Meditation

26th Sunday_Ordinary Time_നിസ്സംഗതയാണ് നരകം (ലൂക്കാ 16: 19-31)

നമ്മൾ സ്വരൂപിച്ചത് നമ്മുടെ ഐഡന്റിറ്റി അല്ല എന്ന അവബോധത്തിൽ എത്താത്ത കാലം വരെ നമ്മുടെ സ്വത്വം എന്നും ആശയക്കുഴപ്പത്തിലായിരിക്കും...

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ

യേശു അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ പറഞ്ഞുകഴിയുമ്പോൾ പണക്കൊതിയരായ ഫരിസേയര്‍ അവനെ പുച്ഛിക്കുന്നുണ്ട് (16:14). അപ്പോൾ അവൻ അവരോട് പറയുന്ന ഉപമയാണ് ധനവാനും ലാസറും എന്ന ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ലൂക്കാ സുവിശേഷകൻ മാത്രം കുറിക്കുന്ന ഒരു ഉപമയാണിത്. ദരിദ്രനും ധനികനും, ഈ ജീവിതവും മരണാനന്തരവസ്ഥയും തുടങ്ങിയ വൈരുദ്ധ്യാത്മകതകൾ (Dialectics) ഉണ്ടെങ്കിലും ഉപമയുടെ കേന്ദ്ര സന്ദേശം മരണാനന്തര ജീവിതമല്ല, മറിച്ച് ഇന്നത്തെ, ഇവിടത്തെ ജീവിതമാണ്. ഇന്നാണ്, ഈ കടന്നു പോകുന്ന ദിനങ്ങളാണ്, നമ്മുടെ ഭാവിയെ നിർണയിക്കുന്നത്. ആ സത്യത്തെ ധനവാനും ലാസറും എന്ന രണ്ട് കഥാപാത്രങ്ങളിലൂടെ സുവിശേഷകൻ സമർത്ഥമായി വിവരിക്കുന്നു.

ധനവാന് എല്ലാമുണ്ട്. ഒന്നിനും ഒരു കുറവില്ലാത്തവൻ. ഫാഷനനുസരിച്ച് അവൻ വസ്ത്രം ധരിക്കുന്നു, സുഭിക്ഷമായ വിരുന്നുകൾ നടത്തി ആനന്ദിക്കുന്നു. അവൻ ഒരു മോശം മനുഷ്യനോ ദുഷ്ടനോ അല്ല. പക്ഷെ അവന് ഒരു പേരില്ല. ലൂക്കായുടെ സുവിശേഷത്തിൽ ധനികർ പേരില്ലാത്തവരാണ്. അവർ ഐഡന്റിറ്റി ഇല്ലാത്തവരാണ്. അവരുടെ ഐഡന്റിറ്റി അവരുടെ സമ്പത്താണ്. ധനവന്മാരുടെ ചിന്ത അവർക്കുള്ളതാണ് അവർ എന്നതാണ്. നമ്മൾ സ്വരൂപിച്ചത് നമ്മുടെ ഐഡന്റിറ്റി അല്ല എന്ന അവബോധത്തിൽ എത്താത്ത കാലം വരെ നമ്മുടെ സ്വത്വം എന്നും ആശയക്കുഴപ്പത്തിലായിരിക്കും. അങ്ങനെയുള്ളവർ സ്വന്തം പേരിൽ നിന്നുപോലും അന്യരായിരിക്കും.

ഒന്നുമില്ലാത്തവനാണ് ദരിദ്രൻ. അപ്പോഴും അവനൊരു പേരുണ്ട്: ലാസർ. അതിനർത്ഥം “ദൈവം സഹായിക്കുന്നു” എന്നാണ്. അവൻ ധനവാന്റെ മേശക്കടിയിൽ കിടക്കുന്നവനാണ്. അയാളുടെ മേശയിലെ അവശിഷ്ടങ്ങളാണ് അവൻ്റെ ഭക്ഷണം. തെരുവ് നായ്ക്കൾ അവന്റെ വ്രണങ്ങൾ നക്കിയിരുന്നുവത്രേ. യഹൂദർക്ക് നായകൾ ഏറ്റവും അശുദ്ധമായ മൃഗങ്ങളിൽ ഒന്നാണ്.

സുവിശേഷങ്ങളിൽ ഈ ഉപമയിൽ അല്ലാതെ മറ്റൊരു ഉപമയിലും കഥാപാത്രങ്ങൾക്ക് പേരില്ല. ഇവിടെ ദരിദ്രന് ലാസർ എന്ന പേരുണ്ട്. ബൈബിളിനെ സംബന്ധിച്ചിടത്തോളം, പേര് വ്യക്തി തന്നെയാണ്. ലാസർ എന്ന അവന്റെ പേര് അവന്റെ ജീവിതമാണ്: അവന് ദൈവത്തെ വേണം, സഹായിക്കാൻ ആരെങ്കിലും വേണം, അവനെ പരിപാലിക്കാൻ ദൈവം വേണം.

