ആണ്ടുവട്ടം ഇരുപത്തൊന്നാം ഞായർ
ഒന്നാംവായന: ജോഷ്വ 24:1-2.15-17,18
രണ്ടാം വായന: എഫേസോസ് 5:21-32
സുവിശേഷം: വി.യോഹന്നാൻ 6:60-69
ദിവ്യബലിയ്ക്ക് ആമുഖം
ഭാര്യ ഭർത്തൃബന്ധത്തെ കുറിച്ചുള്ള വി.പൗലോസ് അപ്പോസ്തലന്റെ വചനങ്ങളോടെയാണ് ഈ ഞായറാഴ്ച തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. അതോടൊപ്പം ഒരു ദൈവവിശ്വാസിയെന്ന നിലയിൽ നാം ആരാണന്നും നാം സ്വീകരിക്കേണ്ട നിലപാടെന്താണെന്നും ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും നമ്മെ പഠിപ്പിക്കുന്നു. യേശുവിനെ വിട്ട് പോകാതെ കൂടെ നിന്ന ശിഷ്യന്മാരെപ്പോലെ നമുക്കും അവനോടൊപ്പം ചേർന്ന് നിന്ന് അവന്റെ തിരുവചനങ്ങൾ ശ്രവിക്കുവാനും തിരുശരീര രക്തങ്ങൾ സ്വീകരിക്കുവാനം നമ്മെതന്നെ ഒരുക്കാം.
ദൈവവചന പ്രഘോഷണ കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് ഇസ്രായേൽക്കാർ ഇത്രയും കാലം സഞ്ചരിച്ച വഴികളെയും അവരുടെ ജീവിതത്തെയും ഓർമ്മപ്പെടുത്തി കൊണ്ട് മോശ നടത്തുന്ന പ്രസംഗത്തിൽ അന്യദൈവങ്ങളെ ഉപേക്ഷിച്ച് കൊണ്ട് ഏകദൈവത്തിൽ വിശ്വാസിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നു. പിന്നീട് വാഗ്ദത്തഭൂമിയിൽ എത്തിച്ചേർന്ന ശേഷം അതിൽ ആധിപത്യമുറപ്പിക്കുന്ന ഇസ്രായേൽ ജനത്തോട് അവർ ആരിലാണ് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതെന്ന് മോശയുടെ പിൻഗാമിയായ ജോഷ്വാ ചോദിക്കുന്നു. വീണ്ടും ചരിത്രം ചുരുക്കി വിവരിച്ച്കൊണ്ട് ചോദ്യമുന്നയിക്കുന്ന ജോഷ്വയോട് തങ്ങൾ വിജാതീയ ദൈവങ്ങളില്ല മറിച്ച് ഏകദൈവത്തിലാണ് വിശ്വസിക്കുന്നതെന്ന് ഇസ്രായേൽക്കാർ മറുപടി നല്കുന്നതാണ് ഇന്നത്തെ ഒന്നാമത്തെ വായനയിൽ നാം ശ്രവിച്ചത്. ഏക ദൈവ വിശ്വാസമേറ്റു പറയുന്ന ഇസ്രായേൽക്കാർ അവർ ആരാണന്നും അവരുടെ നിലപാടെന്താണന്നുമുള്ള രണ്ട് നിർണായക ചോദ്യങ്ങൾക്ക് അവർ ഉത്തരം നല്കുകയാണ്.
ഈ രീതിയിൽ സ്വന്തം അസ്തിത്വവും, നിലപാടും വ്യക്തമാക്കേണ്ട ഒരു സവിശേഷ സാഹചര്യം ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നുണ്ട്. താൻ ജിവന്റെ അപ്പമാണെന്നും തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ നിത്യവും ജീവിക്കുമെന്നുള്ള യേശുവിന്റെ വാക്കുകൾ കേട്ട് ഇതുവരെ പിറുപിറുത്തത് യഹൂദന്മാരായിരുന്നങ്കിൽ (വി.യോഹന്നാന്റെ ഭാഷ്യമനുസരിച്ച് യേശുവിനോട് ശത്രുതയുള്ളവർ) ഇപ്പോൾ പിറുപിറുക്കുന്നത് യേശുവിന്റെ അനേകം ശിഷ്യന്മാർ തന്നെയാണ്. ഇത് മനസ്സിലാക്കിയ യേശു തന്റെ ഉത്ഥാനവും തന്റെ വാക്കുകൾ ആത്മാവും ജീവനുമാണെന്നും പ്രഖ്യാപിക്കുന്നു.
