Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)
അപ്രതീക്ഷിതമായ പലതുമായിരിക്കാം നമ്മുടെ ജീവിതത്തിലും സംഭവിക്കുക...

ആഗമനകാലം നാലാം ഞായർ
ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു സുവിശേഷങ്ങളെയും ചേർത്തു വായിച്ചാൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് ദമ്പതികൾക്കാണെന്ന് നമുക്ക് മനസ്സിലാകും. ദൈവം എല്ലാ ദമ്പതികളിലും പ്രവർത്തിക്കുന്നു. മനുഷ്യനായി അവതരിക്കാൻ അവന് ജോസഫിന്റെയും മറിയത്തിന്റെയും സമ്മതം വേണം. നമ്മുടെ കുടുംബങ്ങളിലെ ബന്ധങ്ങളിലാണ് ദൈവം അവതരിക്കുന്നത്.
മറിയം ഗർഭിണിയാണെന്ന വാർത്തയിൽ ജോസഫ് ഞെട്ടുന്നു. ആർക്കാണ് അവനെ കുറ്റപ്പെടുത്താൻ കഴിയുക? അവർ തമ്മിൽ വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോഴിതാ, എവിടെയൊക്കെയോ എന്തൊക്കെയോ ലംഘിക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരമാണ്. നോക്കുക, ഒട്ടും മനസ്സിലാകാത്ത കാര്യങ്ങളാണ് ജോസഫിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. അവന്റെ പദ്ധതികൾ തകരുന്നു. ഇതുപോലെ അപ്രതീക്ഷിതമായ പലതുമായിരിക്കാം നമ്മുടെ ജീവിതത്തിലും സംഭവിക്കുക. നമ്മൾ സ്വപ്നം കാണുന്നു, ആസൂത്രണം ചെയ്യുന്നു, പക്ഷേ യാഥാർത്ഥ്യം നേർവിപരീതമാകുന്നു. ഈ ഘട്ടത്തിൽ, ഒന്നുകിൽ എന്താണ് സംഭവിച്ചിരിക്കാൻ സാധ്യതയുള്ളതെന്ന് ചിന്തിച്ചുകൊണ്ടിരിക്കാം, അല്ലെങ്കിൽ നിശബ്ദമായി ഒരു തീരുമാനം എടുക്കാം. ഓർക്കുക, ജീവിതം നിരാശകൾ നിറഞ്ഞതാണെങ്കിലും നമ്മൾ തിരഞ്ഞെടുക്കേണ്ടത് ജീവിതത്തെ തന്നെയായിരിക്കണം.
താൻ സ്നേഹിച്ച സ്ത്രീയുടെ ഗർഭധാരണം അംഗീകരിക്കാൻ ജോസഫിന് ബുദ്ധിമുട്ടായിരുന്നിരിക്കണം. അവന് വേദനയും വഞ്ചനയും തോന്നിയിരിക്കണം. എങ്കിലും അവളോടുള്ള അവന്റെ ആത്മാർത്ഥമായ സ്നേഹത്തിനെ അവൻ ഇല്ലാതാക്കുന്നില്ല. അവൻ അവളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നുണ്ട്; സംശയം കൊണ്ടല്ല, ബഹുമാനം കൊണ്ടാണ്. അവൻ അങ്ങനെ തീരുമാനിക്കുന്നത് അവൻ “നീതിമാൻ” ആയതുകൊണ്ടാണ്. ബൈബിളിൽ, നീതിമാൻ നിയമത്തിനോട് വിശ്വസ്തനായ ഒരാളാണ്. നിയമം അവളെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു. പക്ഷെ അവൻ ആ നിയമം അനുസരിക്കുന്നില്ല, മറിച്ച് തന്റെ ഹൃദയചോദനകളെ അനുഗമിക്കുന്നു. മറിയത്തിനോടുള്ള സ്നേഹത്താൽ നിയമത്തിന്റെ കവചം അവൻ പൊളിക്കുന്നു. നിയമപ്രകാരമല്ല ജോസഫ് നീതിമാനാകുന്നത്, സ്നേഹപ്രകാരമാണ്. ഓർക്കുക, നിയമത്തിന്റെ കാതൽ സ്നേഹമാണ്. വിശുദ്ധനാകാൻ നീതിമാനായാൽ മാത്രം പോരാ; അതി-നീതിമാനാകണം. സാമാന്യബുദ്ധി മാത്രം പോരാ; കരുണ വേണം.
