India

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

കേരളത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമരംഗത്തെ ആദിസ്‌നാപകരായ മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ പ്രസിദ്ധീകരണങ്ങളിലൊന്നാണ് ചെറുപുഷ്പം...

ജോസ് മാർട്ടിൻ

പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസില്‍ നിന്ന് റവ.ഡോ. ആന്റണി ഇട്ടിക്കുന്നത്ത് ഒസിഡി മെമെന്റോ ഏറ്റുവാങ്ങി. കേരളത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമരംഗത്തെ ആദിസ്‌നാപകരായ മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ പ്രസിദ്ധീകരണങ്ങളിലൊന്നാണ് ചെറുപുഷ്പം. പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ സംഘടിപ്പിച്ച, ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷൻ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിച്ച പരിപാടി ബെല്ലാറി രൂപതാധ്യക്ഷനും ഐസിപിഎയില്‍ സിബിസിഐയുടെ ഉപദേശകനുമായ ഡോ. ഹെന്റി ഡിസൂസ ഉദ്ഘാടനം ചെയ്തു. അമരാവതി രൂപതാധ്യക്ഷന്‍ ഡോ. മാല്‍ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു.

നൂറ്റിഎഴുപത്തഞ്ചു വര്‍ഷം പിന്നിട്ട ദി എക്‌സാമിനര്‍ (മുംബൈ, ഇക്കൊല്ലം സുവര്‍ണജൂബിലി ആഘോഷിച്ച നാം വാഴ്‌വൂ (ചെന്നൈ) എന്നീ പ്രസിദ്ധീകരണങ്ങളെയും, ഇന്ത്യയില്‍ മാധ്യമ ശുശ്രൂഷാരംഗത്ത് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസ സമൂഹത്തെയും ഇതോടൊപ്പം ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ ദി എക്‌സാമിനറിനെ നയിച്ച ഫാ. ആന്റണി ചാരങ്ങാട്ട്, ഡോ. രാജശേഖരന്‍, പ്രൊവിന്‍ഷ്യല്‍ ഫാ. ജോബി മാത്യു എന്നിവര്‍ യഥാക്രമം മെമെന്റോകള്‍ ഏറ്റുവാങ്ങി.

അഞ്ചു പതിറ്റാണ്ടിലേറെ സത്യനാദകാഹളത്തിന്റെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു റെക്കോര്‍ഡ് സ്ഥാപിച്ച പി.സി. വര്‍ക്കിയുടെ ഇളംതലമുറക്കാരനാണ് ‘ടോണി’ എന്നു പരക്കേ അറിയപ്പെടുന്ന ഫാ. ആന്റണി ചാരങ്ങാട്ട്. കര്‍ദിനാള്‍മാരായ വലേറിയന്‍ ഗ്രേഷ്യസ്, സൈമണ്‍ പിമെന്റ, ഐവന്‍ ഡയസ്, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പ് ജോണ്‍ റോഡ്രിഗ്‌സ് എന്നിങ്ങന ബോംബെ അതിരൂപതയുടെ അഞ്ചു സാരഥികള്‍ക്കൊപ്പം സേവനമനുഷ്ഠിക്കാന്‍ ഫാ. ടോണിക്കു ഭാഗ്യമുണ്ടായി.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker