തിരുവനന്തപുരം ലത്തീൻ അതിരൂപത: 50 വീടുകളുടെ താക്കോൽ ദാനവും ഓഖി ദുരിതാശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും
തിരുവനന്തപുരം ലത്തീൻ അതിരൂപത: 50 വീടുകളുടെ താക്കോൽ ദാനവും ഓഖി ദുരിതാശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും
തിരുവനന്തപുരം: അതിരൂപതയുടെ നിർധന കുടുംബങ്ങൾക്കായുള്ള ‘ഭവനം ഒരു സമ്മാനം’ പദ്ധതിയിൽ പണി പൂർത്തിയായ അൻപതു വീടുകളുടെ താക്കോൽ ദാനവും ഓഖി ദുരിതബാധിതർക്കായുള്ള സൗജന്യ ചികിത്സാ–ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെയും നിർധന യുവതികളുടെ വിവാഹത്തിനു സാമ്പത്തിക സഹായം നൽകുന്ന സാന്ത്വനം മംഗല്യം പദ്ധതിയുടെയും ഉദ്ഘാടനം നാളെ 3.30-നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ്ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷതവഹിക്കും. ഓഖി ദുരിതബാധിത കുടുംബങ്ങൾക്കു സേവ് എ ഫാമിലി പദ്ധതിയുടെ മാതൃകയിൽ അതിരൂപത നടപ്പാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും.
തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെയാണു തുടർ ചികിത്സാ പദ്ധതി. സാന്ത്വനം മംഗല്യം പദ്ധതിയിൽ നാളെ പത്തു യുവതികൾക്കു മൂന്നുലക്ഷം രൂപ വീതം വിവാഹസഹായം നൽകും. ഭവനം ഒരു സമ്മാന പദ്ധതി അനുസരിച്ച് ഇതിനോടകം 39 ഭവനങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു.
ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, എം.എൽ.എ.മാരായ കെ. മുരളീധരൻ, എം. വിൻസന്റ്, അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, സേവ് എ ഫാമിലി പ്രോജ്ക്ട് ട്രസ്റ്റ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാർഷൻ മേലാപ്പിള്ളി, ഹോളിക്രോസ് കോൺവന്റ് പ്രൊവിൻഷ്യൽ സൂപ്പീരിയർ സിസ്റ്റർ ഐലിൻ വെട്ടിക്കുഴക്കുന്നേൽ, ടി.എസ്.എസ്.എസ്. സെക്രട്ടറി ഫാ. ലെനിൻ രാജ് എന്നിവർ പ്രസംഗിക്കും.