Public Opinion

കെ സി ബി സി ഉണരേണ്ടകാലം കഴിഞ്ഞു…

കെ സി ബി സി ഉണരേണ്ടകാലം കഴിഞ്ഞു...

കെ.സി.ബി.സി. നേതൃത്വം എന്നാണ് ഉണരുക?

ബിബിൻ മഠത്തിൽ

ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾക്കപ്പുറം ഓരോ വീടുകളുടെയും സ്വീകരണമുറികളിലേക്ക് എത്തുന്നവയാണ് ടെലിവിഷൻ ചാനലുകളും പത്രങ്ങളും. ഈ മാധ്യമങ്ങളിൽ കൂടി സ്ഥിരമായി കത്തോലിക്കാവിശ്വാസത്തെയും സഭാനേതാക്കളെയും അപമാനിച്ചുകൊണ്ടിരുന്നിട്ടും അതിനെ പ്രതിരോധിക്കാനോ സഭാംഗങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനോ ശ്രമിക്കാത്ത കെ.സി.ബി,സി നേതൃത്വം എന്നാണ് ഉണരുക?

ഈ അടുത്ത കാലത്തായി എന്തൊക്കെ നുണകളാണ് മാധ്യമങ്ങൾ പടച്ചു വിടുന്നത്? ഇപ്പോൾ വിവാദം ബിഷപ്പ് മുളക്കന്റെ കേസ് ആണ്. ഇന്ത്യൻ നിയമം അനുസരിച്ച് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതു തെളിയുന്ന പക്ഷം ബിഷപ്പ് എന്നല്ല, ഇന്ത്യൻ പ്രസിഡന്റിനെ വരെ നിയമം അനുശാസിക്കുന്ന രീതിയിൽ ശിക്ഷിക്കണം. ഈ കേസിൽ ബിഷപ്പ് തെറ്റു ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിൽ ആരാണു എതിരു നിൽക്കുന്നത്? ഇന്നു വരെ ഏതെങ്കിലും നേതാക്കന്മാരെ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞു ആരെങ്കിലും ക്രിസ്ത്യാനികൾ ക്രമസമാധാനപ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ല. എങ്കിൽ പിന്നെ എന്തിനാണു ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നു പ്രചരിപ്പിക്കുന്നത്? ഈ അടുത്ത കാലത്തെങ്ങാനും രാജ്യനിയമങ്ങൾക്കു വിരുദ്ധമായ ധാർമ്മികമായ ഒരു തെറ്റു ചെയ്ത ഏതെങ്കിലും ഒരു വ്യക്തിയ്ക്ക്, അതിപ്പോൾ ബിഷപ്പ് ആയാൽ പോലും, വത്തിക്കാൻ അഭയം നൽകിയിട്ടുണ്ടോ? രാജ്യം വിട്ടു പോകാതിരിക്കാൻ കരുതൽ എടുക്കുന്നത് മനസിലാക്കാം. പക്ഷെ അതിനു എന്തിനാണ് വത്തിക്കാൻ അങ്ങനെ ഒരു വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന രീതിയിൽ പ്രചരണങ്ങൾ നടത്തുന്നത്.

