സാഗർ: പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ മാർ ജയിംസ് അത്തിക്കളം മെത്രാഭിഷിക്തനായി. മധ്യപ്രദേശിലെ സാഗർ സീറോ മലബാർ രൂപതയുടെ നാലാമത്തെ മെത്രാനായ മാർ അത്തിക്കളത്തിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.
സാഗർ സെന്റ് തെരേസാസ് കത്തീഡ്രലിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു അഭിഷേക ശുശ്രൂഷകൾ. രാവിലെ 9.30-നു ബിഷപ്സ് ഹൗസിൽനിന്നു മുഖ്യകാർമികനും നിയുക്തമെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കെത്തി.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ആന്റണി ചിറയത്ത്, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായി. പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ വചനസന്ദേശം നൽകി.
ആർച്ച്ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുർ), മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ), മാർ ജോർജ് ഞരളക്കാട്ട് (തലശേരി), സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, എംഎസ്ടി സുപ്പീരിയർ ജനറൽ ഫാ. കുര്യൻ അമ്മാനത്തുകുന്നേൽ എന്നിവർക്കൊപ്പം 25 മെത്രാന്മാരും എംഎസ്ടി സമൂഹത്തിൽനിന്നുൾപ്പെടെ 350-ഓളം വൈദികരും ശുശ്രൂഷകളിൽ പങ്കെടുത്തു.
സന്യസ്തരും മെത്രാന്റെ കുടുംബാംഗങ്ങളും കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ ഇടവകയിലെ പ്രതിനിധികളും ഉൾപ്പെടെ മൂവായിരത്തോളം പേർ മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുത്തു.
അനുമോദന സമ്മേളനവും ഉണ്ടായിരുന്നു. ബിഷപ് മാർ ആന്റണി ചിറയത്തിന്റെ പിൻഗാമിയായാണ് എം.എസ്.ടി. സമൂഹാംഗമായ മാർ അത്തിക്കളം അഭിഷിക്തനായത്.
Related