India

6 പതിറ്റാണ്ടുകൾ രോഗികൾക്ക്‌ സാന്ത്വനമായ ബാപ്‌റ്റിസ്റ്റാമ്മ പടിയിറങ്ങുന്നു; ബാപ്പൂട്ടിയമ്മയെന്ന വിളിപ്പേരുമായി

6 പതിറ്റാണ്ടുകൾ രോഗികൾക്ക്‌ സാന്ത്വനമായ ബാപ്‌റ്റിസ്റ്റാമ്മ പടിയിറങ്ങുന്നു; ബാപ്പൂട്ടിയമ്മയെന്ന വിളിപ്പേരുമായി

സ്വന്തം ലേഖകൻ

തൃശൂർ: ആറു പതിറ്റാണ്ടു നഴ്സിങ് മേഖലയിൽ സേവനം ചെയ്ത ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സ് സിസ്റ്റർ ബാപ്റ്റിസ്റ്റാമ്മ വിരമിക്കുന്നതു ബാപ്പൂട്ടിയമ്മയെന്ന വിളിപ്പേരുമായി. ജൂബിലി മിഷൻ ആശുപത്രി തുടങ്ങിയ കാലത്തെ ചുരുക്കം ചില നഴ്സുമാരിലൊരാളാണു സിസ്റ്റർ ബാപ്റ്റിസ്റ്റാമ്മ.

മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നടക്കം ഇവിടെയെത്തിയിരുന്ന ആയിരക്കണക്കിനു രോഗികൾക്കു സാന്ത്വനമായ ബാപ്റ്റിസ്റ്റാമ്മയെ അവിടെ നിന്നെത്തിയ രോഗികൾ തന്നെയാണു ബാപ്പൂട്ടിയമ്മ എന്നു വിളിച്ചു തുടങ്ങിയത്. പിന്നീട് ആശുപത്രി ജീവനക്കാരും അങ്ങനെ വിളിച്ചു തുടങ്ങി.

ഒന്നേകാൽ ലക്ഷത്തിലേറെ കുഞ്ഞുങ്ങൾക്കു പിറവി നൽകിയ ഇവിടത്തെ ലേബർ റൂമിനു മുന്നിൽ കുഞ്ഞുങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്നത് ബാപ്റ്റിസ്റ്റാമ്മയാണ്. രോഗവുമായി കുഞ്ഞുങ്ങൾ പിറക്കുന്ന അവസരങ്ങളിൽ ആ വിവരം മാതാപിതാക്കളോടു പറഞ്ഞ് ആശ്വസിപ്പിക്കുന്നതും ബാപ്റ്റിസ്റ്റാമ്മയായിരുന്നു. ഉണ്ണീശോയെ എടുക്കുമ്പോലെയാണു നവജാതശിശുക്കളെ എടുത്തു കൈമാറിയിരുന്നതെന്നാണ് അവരുടെ വാക്കുകൾ. 84–ാം വയസിൽ ബാപ്റ്റിസ്റ്റാമ്മ വിരമിക്കുകയാണ്.

1956-ൽ കന്യാസ്ത്രീയായ ശേഷം നഴ്സിങ് ജോലിക്കായി ജൂബിലിയിൽ എത്തി. ആകെ മൂന്നു നഴ്സുമാരേയുണ്ടായിരുന്നുള്ളൂ. പരിശീലനം നൽകിയിരുന്നതു ജർമൻ സിസ്റ്റർമാരാണ്. ഒരു വാഴപ്പിണ്ടിയെടുത്തു കൊടുത്തു. എന്നിട്ടൊരു സ്ഥാനം കാട്ടിക്കൊടുത്തു. അവിടെ കുത്തണം. അങ്ങനെയാണ് ഇഞ്ചക്‌ഷനെടുക്കാൻ പഠിച്ചത്.

ഇന്നു രോഗികളെല്ലാം അറിയപ്പെടുന്നതു ബെഡ് നമ്പറിന്റെ പേരിലാണ്. അന്നു രോഗിയെ നേരിട്ടു കണ്ടു സംസാരിച്ചു പേരും വിവരങ്ങളും ഓർത്തു വയ്ക്കും. വീട്ടിലെ കഷ്ടപ്പാടുകളും ചോദിച്ചറിയും.

രോഗിയുടെ നഖം വെട്ടിക്കൊടുക്കും. മുടി ചീകിക്കൊടുക്കും. സ്ത്രീകൾക്കു മുടി കെട്ടിക്കൊടുക്കും. ദേഹം തുണിനനച്ചു തുടയ്ക്കും. ഉച്ചയ്ക്കു ചോറുവാങ്ങാൻ പണമില്ലാത്ത രോഗികൾ ആരൊക്കെയെന്ന് അവരറിയാതെ ചോദിച്ചറിയും. അന്നു ഡയറക്ടറുടെ കയ്യിൽനിന്നു നാലണത്തുട്ടുകൾ വാങ്ങി പോക്കറ്റിലിട്ട് ഇവർക്കു കൊടുക്കും. രാവിലത്തെ പലഹാരം പൊതിഞ്ഞെടുത്തു പകരം പഴങ്കഞ്ഞി കുടിച്ചിട്ടാണു വരിക. തീരെ നിവൃത്തിയില്ലാത്ത രോഗികൾക്ക് അതു കൊടുക്കും – ബാപ്പൂട്ടിയമ്മ ഓർമിച്ചെടുക്കുന്നു.

ആറുപതിറ്റാണ്ടിലേറെ കന്യാസ്ത്രീയായി ജീവിച്ച ബാപ്പൂട്ടിയമ്മ മഠത്തിൽ കഴിഞ്ഞത് ആകെ മൂന്നുവർഷം ബാക്കികാലം രോഗികൾക്കിടയിൽ. പ്രാർത്ഥിക്കുന്നതും രോഗികളെ പരിചരിക്കുന്നതും ഒരേപോലുള്ള പുണ്യമെന്നാണു കരുതുന്നതെന്ന് ഇവർ പറയുന്നു.

വടക്കാഞ്ചേരി തിരുത്തിപ്പറമ്പ് ചിരിയങ്കണ്ടത്ത് മേരിയാണ് ഇപ്പോൾ ബാപ്പൂട്ടിയമ്മയായി വിരമിക്കുന്നത്. ഉമ്മ പറഞ്ഞു, അമ്മ പറഞ്ഞു ജനിച്ചപ്പോൾ എന്നെ രക്ഷിച്ചത് ബാപ്പൂട്ടിയമ്മയാണെന്ന്. എന്നുപറഞ്ഞ് ഇപ്പോഴും പലനാട്ടിൽ നിന്നെത്തുന്നവരുടെ സ്നേഹം അതാണ് ഈ ജന്മത്തിനു ലഭിച്ച പ്രതിഫലം!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker