India

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്...

ജോസ് മാർട്ടിൻ

ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ് ഓഫ് ഇന്ത്യയുടെ ശനിയാഴ്ചത്തെ (സെപ്തംബർ 27) മലയാളം മീഡിയം എന്ന പേജിൽ പുന:രുത്ഥാനം അല്ലെങ്കിൽ പ്രവാസം (Resurrection or exile) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ചിത്രം കത്തോലിക്കാ വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തോടുള്ള അവഹേളനമാണ് എന്ന് വളരെ വ്യസനത്തോടെ പറയട്ടെ.

ഒരു മതത്തിന്റെ വിശ്വാസ പ്രതീകത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വികലമായി ചിത്രീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹവും, ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള മത സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. സമാധാനപൂർവ്വം ജീവിക്കാനാഗ്രഹിക്കുന്ന ഒരു വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്നരീതിയിയുള്ള അവതരണങ്ങൾ പ്രചരിപ്പിക്കുന്ന രീതിയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ ടീം അധഃപതിച്ചുപോകുന്നത് അപലപനീയവും അതേസമയം തല്ലുകൊള്ളിത്തരവുമെന്ന് പറയാതിരിക്കാനാവില്ല (വർഷങ്ങൾക്കു മുൻപ് മലയാള മനോരമയുടെ ഭാഷാപോഷിണിയിൽ സമാന രീതിയിൽ പ്രസിദ്ധീകരിച്ച അന്ത്യത്താഴ ചിത്രം മനോരമയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങിയിരുന്നു).

മാധ്യമ ധർമ്മം മറന്നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ വിശ്വാസ ഹത്യക്കെതിര ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്. ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി വിശ്വവിഖ്യാത ചിത്രകാരൻ ലിയൊനാർഡോ ഡാവിഞ്ചി ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻ നഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ വരച്ച ചുവർ ചിത്രമാണ് യേശുവിന്റെ അവസാനത്തെ തിരുവത്താഴം (The Last Supper). ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിലും, ഭവനങ്ങളിലും, ഈ ചിത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.

മനസിലാക്കിയടത്തോളം എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്. അറിയേണ്ടത് ഒന്നുമാത്രം – ടൈംസ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം ക്രിസ്ത്യാനികളോ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയോ?

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker