മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണം: ഒരുക്കങ്ങളായി
മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണം: ഒരുക്കങ്ങളായി
ആലപ്പുഴ:രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി നിയമിതനായ മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ തുടങ്ങി. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ 11നു വൈകിട്ടു മൂന്നിനു ചടങ്ങുകൾ ആരംഭിക്കും. ഓഖി ദുരന്തത്തിൽപ്പെട്ടു സംസ്ഥാനത്തു മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുകയും കടലോരഗ്രാമങ്ങളിൽ കണ്ണീര് വറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥാനാരോഹണച്ചടങ്ങുകൾ അനാർഭാടമായി നടത്താനാണു തീരുമാനം.
വേദിയും പരിസരവും പ്ലാസ്റ്റിക്‌രഹിതവും പരിസ്ഥിതി സൗഹാർദപരവുമായിരിക്കണമെന്ന നിയുക്ത മെത്രാന്റെ ആഗ്രഹംകൂടി കണക്കിലെടുത്താണു ചടങ്ങുകൾ ലളിതമാക്കുന്നത്. മോൺ. പയസ് ആറാട്ടുകുളം ജനറൽ കൺവീനറും ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ കൺവീനറുമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ആലപ്പുഴ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവരുടെ സംയുക്തയോഗം നാളെ മൂന്നിനു ബിഷപ്സ് ഹൗസിൽ കൂടും.