Vatican

ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും മാറ്റണം; ഫ്രാൻസിസ് പാപ്പാ

ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും മാറ്റണം; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും മാറ്റണമെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും ഉച്ചയ്ക്ക് 12 മണിക്ക് ജനങ്ങള്‍ക്കൊപ്പം നടത്താറുള്ള ത്രികാലപ്രാര്‍ത്ഥനയിൽ വത്തിക്കാൻ ചത്വരത്തിൽ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

മാനുഷികബുദ്ധിയില്‍ ചിന്തിക്കുമ്പോള്‍, ദൈവം മാംസം ധരിച്ച സംഭവം അസ്വീകാര്യമായി തോന്നും പലർക്കും. ദൈവം മാനുഷിക കരങ്ങളാല്‍ പ്രവര്‍ത്തിക്കുകയും, ഒരു മനുഷ്യഹൃദയത്താല്‍ സ്നേഹിക്കുകയും, മനുഷ്യരെപ്പോലെ യാതനകള്‍ അനുഭവിക്കുകയും, അവരില്‍ ഒരാളായി ഉറങ്ങുകയും ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു. അങ്ങനെ ദൈവപുത്രന്‍ എല്ലാ മാനുഷിക സങ്കല്പങ്ങളെയും തെറ്റിക്കുന്നുവെന്നതാണ് യാഥാർഥ്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവം മുന്‍വിധികള്‍ക്ക് കീഴ്പ്പെടുന്നില്ലെന്നും,  നമ്മിലേയ്ക്കു വരുന്ന ദൈവിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അല്പം  ബുദ്ധിമുട്ടിയാലും നാം ഹൃദയം തുറക്കണം, മനുസ്സു തുറക്കണമെന്നും,  ഇതാണ് യഥാർത്ഥ വിശ്വാസമെന്നും അതിനാൽ,  മുൻവിധികൾ കൊണ്ട് പലപ്പോഴും നമ്മൾ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ കഴിയാതെ പോകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വാസമില്ലായ്മ ദൈവകൃപയ്ക്ക് തടസ്സമാണെന്നും, അത് ദൈവകൃപ ഇല്ലാതാക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ക്രിസ്തു ഇല്ലാത്തതുപോലെ, ദൈവം ഇല്ലാത്തതുപോലെ ജീവിക്കുന്ന ക്രൈസ്തവരുണ്ട്. പക്ഷെ,  വിശ്വാസത്തിന്‍റെ ബാഹ്യമായ അടയാളങ്ങളും ചടങ്ങുകളും അവര്‍ ആവര്‍ത്തിക്കുന്നുണ്ട്.

ദൈവകൃപ നമ്മില്‍ പ്രവര്‍ത്തിക്കുന്നത് ആശ്ചര്യകരമായാ വിധത്തിലും നമ്മുടെ പ്രതീക്ഷകളെ മറികടക്കുന്ന രീതിയിലുമാണ്. ഇക്കാര്യം പാപ്പാ വിശദീകരിച്ചത്, കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: ഒരു കൃശഗാത്രയായ സന്ന്യാസിനി. ആദ്യമൊക്കെ ആരും അവരെ ഗൗനിച്ചില്ല. ചില്ലിക്കാശ് കൊടുത്തു സഹായിക്കാന്‍ ആരുമില്ലായിരുന്നു. എന്നിട്ടും അവര്‍ തെരുവിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി.  കല്‍ക്കട്ട നഗരവീഥികളില്‍ മരണാസന്നരായും പരിത്യക്തരുമായി കിടന്ന പാവങ്ങള്‍ക്ക് മനുഷ്യാന്തസ്സിന് ഇണങ്ങുന്ന വിധത്തില്‍ മരിക്കാനും, അവരുടെ അന്ത്യനിമിഷങ്ങളെ പ്രശാന്തമാക്കാനും ഒരു മാലാഖയെപ്പോലെ മദര്‍ തെരുവിലേയ്ക്കിറങ്ങി.
അവരെ പരിചരിച്ചു.

ഒരു കന്യാസ്ത്രി തന്‍റെ പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവുംകൊണ്ട് ലോകമെമ്പാടും അത്ഭുതമാണ് സൃഷ്ടിച്ചത്. ദൈവിക കാരുണ്യത്തിന്‍റെ അത്ഭുതം. ആ ഒരു സ്ത്രീയുടെ വിനീതഭാവവും എളിമയുമാണ് ലോകത്തെ ഉപവി പ്രവര്‍ത്തനങ്ങളെ വിപ്ലവാത്മകമാക്കിയതെന്ന് നമ്മൾ മറന്നുപോകരുതെന്ന് പാപ്പാ നിഷ്കർഷിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker