ദയാവധം; സുപ്രിം കോടതി വിധിക്കെതിരെ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം
ദയാവധം; സുപ്രിം കോടതി വിധിക്കെതിരെ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ദയാവധം ഉപാധികളോടെ നടപ്പിലാക്കാനുളള സുപ്രിം കോടതി വിധി വേദനാജനകമാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുളള മരണം ഒരു പൗരന്റെ ഭരണഘടനാ അവകാശമെന്ന് പരാമർശിക്കുന്ന കോടതി, ഉപാധികളോടെ മരണം അനുവധിക്കുന്നത് ഖേദകരവും പ്രതിഷേധകരവുമാണ്.
ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെ പേരിലോ വധിക്കുന്നത് മനുഷ്യസ്നേഹികൾക്ക് അംഗീകരിക്കാനാവില്ല. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളുടെ സഹായത്തോടെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത് സ്വസ്ഥമായ മരണം അനുവർധിക്കുന്നതിന് പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതി വിധി വിപത്തുകൾക്ക് ഇടവരുത്തുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് പറഞ്ഞു.
ഒരു വ്യക്തിയുടെ മരണ താല്പ്പര്യം അനുസരിച്ച് ആ വ്യക്തിക്ക് ഉപാധികളോടെ മരണമാകാമെന്ന് പറയുന്ന കോടതി മരണപത്രമില്ലെങ്കിൽ ബന്ധുക്കൾക്ക് കോടതിയെ സമീപിക്കാമെന്ന് മുന്നോട്ട് വയ്ച്ചിട്ടുളള നിർദേശം ദുരുപയോഗം ചെയ്യാൻ ഇടയുണ്ടെന്നും ഡോ. സൂസപാക്യം പ്രസ്താവനയിലൂടെ പറഞ്ഞു.