ഈ മാധ്യമങ്ങളിൽ നിന്ന് നീതി കിട്ടും എന്നു പ്രതീക്ഷിച്ച് മുമ്പ് ഒരു കൂട്ടം വൈദികരും സഭാംഗങ്ങളും ഇവരെ സമീപിച്ചതു ഈ അവസരത്തിൽ ഓർക്കുകയാണ്. അന്നും പറഞ്ഞിരുന്നു, ഇവർ സഭയെ സഹായിക്കാൻ ശ്രമിക്കുന്നവരല്ല എന്ന്. ഈ ശ്രമങ്ങൾക്ക് മുമ്പിൽ നിൽക്കുന്നത് ഏഷ്യാനെറ്റും , മാതൃഭൂമിയുമാണ് എന്നത് പകൽ പോലെ വ്യക്തമാണ്. സ്വന്തം സ്ഥാപനത്തിന്റെ ഡെൽഹി ബ്യൂറോയിൽ സ്ത്രീപക്ഷസ്നേഹം കവിഞ്ഞൊഴുകിയതിന്റെ ഫലമായി നടന്ന കാര്യങ്ങൾ പോലും അറിഞ്ഞിട്ടില്ലാത്ത ഒരു മാധ്യമ ജഡ്ജി സഭയെ താറടിക്കാൻ മുമ്പിൽ നിൽക്കുന്നതിന്റെ തേജോവികാരം എന്താണ്? ഇപ്പോൾ മാതൃഭൂമിക്ക് വിശുദ്ധ കുർബ്ബാന നാവിൽ കൊടുക്കുന്നതിനെ പോലും എതിർക്കണം! നൂറ്റാണ്ടുകളായി സഭ പിന്തുടരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും സഭാംഗങ്ങളുടെ വികാരങ്ങളെ ഒട്ടും മാനിക്കാതെ മതവിദ്വേഷം വളർത്തക്ക രീതിയിൽ എതിർക്കാനും അപമാനിക്കാനും ആരാണു ഇവർക്ക് അവകാശം കൊടുത്തത്. അതോ മറ്റു മതസ്ഥരെ പോലെ ക്രിസ്ത്യാനികൾ പ്രതികരിക്കില്ല എന്നു ഉറപ്പുള്ളതുകൊണ്ടോ?

ഈ സന്ദർഭത്തിൽ എന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവരുടെ നിസംഗത ആണ്. കേരളത്തിലെ ദേവാലയങ്ങളിൽ ഞായറാഴ്ച ഇപ്പോഴും ആളുകൾ വരുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി സുവിശേഷപ്രഘോഷണത്തിനു മുൻഗണന കൊടുത്തുകൊണ്ട് സഭാമക്കളുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുവാൻ വൈദികർക്ക് കഴിയുന്നില്ലെങ്കിൽ തങ്ങൾ പരാജയപ്പെടുന്നു എന്ന് അവർ തിരിച്ചറിയണം. ക്രിസ്തുവിനും സഭയ്ക്കും വേണ്ടി നിലകൊള്ളുന്നതിനാൽ ഒരുപക്ഷെ എല്ലാരും നിങ്ങളെ തള്ളിപ്പറഞ്ഞേക്കാം. ആരും നിങ്ങളുടെ വചനങ്ങൾ സ്വീകരിക്കാതിരിക്കാം. അങ്ങനെയെങ്കിൽ അവിടെ നിന്നു കാലിലെ പൊടി കൂടി തട്ടിക്കളഞ്ഞു നിങ്ങൾക്ക് നടന്നു നീങ്ങാം. പക്ഷെ ഉണർന്ന് പ്രവർത്തിക്കേണ്ട സമയത്ത് നിസംഗരായിരുന്നാൽ താലന്തുകൾ കുഴിച്ചുമൂടിയ വേലക്കാരനു തുല്യരാകും നിങ്ങൾ! ഇതേകാര്യം തന്നെയാണ് സന്യസ്തരോടും പിതാക്കന്മാരോടും എനിക്ക് പറയാനുള്ളത്. നിസംഗത വെടിയൂ. കർമ്മനിരതരാകൂ.

ഇനി അൽമായരോട് ഒരു വാക്കു കൂടി… അവർ കത്തിവച്ചിരിക്കുന്നത് നിങ്ങൾ കൂടി ഉൾപ്പെടുന്ന സഭയുടെ കടയ്ക്കലാണ്. അച്ചന്മാരും പിതാക്കന്മാരും ഞങ്ങൾക്ക് പ്രശ്നമല്ല, അവർ അവരുടെ കാര്യം നോക്കട്ടെ എന്നു ചിന്തിച്ചാൽ ഒരു തലമുറയ്ക്കപ്പുറം നഷ്ടപ്പെടാൻ അവർക്ക് ഒന്നുമില്ല എന്നതു മറക്കരുത്. അടുത്ത തലമുറയുള്ളത് നിങ്ങൾക്കാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker