പടിത്തുയര്‍ത്താനും നാം സഹായിക്കുന്നു. അതുപോലെ തന്നെയാകണം യേശുവിന്‍റെ നാമത്തില്‍ നാം സ്വീകരിക്കുന്ന നമ്മുടെ എളിയ സഹോദരങ്ങളോടും നാം ചെയ്യേണ്ടത്. അവരെ വളര്‍ത്താനും വികസിപ്പിക്കാനും നമുക്ക് സാധിക്കണം.

യേശുവില്‍ നിന്ന് ഈ രണ്ട് പാഠങ്ങളും നമുക്ക് പഠിക്കാം. സഭാ ജീവിതത്തിലെ സഹനത്തിന്‍റെ അര്‍ത്ഥം നമുക്ക് മനസിലാക്കാം. അതോടൊപ്പം നമുക്ക് എല്ലാവരുടെയും ശുശ്രൂഷകരാകാം. കാരണം, ഈ കാലഘട്ടത്തിനാവശ്യം എളിമടെ സഭയെയാണ്.

ആമേന്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker