Vatican

കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക് – വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ…

വിശുദ്ധ പദവി പ്രഖ്യാപനം സെപ്തംബർ 7 ഞായറാഴ്ച്ച...

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: “സൈബര്‍ അപ്പസ്തോലന്‍” എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്തംബർ 7 ഞായറാഴ്ച്ച. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പ കാർലോ അക്യുട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക.

കാര്‍ലോ അക്യൂട്ടീസിന്റെ ജീവിതം:
1991 മെയ് 3-നു ലണ്ടനിൽ ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായി കാര്‍ലോ അക്യൂട്ടീസ് ജനിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി.

ഏഴാം വയസ്സില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാന മുടക്കിയിരുന്നില്ല. ഏറെനേരം സക്രാരിയുടെ മുന്നില്‍ ചിലവഴിച്ചിരുന്നു. കാര്‍ലോ പറഞ്ഞു: “സ്വര്‍ഗ്ഗം എപ്പോഴും നമ്മെ കാത്തിരിക്കുന്നു. വിശുദ്ധ കുര്‍ബാനയാണ് എനിക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി”. എല്ലാദിവസവും ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ട് പരിശുദ്ധ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.

പഠിക്കുന്ന കാലത്ത് തന്റെ സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടുമ്പോള്‍ അവര്‍ക്ക് ആശ്വാസം കൊടുക്കാനും കാര്‍ലോ സമയം കണ്ടെത്തി. യാത്രചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോ ഏറ്റവുമധികം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചത് തന്റെ മാതൃകകൂടിയായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജന്മനാടായ അസ്സീസ്സിയായിരുന്നു.

2006 ഒക്ടോബര്‍ 12-ന് പതിനഞ്ചാം വയസ്സില്‍ ലുക്കിമിയ പിടിപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ലോ മരണമടഞ്ഞു. മരണക്കിടക്കയിലായിരിക്കുമ്പോഴും തന്റെ സഹനങ്ങളെല്ലാം ദൈവത്തിനും തിരുസഭയ്ക്കും പരിശുദ്ധപിതാവിനും സമര്‍പ്പിക്കുന്നുവെന്നാണ് അവൻ പറഞ്ഞത്. തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത് കാര്‍ലോയാണെന്ന് അമ്മ അന്റോണിയ അക്യൂട്ടീസ് പറയുന്നു.

കാർലോയുടെ വെബ്‌സൈറ്റ്:
കാര്‍ലോ ഒരു നല്ല കമ്പ്യൂട്ടര്‍ പരിജ്ഞ്യാനിയായിരുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ഈശോയോടുള്ള സ്നേഹത്തെപ്രതി കാര്‍ലോ സ്വന്തമായി രൂപപ്പെടുത്തിയ വെബ്‌സൈറ്റില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന – സഭ അംഗീകരിച്ച – 136 ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വളരെ മനോഹരമായി www.miracolieucaristici.org എന്ന വെബ്സൈറ്റ് വഴി കാർലോ ലോകത്തിന് നൽകി. താന്‍ അറിഞ്ഞ ഈശോയെ മറ്റുള്ളവര്‍ക്ക് എത്തിക്കാനൂള്ള ഈ പതിനഞ്ചു വയസ്സുകാരന്റെ തീക്ഷണത ലോകം ഏറ്റെടുത്തു. 5 ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് വീഥികളില്‍ കാര്‍ലോ രൂപപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം നടത്തപ്പെട്ടു കഴിഞ്ഞു.
വെബ്‌സൈറ്റില്‍ കാർലോ കുറിക്കുന്ന വാക്കുകൾ AI യുഗത്തിലെ യുവതലമുറക്ക് വെല്ലുവിളിയാണ്: “എപ്പോഴും യേശുവുമായി ഐക്യപ്പെടുക എന്നതാണ് എന്റെ ജീവിത പദ്ധതി”.

കാർലോയുടെ വാക്യങ്ങൾ:
“ദിവ്യകാരുണ്യം സ്വീകരിക്കുന്തോറും നമ്മള്‍ കൂടുതല്‍ ക്രിസ്തുവിനെപ്പോലെയാകുന്നു; അങ്ങനെ ഭൂമിയില്‍ നമുക്ക് സ്വര്‍ഗ്ഗീയാനുഭൂതി ലഭിക്കുന്നു”.
“എല്ലാവരും ഒറിജിനല്‍ ആയിട്ട് സൃഷ്ടിക്കപ്പെടുന്നു; പക്ഷെ, മറ്റുള്ളവരെ അനുകരിച്ച് നമ്മള്‍ വെറും ഫോട്ടോ കോപ്പികളായി മരിക്കുന്നു”.
“എപ്പോഴും യേശുവുമായി ഐക്യപ്പെടുക എന്നതാണ് എന്റെ ജീവിത പദ്ധതി”.
“സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും ചെറിയ ഗോവണിയാണ് ജപമാല”.
“സഭയെ വിമർശിക്കുകയെന്നാൽ നമ്മെത്തന്നെ വിമർശിക്കുക എന്നാണ്! നമ്മുടെ രക്ഷയ്ക്കായി നിധികൾ വിതരണം ചെയ്യുന്നവളാണ് സഭ.”
“നമ്മൾ ഭയപ്പെടേണ്ട ഒരേയൊരു കാര്യം പാപമാണ്”.
“മനുഷ്യർ സ്വന്തം ശരീരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് വളരെയധികം വിഷമിക്കുകയും, എന്നാൽ അവരുടെ ആത്മാവിന്റെ സൗന്ദര്യത്തെക്കുറിച്ച് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?”.
“നമ്മുടെ ലക്ഷ്യം അനന്തമായിരിക്കണം, പരിമിതമല്ല”.
“സ്വന്തം ജീവിതത്തെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ ആയിരം യുദ്ധങ്ങളിൽ വിജയിച്ചാലും എന്താണ് പ്രയോജനം?”.
“വിശുദ്ധ കുർബാന കഴിഞ്ഞാൽ, പിശാചിനോട് പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാല പ്രാർത്ഥന”.
“ദൈവം നമ്മുടെ ