Kerala

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന മോൺ. ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയിലെ മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ്.

മുണ്ടംവേലി സെന്റ് ലൂയിസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഇടക്കൊച്ചി അക്വിനാസ് കോളേജിൽ പ്രീ-ഡിഗ്രി, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1986-ൽ ഫോർട്ട് കൊച്ചിയിലെ മൗണ്ട് കാർമ്മൽ പെറ്റി സെമിനാരിയിൽ തന്റെ പൗരോഹിത്യ പഠനം ആരംഭിച്ചു. 1990-ൽ മൈനർ സെമിനാരി പഠനം പൂർത്തിയാക്കി. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്ര പഠനവും റോമിലെ ഉർബാനിയ സർവകലാശാലയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, അതേ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി.

1998 ഓഗസ്റ്റ് 15-ന് ബിഷപ്പ് ഡോ. ജോസഫ് കുരീത്തറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച ഫാ. ആന്റണി ഫോർട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്ക അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. പിന്നീട്, തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി, കൊച്ചിൻ രൂപതാ വിവാഹ ട്രൈബ്യൂണലിൽ നോട്ടറി, പെരുമ്പടപ്പ് കൊച്ചിൻ ഇ-ലാൻഡ് കമ്പ്യൂട്ടർ സ്റ്റഡീസ്‌ അസിസ്റ്റന്റ് ഡയറക്ടർ, ജുഡീഷ്യൽ വികാരി, സിനഡ് രൂപതാ കോൺടാക്റ്റ് പേഴ്‌സൺ, മതപരമായ കാര്യങ്ങൾക്കായുള്ള എപ്പിസ്‌കോപ്പൽ വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാ അംഗമായ പരേതരായ ജേക്കബ്, ട്രീസ ദമ്പതികളുടെ ഇളയ മകനായി 1970 ഒക്ടോബർ 14 ന് കൊച്ചിയിലെ മുണ്ടംവേലിയിലായിരുന്നു ജനനം.

പോൾ നാലാമൻ പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-ന് സ്ഥാപിതമായ കൊച്ചി രൂപതയുടെ പ്രഥമ മെത്രാൻ ദോം ജോർജ്ജ് തെമുദ്രോയിൽ തുടങ്ങി രൂപതയുടെ 36-മത്തെ മെത്രാനായ ഡോ.ആന്റണി കാട്ടിപ്പറമ്പിലിൽ എത്തി നിൽക്കുകയാണ്ന്ന ഭാരതത്തിലെ ഏറ്റവും പുരാതന രൂപതകളിലൊന്നായ കൊച്ചി രൂപതയുടെ ചരിത്രം. കൊച്ചിരൂപതയുടെ ആദ്യകാല അതിർത്തികൾ പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളും അടങ്ങുന്നതായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker