Public Opinion

കന്യാസ്ത്രീകളുടെ നേരെയുള്ള ചില ചൂഷണ യാഥാർത്ഥ്യങ്ങൾ

കന്യാസ്ത്രീകളുടെ നേരെയുള്ള ചില ചൂഷണ യാഥാർത്ഥ്യങ്ങൾ

ഫാ. ബിബിൻ മഠത്തിൽ

ഫേസ്ബുക്കും മീഡിയയും നിറയെ കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്ന കഥകളാണ്. അതും പുരോഹിതന്മാർ ചൂഷണം ചെയ്യുന്ന കഥകൾ. അതുകൊണ്ട് കന്യാസ്ത്രീകളെക്കുറിച്ച് ചില കാര്യങ്ങൾ അങ്ങ് എഴുതാം എന്നു വച്ചു. ചില ചൂഷണ യാഥാർത്ഥ്യങ്ങൾ നിങ്ങളും അറിയട്ടെ.

ആദ്യമായി “കന്യാസ്ത്രീ” എന്ന പേരു വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നു അറിയിക്കട്ടെ. പകരം “സന്യാസിനി” എന്നു വിളിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. കാരണം, കന്യകകൾക്കു മാത്രമേ സന്യാസിനി ആകാവൂ എന്നൊരു നിയമം കത്തോലിക്കാ സഭയിൽ ഇല്ല. വിവാഹം ചെയ്ത ശേഷം വിധവകളായ ധാരാളം ആളുകൾ കത്തോലിക്കാസഭയിൽ സന്യാസിനികൾ ആയിട്ടുണ്ട്. കുടുംബജീവിതത്തിന്റെ പ്രാരാബ്ദങ്ങൾ ഉള്ളവരെ, അതായത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാകാത്ത കുട്ടികൾ ഉള്ളവരെ, ഒക്കെ അനുവദിക്കാറില്ല എന്നു മാത്രം. ഇതു പറയുമ്പോൾ എന്റെ മനസിലേക്ക് ആദ്യമായി ഓടി വരുന്നത് വി. റീത്താ ആണു. വിവാഹം ചെയ്ത, രണ്ടു ആൺമക്കൾ ഉണ്ടായിരുന്ന ഒരു സ്ത്രീ ആയിരുന്നു അവർ.

കേരളത്തിലെ ആദ്യകാല സന്യാസിനിമാർ ആയിരുന്ന മദർ ഏലീശായും വിവാഹം കഴിച്ച ആൾ ആയിരുന്നു. അതുപോലെ തന്നെ ആരാധനാമഠത്തിന്റെ സഹസ്ഥാപിക ഷന്താളമ്മയും വിവാഹശേഷം വിധവയായ ഒരു വ്യക്തി ആണ്.

ചുരുക്കത്തിൽ, സന്യാസിനി ആകുന്നവർ കന്യകയായിരിക്കണം എന്നൊരു നിർബന്ധം കത്തോലിക്കാസഭയിൽ ഇല്ല. എന്നാൽ സന്യാസിനി ആയ ശേഷം ബ്രഹ്മചര്യം കാത്തുസൂക്ഷിക്കണം. കാരണം ബ്രഹ്മചര്യം സന്യാസിനികൾ എടുക്കുന്ന വ്രതങ്ങളിൽ ഒന്നാണ്.

ഇനി പറയാനുള്ളത് സന്യാസിനിമാർ എടുക്കുന്ന മറ്റൊരു വ്രതമായ ദാരിദ്രത്തെക്കുറിച്ചാണ്. ഇവിടെ പലരും സന്യാസിനിമാരെ വൈദികരുമായി താരതമ്യം ചെയ്യുന്നത് കണ്ടു. അത്തരം താരതമ്യങ്ങൾ അസ്ഥാനത്താണ്. വൈദികന്റെ ബദൽ ജീവിതമല്ല സന്യാസിനികളുടേത്. സന്യാസിനികൾക്കു ബദലായി കത്തോലിക്കാസഭയിൽ പുരുഷസന്യാസികളാണു ഉള്ളത്. സന്യാസികൾക്കും സന്യാസിനികൾക്കും സ്വകാര്യസ്വത്തുക്കൾ പാടില്ല എന്നാണു പൊതുവിലുള്ള നിയമം. അതു അവരുടെ ദാരിദ്രവ്രതത്തിന്റെ ഭാഗം ആണ്. അതുകൊണ്ടാണു കോളേജിൽ ജോലി ചെയ്യുന്ന സന്യാസിനി ആയാലും ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ സിസ്റ്റർ ആയാലും അവരുടെ ശമ്പളം സഭയിലേക്ക് പോകുന്നത്. ശ്രദ്ധിക്കുക, ഇവിടെ സഭ എന്നു പറയുന്നത് അവരുടെ കോൺഗ്രിഗേഷൻ ആണ്. അല്ലാതെ പൊതുസഭ അല്ല. അങ്ങനെ ഉയർന്നജോലി ചെയ്യുന്ന സഹോദരിമാർക്കും അവരുടെ മഠങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്ന സഹോദരിമാർക്കും ഒരേ അലവൻസ് ആണു ലഭിക്കുക. ഈ അലവൻസിനപ്പുറം അവരുടെ ഭക്ഷണം, വസ്ത്രം, മരുന്ന്… തുടങ്ങി സ്വകാര്യ ആവശ്യങ്ങൾക്കും ഉള്ള പണവും മഠത്തിൽ നിന്നു അവർക്ക് ലഭിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് അവരുടെ സന്യാസസമൂഹത്തിലെ അംഗങ്ങൾ എല്ലാവരും സഹോദരിമാർ ആണെന്ന ബോധ്യത്തിൽ നിന്നാണ്.

നമ്മുടെ വീടുകളിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്കൊ സ്ത്രീകൾക്കൊ അവരുടെ ശമ്പളം അവരുടേതായ രീതിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നാം ശാഠ്യം പിടിക്കാറുണ്ടോ? അപ്പോൾ പിന്നെ നമ്മുടെ കുടുംബങ്ങളേക്കാളും ഉയർന്ന സാഹോദര്യബോധം പുലർത്തണം എന്നു കരുതുന്ന സന്യാസസഹോദരങ്ങൾക്ക് അവരുടെ വരുമാനം എല്ലാവർക്കും ത്യല്യമായി ഉപയോഗിക്കുവാനുള്ള അവകാശമില്ലേ? ഇനി ഈ രീതി വചനാധിഷ്ടിതമാണോ എന്നു ചോദിച്ചാൽ… ആണ് എന്ന് പറയണം. കാരണം അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്ന ആദിമക്രൈസ്തവസമൂഹത്തിന്റെ രീതിയാണത്. ആവശ്യമുള്ളവർക്ക് ആവശ്യത്തിനനുസരിച്ച് കൊടുക്കുക. സന്യാസിനിമാർക്ക് മാത്രമല്ല, സന്യാസവൈദികർക്കും സന്യാസസഹോദരന്മാർക്കും ഈ രീതിയാണു നിലവിലുള്ളത്.

ഇവിടെയാണു ഇടവകവൈദികരുമായി സന്യാസിനിമാരെ താരതമ്യപ്പെടുത്തുന്നതിലുള്ള പൊരുത്തക്കേട് വ്യക്തമാകുന്നത്. സന്യസ്ഥരിൽ നിന്നു വ്യത്യസ്തമായി പൊതുസ്വത്തുക്കൾ എന്ന കാഴ്ചപ്പാട് ഇടവകവൈദികർക്ക് ഇല്ല. ഇടവകയിലെ വൈദികരിൽ ഭൂരിഭാഗവും സമൂഹമായി വസിക്കുന്നവരുമല്ല. പൊതുസ്വത്തുക്കൾ ഇല്ലാത്തതിനാൽ തന്നെ സ്വകാര്യചിലവുകൾ മുഴുവനും അവർ സ്വന്തമായി വഹിക്കണം. അത് ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ, മരുന്നാകട്ടെ, ചാരിറ്റിക്കു കൊടുക്കുന്ന പണമാകട്ടെ, വാഹനമാകട്ടെ, അതിലൊഴിക്കുന്ന പെട്രോളാകട്ടെ.. അങ്ങനെ എന്തും. പഠനത്തിനുപോലും അവരിൽ പലരും സ്വന്തമായി പണം മുടക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണു അവർക്ക് സ്വകാര്യസ്വത്തിനു അവകാശമുള്ളതും.

ഇടവകവൈദികർക്ക് ദാരിദ്രവ്രതം ഇല്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്നാൽ കോളേജിൽ ജോലി ചെയ്യുന്നവർ, ആശുപത്രിയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരുടെ ശമ്പളം അവരുടെ സ്വകാര്യസ്വത്തിലേക്കല്ല പോകുന്നത് എന്നതും ശ്രദ്ധിക്കണം. ഓരോ രൂപതകൾക്കും ഇതു സംബന്ധിച്ച് ഓരോ പോളിസികൾ ആണുള്ളത്.

പ്രധാനമായും ഇടവക വൈദികരുടെ വരുമാനം എന്നു പറയുന്നത് അവർക്ക് രൂപതയിൽ നിന്നു ലഭിക്കുന്ന അലവൻസായിരിക്കും. (അതല്ലാതെ ചിലർ കരുതുന്നതുപോലെ നേർച്ചപ്പെട്ടിയിലെ കാശോ സന്യാസിനികൾ ജോലി ചെയ്യുന്ന പണമോ ഒന്നും വൈദികരെടുക്കാറില്ല).

ഇനി ചർച്ചക്കു വന്നിരിക്കുന്ന മറ്റൊരു പ്രധാനകാര്യം വൈദികരുടെ ഡ്രസ് കോഡും സന്യസ്ഥരുടെ ഡ്രസ് കോഡും ആണ്. ഇടവക വൈദികരിൽ കുറെയധികം പേരെങ്കിലും ഇപ്പോൾ യാത്രചെയ്യുമ്പോഴും മറ്റും ളോഹ ധരിക്കാറില്ല. സത്യമാണ്. അതിനു പ്രധാനകാരണം – അതു ഉപയോഗിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ആണ്. ദിവസവും ധാരാളം യാത്ര ചെയ്യുന്നവരാണു പല വൈദികരും. നമ്മുടെ നിരത്തിലൂടെ ഒരു ദിവസം വെള്ള ളോഹയും ഇട്ട് യാത്ര ചെയ്ത ശേഷം തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഒന്നു ആലോചിച്ച് നോക്കൂ. എല്ലാദിവസവും ഇതു കഴുകാൻ വൈദികർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എത്ര വലുതാണു എന്നറിയാമോ? എന്നാൽ ഇത്രയധികം യാത്രകൾ സന്യാസിനിമാർ നടത്താറില്ല. അതിനാൽ തന്നെ അവർക്ക് ഹാബിറ്റ് ധരിക്കുന്നതിനു വലിയ ബുദ്ധിമുട്ടുമില്ല. അവരിൽ തന്നെ ധാരാളം യാത്ര ചെയ്യുന്ന സന്യാസിനിമാർ ഹാബിറ്റ് മാറ്റിവച്ച് സാധാരണ ഡ്രസിൽ യാത്ര ചെയ്യുന്നത് നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്?

അപ്പോൾ പറഞ്ഞുവരുന്നത് സന്യാസിനിമാരുടെ ഡ്രസ് കോഡിനെക്കുറിച്ചാണ്. സത്യത്തിൽ ഡ്രസ് കോഡുകൾ തീരുമാനിക്കുന്നത് അവർ അംഗമായിരിക്കുന്ന കോൺഗ്രിഗേഷനുകൾ ആണ്. അതിൽ പുരുഷന്മാരായ വൈദികർക്ക് വലിയ റോൾ ഒന്നും ഇല്ല. ചില കോൺഗ്രിഗേഷനുകൾ ഹാബിറ്റുകൾ ധരിക്കാൻ ആഗ്രഹിക്കുന്നു, മറ്റു ചിലർ സാരി ധരിക്കാൻ ആഗ്രഹിക്കുന്നു. ഇനിയും ചിലർ ചുരിദാർ ധരിക്കുന്നവർ ആണ്. സാരിയിലും ചുരിദാറിലും ഒരേ കളർ തിരഞ്ഞെടുക്കുന്നവരും വ്യത്യസ്ത കളറുകൾ തിരഞ്ഞെടുക്കുന്നവരുമൊക്കെ ഉണ്ട്. ഡ്രസ് കോഡ് എന്തായാലും അതു അവരവർ ആയിരിക്കുന്ന കോൺഗ്രിഗേഷന്റെ നിയമങ്ങൽക്കു അനുസരിച്ചായിരിക്കണം എന്നു മാത്രം.

ഇനി ഇങ്ങനെ കഠിനമായ നിയമങ്ങൾ ഇല്ലാത്ത സെക്യുലർ കോൺഗ്രിഗേഷനുകളും സഭയിൽ സ്ത്രീകൾക്കായുണ്ട്. സ്വകാര്യസ്വത്ത്, ആഭരണങ്ങൾ, ഇഷ്ടപ്പെട്ട ഡ്രസുകൾ എന്നിവയൊക്കെ ഇതുപോലെ സെക്യുലർ കോൺഗ്രിഗേഷനുകളിൽ അനുവദനീയവും ആണ്.

ഇപ്പോൾ സന്യാസിനിമാ‍രുടെ ജീവിതത്തെക്കുറിച്ച് കുറച്ചൊക്കെ വ്യക്തത വന്നുവെന്ന് കരുതുന്നു. ഒരു സന്യാസിനി അവളുടെ ജീവിതം തിരഞ്ഞെടുക്കുന്നത് കേവലം ലൌകിക നീതി-ന്യായ-അന്യായങ്ങളുടെ കണക്കിലല്ല, മറിച്ച് ലോകത്തിലെ സകല സ്നേഹത്തിനും വിലയിടാൻ കഴിയാത്ത ആത്മീയസ്നേഹത്തിന്റെ മുമ്പിലാണ്. ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് നിർത്താം.

“ആത്മാഭിമാനമുള്ള മാതാപിതാക്കൾ പെണ്മക്കളെ കന്യാസ്ത്രീ ആക്കാൻ അയയ്ക്കില്ല” എന്നു വാദിക്കുന്നവരെ കണ്ടു. പെണ്മക്കൾക്കും സ്വാതന്ത്രം കൊടുക്കണമെന്നും അവർക്കു ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നുമൊക്കെ വാദിക്കുന്ന കൂട്ടരാണു ഇത്തരം പോസ്റ്റുകൾ ചെയ്തിരിക്കുന്നത് എന്നതാണു അതിലെ വിരൊധാഭാസം. വിവാഹത്തിനു മാത്രമല്ല, വിവാഹം ചെയ്യാതിരിക്കാനും ഒരാൾക്ക് സ്വാതന്ത്രമുണ്ട്. സന്യാസിനിയാകാനും ഒരാൾക്ക് സ്വാതന്ത്രമുണ്ട്. ജനസംഖ്യാനുപാതം കുറഞ്ഞതനുസരിച്ച് സന്യാസിനികൾ ആകാൻ തയാറാകുന്ന പെൺകുട്ടികളിൽ കുറവുണ്ടെന്നത് നേരു തന്നെയാണ്. പക്ഷെ ഇന്നു സന്യാസിനിമാർ ആകാൻ മുമ്പോട്ട് വരുന്ന പെൺകുട്ടികൾ മുമ്പുള്ളതിനേക്കാൾ ഉറച്ച തീരുമാനത്തോടെയാണു അതിനായി തയാറെടുക്കുന്നത്. അത് അവരുടെ സ്വതന്ത്രമായ തീരുമാനമാണ്. അതിനാൽ ആത്മാഭിമാനമുള്ള മാതാപിതാക്കൾ അതിനു തടസം നിൽക്കുകയല്ല, മറിച്ച് അങ്ങനൊരു അഭിരുചി ഉണ്ടെങ്കിൽ അവരെ സ്നേഹപൂർവ്വം അതിനനുവദിക്കുകയാണു ചെയ്യേണ്ടത്. കാരണം – നമ്മൂടെ ചുറ്റും നോക്കിയാൽ ചൂഷണങ്ങൾ അല്ല, സന്യാസിനിമാർ ചെയ്യുന്ന നന്മകൾ ആവും നമുക്ക് കാണാൻ സാധിക്കുക. അതും അവർക്ക് മാത്രം ചെയ്യാനാവുന്ന നന്മകൾ!

എന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ സന്യാസിനിമാർക്കെല്ലാം ഒരായിരം നന്ദിയോടെ..

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker