സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയെ’ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. കഴിഞ്ഞ വർഷത്തേതിന് സമാനമായി ബാവേറിയൻ രീതിയിലാണ് ഈ വർഷവും പിറന്നാൾ ആഘോഷിക്കുക. വത്തിക്കാൻ ഗാർഡനിലെ വസതിയിൽ പിറന്നാൾ ദിനം തൊണ്ണൂറ്റിനാലുകാരനായ സഹോദരന്‍ ജോർജ്ജ് റാറ്റ്സിംഗറോടൊപ്പം ചിലവിടാനാണ് പാപ്പയുടെ തീരുമാനം.
2013 ഫെബ്രുവരിയിൽ സ്ഥാനത്യാഗം ചെയ്ത നാൾമുതൽ ‘മാത്തർ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമൻ പ്രാർത്ഥനാജീവിതം തുടരുന്നത്. അപൂർവ്വം ആവശ്യങ്ങൾക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പാ, തികഞ്ഞ ഒരു ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിൻചെല്ലുന്നത്. ദൈവശാസ്ത്രപരവും താത്വികവും ധാർമ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നൽകിയിട്ടുള്ള ഗ്രന്ഥകാരൻ കൂടിയാണ് അദ്ദേഹം.
ബനഡിക്ട് പതിനാറാമൻ പാപ്പാ അത്യാസന്ന നിലയിൽ മരണകിടക്കയിലാണെന്നു അടുത്തിടെ സോഷ്യൽ മീഡിയായിലൂടെ വാർത്ത പ്രചരിച്ചിരുന്നു. പിന്നീട് വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ മാധ്യമങ്ങളെ അറിയിച്ചു. 2013 ഫെബ്രുവരി 28-നാണ് അദ്ദേഹം തിരുസഭയുടെ തലവനായ പാപ്പാ പദവിയിൽ നിന്നു സ്ഥാനത്യാഗം ചെയ്തത്.