Sunday Homilies

“സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു”

"സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു"

ആണ്ടുവട്ടം മൂന്നാം ഞായർ

ഒന്നാം വായന: യോനാ 3:1-5,10

രണ്ടാം വായന: 1 കോറിന്തോസ് 7:29-31

സുവിശേഷം: വി.മാർക്കോസ്  1:14-20

ദിവ്യബലിയക്ക് ആമുഖം

കഴിഞ്ഞ ഞായറാഴ്ച നാം ദൈവ സ്വരം ശ്രവിക്കുന്ന സാമുവലിനേയും യേശുവിനെ അനുഗമിക്കുന്ന ശിഷ്യന്മാരേയും കണ്ടു.  ഒരാഴ്ചയ്ക്കുശേഷം ബലിപീഠത്തിനു മുമ്പിൽ ഒരുമിച്ച്കൂടുമ്പോൾ നാം ശ്രവിക്കുന്നത് യോനാ പ്രവാചകന്റെ വാക്കുകളും തന്റെ ആദ്യശിഷ്യന്മാരെ വിളിക്കുന്ന യേശുവിന്റെ സ്വരവുമാണ്. ജറുസലേമിനെ ലക്ഷ്യമാക്കികൊണ്ട്  ഗലീലിയയിൽ തന്റെ പ്രവർത്തനം ആരംഭിക്കുന്ന യേശുവിനെ വി.മാർക്കോസ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്നു. ദൈവവചനം ശ്രവിക്കുവാനം അനുതാപത്തിന്റെയും അനുഗമിക്കലിന്റെയും അർത്ഥം മനസ്സിലാക്കി പരിശുദ്ധമായ ഹൃദയത്തോടെ ഈ ബലിയർപ്പിക്കുവാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

സന്തോഷകരമായ ഒരു ക്രൈസ്തവ ജീവിതം നയിക്കുന്നതിന് വേണ്ട സന്ദേശങ്ങൾ ഇന്നത്തെ സുവിശേഷം നമുക്ക് നല്കുന്നു.  ഒന്നാമതായി നാം ശ്രവിക്കുന്നത് “സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന യേശുവിന്റെ വാക്കുകളാണ്.  “അനുതപിക്കുക” എന്ന വാക്കിന് ബിബ്ലിക്കൽ ഗ്രീക്കിൽ “ചിന്തകൾക്ക് മാറ്റം വരുത്തുക, മനസ്സ് മാറ്റുക, പുതിയ രീതിയിൽ ചിന്തിക്കുക, ഇതുവരെ ചിന്തിച്ചതിൽനിന്നും വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങുക” എന്നിങ്ങനെയും അർത്ഥങ്ങളുണ്ട്.  ഏത് ജീവിതാവസ്ഥയിലുള്ളവർക്കും – വൃദ്ധരാകട്ടെ, മാതാപിതാക്കളാകട്ടെ, യുവക്കളാകട്ടെ, കുട്ടികളാകട്ടെ അവരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ആഗ്രഹമുണ്ട്.  എന്നാൽ മാറ്റങ്ങൾ വെല്ലുവിളിനിറഞ്ഞതും പ്രയാസമേറിയതുമാണ്.  അതുകൊണ്ട് മാറ്റത്തിന് വിധേയമാകാതെ ജീവിതത്തിൽ പഴയ അവസ്ഥയിൽ തുടരുവാൻ പലരും താല്പര്യം കാണിക്കുന്നു.  ചിലരാകട്ടെ മുറ്റത്തെക്കുറിച്ച് ബോധ്യമുണ്ടങ്കിലും പിന്നെയാകട്ടെ എന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്നു.  ഇത്തരമൊരവസ്ഥയിൽ “അനുതപിച്ച് ” ചിന്തകൾക്ക് മാറ്റം വരുത്തി അതിനെ തുടർന്ന് ശൈലികൾക്കും, സ്വഭാവത്തിനും, ജീവിതത്തിനും മാറ്റം വരുത്താൻ യേശു നമുക്കിന്ന് അവസരം നല്കുന്നു.

യേശുവിന്റെ ഈ ആഹ്വാനത്തിന് എങ്ങനെയാണ് നാം ഉത്തരം നല്കേണ്ടതെന്ന് ഇന്നത്തെ ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു.  നിനവേ നിവാസികളോടുള്ള യോനാ പ്രവാചകന്റെ വാക്കുകൾ ചുരുക്കമായിരുന്നു.  ”നാല്പത് ദിവസം കഴിയുമ്പോൾ നിനവേ നശിപ്പിക്കപ്പെടും”.  ദൈവം എന്നവാക്കുപോലും പ്രവാചകൻ ഉച്ചരിക്കുന്നില്ല എന്നിട്ട്പോലും അതിശക്തമായ അസീറിയൻ സാമ്രാജ്യത്തിന് കീഴിലുള്ള നിനവേ നിവാസികളും രാജാവും നാളേയ്ക്ക് മാറ്റി വയ്ക്കാതെ ഉടനെ ദൈവത്തിൽ വിശ്വസിക്കുകയും അനുതപിക്കുകയും ചെയ്യുന്നു.  അവർ അവരുടെ ചിന്തയിലും ജീവിതത്തിലും മാറ്റം വരുത്തിയപ്പോൾ ദൈവം മനസ്സ്മാറ്റി അവരോട് കാരുണ്യം കാണിക്കുന്നു.  നാം അനുതപിക്കുമ്പോൾ നമ്മുടെ ചിന്തയിലും മാറ്റം വരുത്തുമ്പോൾ ദൈവം നമ്മോട് കാരുണ്യം കാണിക്കും.

യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാർ  ജറുസലേം പട്ടണം കേന്ദ്രമായി പ്രവർത്തിക്കുകയും ശിഷ്യന്മാർ അവർക്കിഷ്ടമുള്ള ഗുരുക്കന്മാരെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തിരുന്നത്.  എന്നാൽ യേശുവാകട്ടെ ഗലീലി കടൽത്തീരത്തുള്ള ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുകയും സാധാരണക്കാരെ ശിഷ്യന്മാരായി വിളിക്കുകയും ചെയ്യുന്നു.  നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന് നമ്മുടെ കുറവുകളോടുകൂടി നമ്മെവിളിക്കുന്ന കർത്താവിനെയാണ് നാം ഇവിടെ കാണുന്നത്.  കടലിൽ വലയെറിയുകയായിരുന്ന ശിമയോനേയും അവന്റെ സഹോദരൻ അന്ത്രയോസിനെയും വിളിച്ച്കൊണ്ട്‌ യേശു പറയുന്നത് “എന്നെ അനുഗമിക്കുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നാണ്.  അതിന്റെയർത്ഥം ഇപ്പോൾ നിങ്ങൾ മത്സ്യം പിടിക്കുന്നവരാണ് എന്നെ അനുഗമിക്കുമ്പോൾ നിങ്ങൾ മനുഷ്യരെപ്പിടിക്കുന്നവരാക്കും.  അതായത് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സാധാരണ കാര്യമാണ് എന്നെ അനുഗമിക്കുമ്പോൾ നിങ്ങൾ വലിയ കാര്യങ്ങൾ ചെയ്യും.  ഇന്ന് യേശുവിനെ അനുഗമിക്കുന്ന നമ്മോടും യേശു പറയുന്നതും ഇതാണ്.  “വലിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ നിന്നെ പ്രപ്തനാക്കും”.  സ്വന്തം കഴിവിലും അറിവിലും സംശയിച്ച് നില്ക്കുന്ന നമ്മോടും യേശു പറയുന്നത് ഇതുതന്നെയാണ്.  ക്രിസ്തു ശിഷ്യരായി കുടുംബത്തിലും, ഇടവകയിലും, സമൂഹത്തിലും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരെ, സേവനം ചെയ്യുവാൻ ആഗ്രഹിക്കുന്നവരെ യേശു ധൈര്യപ്പെടുത്തുകയാണ്.

ആദ്യ ശിഷ്യന്മാരെ യേശു വിളിക്കുന്നത് ഈരണ്ടുപേരായിട്ടണ്.  ശിമയോനും അന്ത്രയോസും, യാക്കോബും യോഹന്നാനും.  വിശ്വാസ ജീവിതത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന് കാണിക്കുവാനാണിത്.  ആദിമ ക്രൈസ്തവ സഭയിലെ ഏറ്റവും ഉത്തരവാദിത്വപ്പെട്ടവരായ ഇവരുടെ ഐക്യം നമ്മുടെ ഇടവക കൂട്ടായ്മയിലും നമുക്ക് മാതൃകയാക്കാം.    ആമേൻ

ഫാ.സന്തോഷ് രാജ്

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker