കൊച്ചി: മിഷണറിമാർ ഏറ്റെടുക്കുന്ന ത്യാഗവും അനുഷ്ഠിക്കുന്ന സുകൃതങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തലമുറകൾക്കുള്ള അതിജീവന പാഠങ്ങളാണെന്ന് സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെ.സി.ബി.സി. ആസ്ഥാന കാര്യാലയമായ പി.ഒ.സി.യുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ പ്രേഷിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെങ്ങുമുള്ള മിഷണറിമാരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും മാതൃകകൾ ഒരിക്കലും വെറുതെയാവുന്നില്ല. അത്തരം ജീവിതമാതൃകകൾ സമൂഹത്തിൽ നന്മയുടെ സാന്നിധ്യങ്ങളായി ചരിത്രം രേഖപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ സ്നേഹത്തിന്റെ മാർഗത്തിലൂടെ മുന്നോട്ടു പോകാനാവണം. ക്രിസ്തുസാക്ഷ്യത്തിന്റെ പ്രേഷിതപാതയിൽ ജീവൻതന്നെയും സമർപ്പിക്കാൻ സന്നദ്ധതയുള്ളവരാണു മിഷണറിമാർ. ദൈവം തന്റെ ശക്തിയും സൗന്ദര്യവും പ്രകടിപ്പിക്കുന്നതു മറ്റെന്തിനേക്കാൾ ക്ഷമയിലും കാരുണ്യത്തിലുമാണ്.
അപരനിൽ ദൈവത്തിന്റെ മുഖം കാണാനും ദൈവസാന്നിധ്യത്തിനു ശുശ്രൂഷ ചെയ്യാനും മിഷണറിമാർ നിരന്തരം ജാഗ്രത പുലർത്തണമെന്നും ക്ലീമിസ് ബാവ ഓർമിപ്പിച്ചു.
ഭാരതസഭയുടെ പ്രേഷിതരംഗത്തെ ചലനാത്മകവും ശക്തവുമാക്കുന്നതിൽ കേരളത്തിൽ നിന്നുള്ള മിഷണറിമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.
ഭാരതത്തിൽ വിദ്യാഭ്യാസ രംഗത്തും, ആതുരശുശ്രൂഷാ മേഖലകളിലും സാമൂഹ്യ സേവനരംഗത്തും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും മിഷണറിമാരുടെ സേവനങ്ങൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ഫാ. ജേക്കബ് മാത്യു തിരുവാലിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി,ഗോഹട്ടി മുൻ ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ, നാഗ്പൂർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ബുക്സർ ബിഷപ് ഡോ. സെബാസ്റ്റ്യൻ കല്ലുപാറ, സിസ്റ്റർ ലിസ ഫാ. ജിബിൻ ആന്റണി, സിസ്റ്റർ ലീല, ബാലസോർ ബിഷപ് ഡോ. സൈമണ് കൈപ്പുറം, ഫാ. പ്രേം ആന്റണി, സിസ്റ്റർ ജൈൽസ്, സിസ്റ്റർ ആഗ്നസ് മാത്യു, ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസ് എന്നിവർ പങ്കെടുത്തു. പ്രേഷിതസംഗമത്തോടനുബന്ധിച്ചു അഖിലേന്ത്യാ മിഷൻ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കു 12ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയോടെ പ്രേഷിതസംഗമം സമാപിക്കും.
Related