ശക്തമായ ഒരു സംഘർഷത്തിനു മുന്നിൽ ജോസഫ് സ്വീകരിച്ച മൗനം അവന് നൽകിയത് ആഴമായ ഒരു തിരിച്ചറിവാണ്. മറിയവുമായുള്ള വിവാഹത്തേക്കാൾ വലിയൊരു പദ്ധതി ദൈവത്തിന് അവനെക്കുറിച്ച് ഉണ്ടെന്ന തിരിച്ചറിവ്. അതുകൊണ്ടാണ് ദൈവസാന്നിധ്യം നിറഞ്ഞ ഈ ബന്ധത്തിൽ നിന്ന് അവൻ പിന്മാറാതിരുന്നത്. സ്വന്തം പദ്ധതികളുടെ കോലാഹലങ്ങളിൽ ജോസഫ് സ്വയം ഇല്ലാതാകുന്നില്ല. ഇവിടെയാണ് നമ്മളും ജോസഫും തമ്മിലുള്ള വ്യത്യാസം. നമ്മൾ ഉറപ്പുകൾ തേടുന്നു; ജോസഫിന്, ഉറപ്പിന്റെ അവബോധം മാത്രം മതി. മറിയം അവന്റെ സംശയങ്ങളേക്കാൾ വിലയുള്ളവളാണ്.
പൗരുഷത്തിന്റെ പൂർണ്ണതയാണ് ജോസഫ്. കാരണം, അവൻ ഏറ്റെടുക്കുന്നത് തനിക്ക് പങ്കില്ലാത്ത ഒരു പ്രശ്നത്തിന്റെ ഉത്തരവാദിത്തമാണ്; ദൈവം സൃഷ്ടിച്ച പ്രക്ഷോഭത്തിന്റെ അനന്തരഫലങ്ങൾ. മറിയത്തിന്റെ ഉറപ്പ് ദൈവികമായ ഒരു കാഴ്ചയാണെങ്കിൽ, ജോസഫിന്റേത് ഒരു സ്വപ്നം മാത്രമാണ്. ദൈവം സ്വപ്നങ്ങളിലൂടെ ജോസഫിനോട് സംസാരിക്കുന്നു.
ബോധത്തിനും അബോധത്തിനും ഇടയിലുള്ള ഒരു തുലാസാണ് സ്വപ്നം. ആ ആന്തരികതയിൽ അവൻ തുറക്കുന്നത് ഭാവിയിലേക്കുള്ള മനുഷ്യത്വത്തിന്റെ പാതയാണ്; സ്വർഗീയമായ ഇച്ഛകളുടെ മണ്ഡലമാണ്. സ്വപ്നങ്ങളിലൂടെ ജോസഫ് അസാധ്യതയുടെ പരിധികളെ മറികടക്കുന്നു.
മത്തായിയുടെ സുവിശേഷത്തിലെ രണ്ട് അധ്യായങ്ങളിലായി അഞ്ച് സ്വപ്നങ്ങൾ വിവരിക്കുന്നുണ്ട്. ജോസഫിന്റെ എല്ലാ സ്വപ്നങ്ങളും ഒരു പാതയിലേക്ക്, അപകടകരമായ ഒരു തിരഞ്ഞെടുപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത്: മറിയത്തെ സ്വീകരിക്കുക, ഈജിപ്തിലേക്ക് പലായനം ചെയ്യുക, ഇസ്രായേൽ ദേശത്തേക്ക് മടങ്ങുക, മറിയത്തെ തന്നോടൊപ്പം കൊണ്ടുപോകുക.
ബൈബിളിൽ, സ്വപ്നങ്ങൾ ദൈവത്തിന്റെ സന്ദേശങ്ങളാണ്. കാരണം, സ്വപ്നങ്ങളിൽ നമുക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ട്. നമ്മൾ കാണാൻ ആഗ്രഹിക്കാത്തതോ വൈകാരികമായി തീവ്രമായതോ ആയ കാര്യങ്ങളാണ് സ്വപ്നങ്ങൾ വെളിപ്പെടുത്തുന്നത്. നമ്മൾ ആഗ്രഹിച്ചില്ലെങ്കിലും, അവയെ നിരസിച്ചാലും സ്വപ്നങ്ങൾ നമ്മോട് സംസാരിക്കുന്നു. സ്വപ്നം ഒരു യാത്രയാണ്, ഒരു പാതയാണ്. നമുക്ക് സ്വപ്നത്തെ വിശ്വസിക്കാമോ? ജോസഫ് വിശ്വസിക്കുന്നു! സത്യമായതിനും സത്യമായി തോന്നിപ്പിക്കുന്നതിനും ഇടയിൽ വ്യത്യാസമുണ്ടെന്ന് ജോസഫിന് അറിയാം. ഒരു കാര്യം സത്യമാകുമ്പോൾ, നമ്മുടെ ഉള്ളിന്റെ ഉള്ളിൽ, അത് അറിയാൻ സാധിക്കും. സത്യമാണെന്ന് നമ്മുടെ ഉള്ളം പറയുന്നത് പിന്തുടരുക, അത് നമ്മെ അജ്ഞാതമായ വഴികളിലേക്ക് നയിച്ചാലും.
