Vatican

“ഈ പെസഹാനാളിന്‍റെ സൂത്രവാക്യം: ക്രിസ്തു ഉത്ഥാനംചെയ്തു… അവിടുന്നു ജീവിക്കുന്നു… ഇന്നും ജീവിക്കുന്നു!”; ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റെർ സന്ദേശം

"ഈ പെസഹാനാളിന്‍റെ സൂത്രവാക്യം: ക്രിസ്തു ഉത്ഥാനംചെയ്തു... അവിടുന്നു ജീവിക്കുന്നു... ഇന്നും ജീവിക്കുന്നു!"; ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റെർ സന്ദേശം

വത്തിക്കാൻ :വത്തിക്കാൻ ബസിലിക്കയുടെ പ്രധാനമട്ടുപ്പാവിൽ നിന്നുകൊണ്ടാണ് ഈസ്റ്റർ സന്ദേശം ‘നഗരത്തിനും ലോകത്തിനുമായി’ പാപ്പാ നൽകിയത്.

‘ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകൾ’ എന്ന് പറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ ആനുകാലികമായ എല്ലാ മാനങ്ങളും സ്പർശിക്കപ്പെട്ടു.

ക്രിസ്തു മരിച്ചവരിൽനിന്നും ഉത്ഥാനംചെയ്തു! ലോകത്തെവിടെയും സഭാസമൂഹങ്ങളിൽ ഇന്ന് ആലേലൂയ പ്രഘോഷണത്തോടൊപ്പം പ്രതിധ്വനിക്കുന്നത് ക്രിസ്തു മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേറ്റു എന്ന കാഹളമാണ് : നാഥനും രക്ഷകനുമാണ് യേശു! പിതാവായ ദൈവം അവിടുത്തെ ഉയിർപ്പിച്ചു. അതിനാൽ ഇന്നുമെന്നും അവിടുന്ന് ജീവിക്കുന്നു. ക്രിസ്തു നമ്മുടെമദ്ധ്യേ വസിക്കുന്നു.

“പിതാവു പാകിയ വിത്ത് – ക്രിസ്തു” എന്ന പ്രതിബിംബം പാപ്പാ അനാവരണം ചെയ്തത് ക്രിസ്തുവിന്റെ വചനം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു. “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിനിലനിൽക്കും. അഴിയുന്നെങ്കിലോ, അതു വളരെയധികം ഫലം പുറപ്പെടുവിക്കും” (യോഹ.12, 24). ക്രിസ്തുവിൽ സംഭവിച്ചത് ഇതാണ്. ഭൂമിയിൽ ജനിച്ചു വളർന്നു. സ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചു. നന്മചെയ്തുകൊണ്ട് കടന്നുപോയി. കൊല്ലപ്പെട്ടു. ലോകത്തിന്‍റെ പാപങ്ങളാണ് അവിടുത്തെ കുരിശിൽതറച്ചത്. രണ്ടു ദിവസം കല്ലറയിൽ അടക്കപ്പെട്ട അവിടുന്നിൽ ദൈവസ്നേഹത്തിന്‍റെ ഊർജ്ജവും ശക്തിയും ഉൾക്കൊണ്ടിരുന്നു.
മൂന്നാം ദിവസം അവിടുന്ന് പ്രഭയോടെ ഉയിർത്തെഴുന്നേറ്റു. ദൈവ സ്നേഹത്തിന്‍റെ വിസ്ഫോടനമാണ് ഉത്ഥാനനാളിൽ സംഭവിച്ചത്.
അതുകൊണ്ട്, ഉത്ഥാനം
‘ആരെയും ഒരിക്കലും നിരാശപ്പെടുത്താത്തതും, ലോകത്തിന് സത്യമായും പ്രത്യാശ പകരുന്നതുമായ യാഥാർഥ്യമാണ്.
സ്നേഹത്തിന്‍റെ വിനീതഭാവം എടുക്കുകയും, സ്വയാർ പ്പണത്തിലൂടെ ഫലം നല്കുകയും, ലോകത്തെ നവീകരിക്കുകയും ചെയ്യുന്ന ‘വിത്തിന്‍റെ ജീവോർജ്ജ’മാണ് ക്രിസ്തുവിന്റെ ഉത്ഥാനം. അനീതിയും അതിക്രമങ്ങളും നിറഞ്ഞ ചരിത്രത്തിന്‍റെ മണ്ണിൽ ക്രിസ്തു വിതച്ച വചനവിത്തിന്‍റെ ജീവോർജ്ജം ഇന്നും ലോകത്ത് ഫലംകാണുന്നുണ്ട്.
പാവങ്ങളും പാർശ്വവത്ക്കരിക്കപ്പെട്ടവരും ധാരാളമായുള്ള ഇടങ്ങളിലും, ഇന്നിന്‍റെ “വലിച്ചെറിയൽ സംസ്ക്കാരം” നടമാടുന്ന വിശപ്പും തൊഴിലില്ലായ്മയുമുള്ള സ്ഥലങ്ങളിലും, അഭയാർത്ഥികളും കുടിയേറ്റക്കാരുമുള്ള ക്യാമ്പുകളിലും, അടിമത്വവും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുമുള്ള അതിർത്തികളിലും ക്രിസ്തു വിതച്ച വചനവിത്തിന്‍റെ ജീവോർജ്ജം പ്രത്യാശയുടെയും മനുഷ്യാന്തസ്സിന്‍റെയും ഫലമണിയിന്നുണ്ട്.

സിറിയയിലെ പീഡിതരായ ജനത നേരിടുന്ന അതിരില്ലാത്ത യുദ്ധവും കൂട്ടക്കുരുതിയും  ഓർത്തുകൊണ്ട്  അവിടത്തെ രാഷ്ട്രനേതാക്കളുടെയും സൈനിക നേതൃത്വത്തിന്‍റെയും മനഃസാക്ഷിയെ ഉത്ഥിതനായ ക്രിസ്തു പ്രകാശിപ്പിക്കുകയും അവിടെ നടമാടുന്ന കൂട്ടക്കുരുതിക്ക് അറുതിയുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു.

അതുപോലെ തന്നെ വിശുദ്ധനാടിലും യെമനിലും മദ്ധ്യപൂർവ്വദേശത്തും ഉക്രെയിനിലും വെനസ്വേലയിലും നിലനിൽക്കുന്ന സംഘർഷ അവസ്ഥകളും; ആഫ്രിക്ക ഭൂഖണ്ഡത്തിലെ
ദാരിദ്ര്യം, പകർച്ചവ്യാധികൾ, ഭീകരാക്രമണങ്ങൾ; തെക്കന്‍ സുഡാനിലെ ജനങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പീഡനങ്ങൾ; കൊറിയ ഉപദ്വീപിൽ  സംവാദം വളരണ്ടേതിന്റെ അത്യാവശ്യം എന്നിവ പാപ്പായുടെ ഈസ്റ്റെർ സന്ദേശത്തിൽ നിറഞ്ഞുനിന്നു.

നാടിന്‍റെ ഉത്തരവാദിത്ത്വം പേറുന്നവർ വിവേകത്തോടും വിവേചനത്തോടെയും ജനങ്ങളുടെ നന്മയ്ക്കായി, സത്യസന്ധമായ ബന്ധങ്ങൾ രാജ്യാന്തര സമൂഹങ്ങളുമായി വളർത്തിയെടുക്കണമെന്ന്   ആഹ്വാനം ചെയ്തു.

സംവാദത്തിലൂടെയും പരസ്പര ആദരവിലൂടെയും മാത്രമേ  അക്രമവും ഭിന്നിപ്പും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഈ സ്ഥലങ്ങളിൽ പീഡനങ്ങളും ചൂഷണവും അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾ തിന്മയെ നന്മകൊണ്ടു കീഴടക്കിയ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാർന്ന സാക്ഷികളായി ജീവിക്കണമെന്ന് ഉത്ബോധിപ്പിച്ചു. അതുപോലെ ‘ഉപയോഗശൂന്യരെ’ന്നപോലെ തള്ളി മാറ്റുന്ന വൃദ്ധജനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തു.

നേതാക്കൾ നീതിബോധമുള്ളവരാവുകയും
യഥാർത്ഥമായ അറിവിന്‍റെ ഫലങ്ങൾ രാഷ്ട്രനേതാക്കളും രാഷ്ട്രീയപ്രമുഖരും ജനനേതാക്കളും തങ്ങളിൽ ധാരാളമായി പരിപോക്ഷിപ്പിക്കണം. അവർ ജനനന്മയും മനുഷ്യാന്തസ്സും മാനിക്കുന്നവരും, പൊതുനന്മയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവർ ആകണം. അപ്പോൾ  രാഷ്ട്രങ്ങളിൽ ജനങ്ങളുടെ വികസനവും സുരക്ഷയും കൈവരിക്കാൻ സാധിക്കും.

ജീവന്‍റെ അതിനാഥൻ ദൈവമാണ് എന്നത് മറക്കാതിരിക്കാം. ക്രിസ്തുവിന്‍റെ  ഉത്ഥാനം നൽകുന്ന വലിയൊരു സന്ദേശം  ഇതാണ് ‘മരണവും ഏകാന്തതയും ഭീതിയും ഇനി അവസാനവാക്കാണെന്ന് ആരും വിചാരിക്കരുത്! അതിനുമപ്പുറം ദൈവത്തിനു മാത്രം ഉച്ചരിക്കാവുന്നതും സാധിക്കുന്നതുമായ വാക്കുണ്ട്… അതാണ് ഉത്ഥാനം!’ (cf. John Paull II, at the end of the Via Crucis, 18th April 2003).  “ദൈവസ്നേഹം തിന്മയെ കീഴ്പ്പെടുത്തും, കുറ്റംബോധം ഇല്ലാതാക്കും, പാപബോധം അകറ്റി നമ്മെ നിഷ്ക്കളങ്കരാക്കും, ദുഃഖിതര്‍ക്കു സന്തോഷവും, പീഡിതര്‍ക്ക് സമാശ്വാസവും അതു നല്കും, വിദ്വേഷമില്ലാതാക്കും, ശക്തരുടെ ഹൃദയകാഠിന്യം അകറ്റും, ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തും” (Preconio Pasquale). അതുകൊണ്ട്, പ്രത്യാശ നിറഞ്ഞവരായി നമുക്ക് മുന്നേറാം.

തുടർന്ന്,  ഏവർക്കും ഈസ്റ്റർ ആശംസകൾ! എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

കടപ്പാട്: ഫാ.  വില്യം നെല്ലിക്കൽ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker