മുരളി തുമ്മാരുകുടി
ഗൾഫിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും ഗുജറാത്തിൽ നിന്നും ഒക്കെ ആളുകൾ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളും വെള്ളവും മറ്റു സാധനങ്ങളും അയക്കണോ എന്ന് വിളിച്ചു ചോദിക്കുന്നു.
എനിക്കറിയാവുന്ന വസ്തുതകൾ വച്ച് ചില കാര്യങ്ങൾ പറയാം.
1. കേരളത്തിൽ വ്യാപകമായി ഭക്ഷണത്തിനോ മറ്റു വസ്തുക്കൾക്കോ ക്ഷാമം ഇല്ല. വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ കുറച്ചു പ്രശ്നങ്ങൾ സ്വാഭാവികമായും ഉണ്ട്. കേരളത്തിലേക്ക് ഭക്ഷണവും വെള്ളവും വരുന്ന സംസ്ഥാനങ്ങളെ ഒന്നും പ്രളയം ബാധിച്ചിട്ടില്ല. ആ സ്ഥലങ്ങളും ആയിട്ടുള്ള നെറ്റ് വർക്കുകൾ ഇപ്പോൾ നമുക്കുണ്ട്. റോഡുകൾ യാത്രായോഗ്യമായി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഈ വസ്തുക്കൾ കേരളത്തിലെത്തും. വെള്ളമിറങ്ങിയാൽ എല്ലാ നഗരങ്ങളിലും വസ്തുക്കൾ എത്തും. മറ്റു രാജ്യങ്ങളിൽ നിന്നും ഭക്ഷണം എത്തിക്കേണ്ട ഒരു സാഹചര്യം ഇപ്പോൾ ഇല്ല.
2. കേരളത്തിൽ ഏറെ ആവശ്യം വരാൻ പോകുന്നത് വെള്ളമിറങ്ങി കഴിയുമ്പോൾ വീടുകൾ ശുദ്ധിയാക്കാനുള്ള ക്ളീനിങ്ങ് കെമിക്കലുകളും വ്യക്തി സുരക്ഷാ ഉപകരണങ്ങളുമാണ്. (വെല്ലിംഗ്ടൺ ബൂട്ട്, N-95 മാസ്ക്, കനം കൂടിയ കയ്യുറകൾ) ഒക്കെ. ഇതൊക്കെ ആയിരക്കണക്കിന് കേരളത്തിൽ വേണം. ഇവയൊന്നും വേണ്ട അളവിൽ നാട്ടിൽ ലഭ്യമല്ല. ഇത്തരം വസ്തുക്കളുടെ സപ്പ്ളൈ ചെയിൻ മിക്കവാറും സ്ഥലങ്ങളിലില്ല.
3. വീടുകൾ ക്ളീൻ ചെയ്യാൻ പോർട്ടബിൾ ഹൈ പ്രഷർ വാട്ടർ ജെറ്റ് ഏറെ ആവശ്യം വേണ്ടി വരും. ഇതും കേരളത്തിൽ ലഭ്യമല്ല. ഇതിന്റെയും സപ്ലൈ ചെയിൻ കേരളത്തിൽ ശക്തമല്ല.
വലിയ വെള്ളപ്പൊക്കം നേരിട്ട് പരിചയമില്ലാത്തതിനാലും രക്ഷാപ്രവർത്തനത്തിന് മധ്യത്തിൽ ആയതിനാലും ഇപ്പോൾ ഈ കാര്യം ഒന്നും അധികാരികളുടെ ചിന്തയിൽ ഇല്ല.
വെള്ളം ഇറങ്ങാൻ ഇനി അധികം സമയമില്ല. വെള്ളം ഇറങ്ങിത്തുടങ്ങിയാൽ മണിക്കൂറുകൾക്കകം ആളുകൾ വീട്ടിലേക്ക് തിരിച്ചു പോയി തുടങ്ങും.