യേശുവിന്റെ വചനങ്ങളുടെ അർത്ഥം മനസ്സിലാകാത്ത അവർ അന്യ ദേവന്മാരുടെ പിന്നാലെ പോകുന്ന ഇസ്രായേൽക്കാരെപോലെ യേശുവിനെ വിട്ട് പോകുന്നു. യേശുവിനേയും തിരുസഭയേയും അറിഞ്ഞിട്ടും ഇവരെ ഉൾക്കൊള്ളാനാകാതെ വിട്ട് പോകുന്നവരെ നമുക്കിന്നും കാണുവാൻ സാധിക്കും. സുവിശേഷത്തിലെ സ്വാതന്ത്ര്യം ഇവിടെ വ്യക്തമാണ്. വിശ്വസിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല. അതോടൊപ്പം, വിട്ട് പോകുന്നവർ അവൻ എങ്ങോട്ടാണ് പോകുന്നതെന്നും അതവനെ എവിടെ കൊണ്ടെത്തിക്കുമെന്നും ചിന്തിക്കണം.
ശിഷ്യഗണത്തിന്റെ കൊഴിഞ്ഞ് പോക്ക് കണ്ട് യേശു പരിഭ്രമിക്കുന്നില്ല. പോകുന്നവരെ കൂടെ നിർത്തുവാൻ വേണ്ടി യേശു തന്റെ വചനങ്ങൾക്ക് മാറ്റം വരുത്തുകയൊ അതിനെ ലഘൂകരിക്കുകയൊ ചെയ്യുന്നില്ല. മറിച്ച് “നിങ്ങളും പോകുവാൻ ആഗ്രഹിക്കുന്നുവൊ?” എന്ന് പന്ത്രണ്ട് പേരോടും ചോദിക്കുന്നു. അവരുടെ പ്രതിനിധിയായി അപ്പോസ്തല പ്രമുഖനായ പത്രോസ് അവരുടെ വിശ്വാസം ഏറ്റ് പറയുന്നു. “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിതിരിക്കുന്നു”. ഈ മറുപടിയിലൂടെ അവർ ആരാണെന്നും, അവരുടെ നിലപാടെന്താണന്നും പന്ത്രണ്ട് അപ്പോസ്തലന്മാരും വ്യക്തമാക്കുന്നു.
നമ്മൾ ആരാണന്നും നമ്മുടെ നിലപാടെന്താണെന്നും ചിന്തിക്കാൻ ഇന്നത്തെ സുവിശേഷം ഓരോ ക്രിസ്ത്യാനിയെയും പ്രചോദിപ്പിക്കുന്നു. യേശുവിന്റെ വ്യക്തിപ്രഭാവത്തിലും അത്ഭുതങ്ങളിലും ആകൃഷ്ടരായി ആരാധകരായി മാത്രം പുറകെ കൂടിയ “വളരെപ്പേരാണ്” തിരുവചനത്തിന്റെ ആഴം ഗ്രഹിക്കാതെ അവനെ വിട്ട് പോകുന്നത്. എന്നാൽ യഥാർത്ഥ അനുയായികൾ യേശുവിലുള്ള വിശ്വാസം ഏറ്റ് പറഞ്ഞ് അവനോടൊപ്പം (ജീവിത) യാത്ര തുടരുന്നു.
നമുക്കും ചിന്തിക്കാം ജ്ഞാനസ്നാനം സ്വീകരിച്ച നാം യേശുവിന്റെ വെറും ആരാധകരാണോ? അതോ അനുയായികളാണോ?
ആമേൻ