ധനവാൻ സംവേദനക്ഷമതയില്ലാത്തവരുടെ ഒരു പ്രതീകമാണ്. അവർ വിചാരിക്കുന്നത് നിത്യത നാളത്തെ ഒരു യാഥാർത്ഥ്യമാണെന്നാണ്. അല്ല, അത് ഇതിനകം ആരംഭിച്ചിരിക്കുന്നു. നരകം എന്നത് നമ്മുടെ ഹൃദയശൂന്യമായ തിരഞ്ഞെടുപ്പുകളുടെ ദീർഘിപ്പിക്കൽ മാത്രമാണ്. എല്ലാത്തിനുമുപരി, മരണം എന്നത് “ഉണ്ടായിരിക്കുക” എന്ന ക്രിയയുടെ അവസാനവും “ആയിരിക്കുക” എന്ന ക്രിയയുടെ തുടക്കവുമാണ്. നമുക്കുള്ളതിനുവേണ്ടി മാത്രം നമ്മൾ ജീവിക്കുന്നുവെങ്കിൽ, നമ്മുടെ അസ്തിത്വത്തിന്റെ അഭാവത്തിൽ നരകം നമുക്കായി ജീവിക്കുന്നതായി നമ്മൾ കണ്ടെത്തും. നോക്കുക, ഈ ഉപമയിൽ ദൈവം ഒരു കഥാപാത്രമല്ല, പക്ഷേ ലാസറിന് നൽകിയ ഓരോ അപ്പകഷണവും ദൈവം ഓർത്തിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്നേഹിക്കാനുള്ള കഴിവില്ലായ്മയാണ് നരകം. അത് വലിയൊരു അഗാധത നമ്മിൽ ഉണ്ടാക്കും. മരണാനന്തരം അതു നമ്മുടെ ഇടയിൽ വലിയൊരു വിടവായി അവശേഷിക്കും, ധനവാനും ലാസറിനും ഇടയിൽ ഉണ്ടായ വിടവ് പോലെ.

ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട്: ലാസറും ധനവാനും എങ്ങനെയായിരിക്കും പരസ്പരം ഇടപെട്ടിട്ടുണ്ടാവുക? അവരുടെ ധാർമ്മിക ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല: സത്യസന്ധതയില്ലായ്മയെക്കുറിച്ചോ ദുഷ്‌പ്രവൃത്തിയെക്കുറിച്ചോ ഉപമയിൽ ഒരു പരാമർശവുമില്ല. ധനവാൻ മോശമാണെന്നും ലാസർ നല്ലവനാണെന്നും പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് ധനവാന് നരകവും ലാസറിന് സ്വർഗ്ഗവും?

ധനവാനെ അവന്റെ സമ്പത്തിന്റെ പേരിലല്ല, മറിച്ച് അവൻ്റെ അശ്രദ്ധയുടെ പേരിലാണ് വിധിക്കുന്നത്; അവൻ ലാസറിനെ കാണുന്നില്ല. പടിവാതിക്കൽ കിടന്നിരുന്നവനെ എങ്ങനെ കാണാതിരിക്കും? ലാസർ അവിടെ ഉണ്ടായിരുന്നു, എല്ലാ ദിവസവും പടിവാതിലിനടുത്ത് യാചിച്ചുകൊണ്ടിരുന്നു, എന്നിട്ടും ധനവാൻ അവനെ കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല. ഇതാണ് ധനവാന്റെ പാപവും അവന്റെ ശിക്ഷാവിധിയും. അവന്റെ മാരകമായ പാപം നിസ്സംഗതയാണ്; സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാണ്. ധനവാൻ ശിക്ഷിക്കപ്പെടുന്നത് അവന് സമ്പത്ത് ഉണ്ടായതുകൊണ്ടല്ല, മറിച്ച് അവൻ നിസ്സംഗനായതുകൊണ്ടാണ്. ഇതാണ് ഉപമയുടെ കാതൽ. നിസ്സംഗതയാണ് യഥാർത്ഥ നരകം. അതിനു മാത്രമേ നമ്മെ വേർതിരിക്കാൻ സാധിക്കു. ധനവാൻ തെറ്റൊന്നും ചെയ്യുന്നില്ല, പക്ഷേ നന്മയും ചെയ്യുന്നില്ല. തെറ്റ് ചെയ്യാതിരിക്കുക എന്നതു മാത്രമല്ല വിശുദ്ധി, നന്മ ചെയ്യുക എന്നതാണ്. ഒരിക്കൽ നമ്മളും നമ്മുടെ മിനിമലിസത്താലും ഉപരിപ്ലവതയാലും വേട്ടയാടപ്പെടുന്നില്ലെന്ന് എന്താണ് ഉറപ്പ്? നമ്മൾ ദിവസവും കണ്ടുമുട്ടുന്നവരോട് നിസ്സംഗരല്ല എന്ന് എങ്ങനെ നമ്മൾക്ക് പറയാൻ സാധിക്കും? നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ നമ്മൾക്ക് സമയം കിട്ടാറുണ്ടോ? ഒരു സുഹൃത്തിനു വേണ്ടി ഇത്തിരി സമയം ചിലവഴിക്കാൻ നമ്മുടെ ദൈനംദിന തിരക്കുകളിൽ നിന്നും പുറത്തു കടക്കാൻ നമുക്ക് സാധിക്കാറുണ്ടോ? നമ്മൾക്ക് വേണ്ടത് ഇത്തിരി ആത്മധൈര്യമാണ്. അപ്പോൾ മാത്രമേ ആവേശത്തോടെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഹൃദയം നമ്മിൽ പരുവപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം നമ്മൾ ഇവിടെ വിടവുകൾ മാത്രം ഉണ്ടാക്കുന്നവരാകുകയാണ്. അത് നിത്യതയിൽ വലിയൊരു അഗാധതയായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker