നെയ്യാറ്റിൻകര രൂപതാ ദിനാഘോഷം നാളെ ലോഗോസ് പാസ്റ്ററൽ സെന്ററിൽ; രൂപതാ തല യുവജന വർഷ പ്രഖ്യാപനം ബിഷപ് നിർവ്വഹിക്കും
നെയ്യാറ്റിൻകര രൂപതാ ദിനാഘോഷം നാളെ ലോഗോസ് പാസ്റ്ററൽ സെന്ററിൽ; രൂപതാ തല യുവജന വർഷ പ്രഖ്യാപനം ബിഷപ് നിർവ്വഹിക്കും
സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ 22- ാമത് രൂപതാ ദിനാഘോഷം നാളെ. വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഇത്തവണ ലളിതമായ ചടങ്ങുകളോടെയാണ് രൂപതാ ദിനാഘോഷം നടക്കുന്നത്.
ജനംസംഖ്യാ അടിസ്‌ഥാനത്തിൽ മുബൈ കഴിഞ്ഞാൽ അടുത്ത സ്‌ഥാനമുളള തിരുവനന്തപുരം അതിരൂപതയെ 1996- ലാണ് അന്ന് മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ വിഭജിച്ച് നെയ്യാറ്റിൻകര രൂപത സ്‌ഥാപിച്ചത്. നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന രൂപതയിൽ നിലവിൽ 2 ലക്ഷത്തോളം വിശ്വാസികളുണ്ട്. 1497 ചതുരശ്ര കിലോമീറ്ററാണ് രൂപതയുടെ വിസ്‌തൃതി. നാളെ ഉച്ചക്ക് 2.30-ന് രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയാണ് മുഖ്യ ചടങ്ങ്.
വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ്, നെടുമങ്ങാട് റീജിയൻ കോ-ഓർഡിനേറ്റർ മോൺ. റുഫസ് പയസ്‌ലിൻ, കാട്ടാക്കട റീജിയന്‍ കോ- ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍
ചാൻസിലർ ഡോ. ജോസ് റാഫേല്‍ ,ജുഡീഷ്യൽ വികാർ ഡോ. സെൽവരാജൻ തുടങ്ങിയവർ സഹകാർമ്മികരാവും.
തുടർന്ന് ആഗോള കത്തോലിക്കാ സഭ യുവജനവർഷം ആചരിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിലെ യുവജന വർഷ പ്രഖ്യാപനവും, തുർന്ന് യുവജന വർഷ ലോഗോ പ്രകാശനവും നടക്കും. യുവജന വർഷ കർമ്മ പദ്ധതിയുടെ പ്രഖ്യാപനം രൂപതാ ബിഷപ് നിർവ്വഹിക്കും.
രൂപതയിലെ 247 ദേവാലയങ്ങളിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ 11 ഫൊറോനകളിൽ നിന്നുളള എൽ.സി.വൈ.എം. പ്രസിഡന്റുമാരും പ്രവർത്തകരും, കെ.എൽ.സി.എ., കെ.എൽ.സി.ഡബ്ല്യൂ.എ., തുടങ്ങി വിവിധ സംഘടനകളുടെ പ്രതി നിധികളും രൂപതാ ദിനാഘോഷത്തിൽ പങ്കെടുക്കുമെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു.