2 രാജാ ;24;8 -17
മത്താ: 7 ; 21 -29
“കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക“.
‘ദൈവേഷ്ടം പ്രവർത്തിച്ചുകൊണ്ട് ജീവിക്കുക’ എന്ന് പഠിപ്പിക്കുകയാണ് യേശു. പ്രാർത്ഥനയോടൊപ്പം നന്മപ്രവൃത്തിയും ചെയ്യണമെന്ന് സാരം. സഹോദരന്റെ വിഷമം കാണാതെ പ്രാർത്ഥനയ്ക്കായി കണ്ണടയ്ക്കുന്നത് വ്യർത്ഥമാണ്. സഹോദരന്റെ വിഷമം പരിഹരിച്ചിട്ട് കർത്താവെ, കർത്താവെ എന്ന് വിളിക്കുമ്പോൾ തീർച്ചയായും ദൈവം കേൾക്കും.
സ്നേഹമുള്ളവരെ, പ്രാർത്ഥനയും, പ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോകേണ്ടവരാണ് ക്രിസ്തുമക്കൾ.
പിതാവിന്റെ ഇഷ്ടം നിറവേറ്റണമെങ്കിൽ എന്താണ് ദൈവഹിതമെന്ന് നാം അറിയണം. അത് കർത്താവിൽ നിന്ന് മനസ്സിലാക്കുവാനുള്ള ഒരവസരമാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ കൂടി അറിഞ്ഞ ദൈവേഷ്ടം ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടതുമുണ്ട്.
പ്രാർത്ഥന പ്രവർത്തനമാക്കണമെന്ന അറിയിപ്പാണ് ക്രിസ്തു നൽകുന്നത്. ദൈവത്തിന്റെ ഇഷ്ടം അറിയുക എന്നത് നമ്മുടെ ജീവിതത്തിൽ പ്രധാനപെട്ട ഒരു കാര്യമാണ്. അതായത് പ്രാർത്ഥന അവശ്യമായ ഒരു ഘടകമാണെന്ന് സാരം. ജീവിതത്തിൽ അവശ്യമായ പ്രാർത്ഥനയുടെ പൂർത്തീകരണം പ്രവർത്തനത്തിൽകൂടിയാണെന്ന വസ്തുത എപ്പോഴും ഓർക്കേണ്ട ഒരു യാഥാർഥ്യമാണ്.
സ്നേഹപിതാവായ ദൈവമേ, പ്രാർത്ഥന പ്രാണവായുപോലെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കേണമേ.