സ്വപ്നത്തിലുമുണ്ട് പരിഹാരങ്ങൾ. സ്വപ്നത്തിലെ കുഞ്ഞിനാണ് ജോസഫ് ഒരു പേരും, ഒരു ചരിത്രവും, ഭാവിയിലേക്ക് നീങ്ങാൻ കഴിയുന്ന ഒരു ഭൂതകാലവും നൽകുന്നത്.
“ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്‍റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്‍റെ ഭാര്യയെ സ്വീകരിച്ചു” (1 : 24). ഇതാണ് ക്രൈസ്തവികത: സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കൽ. ദൈവം ജോസഫിനെ തിരഞ്ഞെടുക്കുന്നത് സ്വപ്നം കാണാനും ദൈവേഷ്ടം തിരിച്ചറിയാനും തയ്യാറായതിനാലാണ്.
ജോസഫ് നിശബ്ദനാണ്. അതാണ് അവൻ്റെ സൗന്ദര്യം. മൗനമാണ് വിശ്വാസത്തിന്റെ ചാരുത. കാരണം, ആ മൗനത്തിലാണ് ദൈവം നമ്മോട് സംസാരിക്കുകയും ഉള്ളിൽ പ്രവർത്തിക്കുകയും ചെയ്യുന്നത്. നിശബ്ദനായിരിക്കുക എന്നാൽ നമ്മുടെ കഴിവുകൾക്കും കഴിവുകേടുകൾക്കും അതീതമായത് ദൈവത്തിന് സാധ്യമാകും എന്ന അവബോധമാണ്. നിശബ്ദതയിൽ, ദൈവവചനത്തിന് നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും മറഞ്ഞിരിക്കുന്ന കോണുകളിൽ എത്താൻ കഴിയും.
ജോസഫ് ആഗ്രഹിക്കുന്നത് മറിയത്തെ സ്വന്തമാക്കാനല്ല. കാരണം, മറിയം അവന്റെ ഹൃദയത്തിലാണ്. അവളെ നഷ്ടപ്പെടുന്നതിന്റെ വക്കോളം അവൻ അവളെ സ്നേഹിക്കുന്നു. മറിയത്തിനോട് ദൈവദൂതൻ പറഞ്ഞ അതേ വാക്കുകൾ അവന്റെ ഹൃദയത്തിലും പ്രതിധ്വനിക്കുന്നുണ്ട്: “ഭയപ്പെടേണ്ട.” അവൻ വിളിക്കപ്പെട്ടിരിക്കുന്നത് ദൈവം വാഗ്ദാനം ചെയ്ത ദാവീദിന്റെ വംശപരമ്പരയിലേക്ക് ദൈവപുത്രനെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ്. ആ കാര്യത്തിൽ ഒരു ശങ്കയും ഭയവും വേണ്ട. മറിയത്തിൻ്റെയും ജോസഫിന്റെയും കുടുംബജീവിതം “ഭയപ്പെടേണ്ട” എന്ന ക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. നമ്മുടെയും ജീവിതത്തിൻ്റെ സംഘർഷങ്ങളിലും ആശയക്കുഴപ്പങ്ങളിലും ഭയപ്പെടരുതെന്ന് ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു!
ഹീബ്രു ഭാഷയിൽ ജോസഫ് അഥവാ “യോസേഫ്” (יוֹסֵף) എന്ന പദത്തിനർത്ഥം “ദൈവം കൂട്ടിച്ചേർക്കുന്നു” എന്നാണ്. വർധിപ്പിക്കുന്നവൻ എന്ന വാച്യാർഥം. അതായത്, ആരും സ്വയംപര്യാപ്തരല്ലെന്നാണ് ജോസഫ് നമ്മെ ഓരോരുത്തരെയും ഓർമിപ്പിക്കുന്നത്.



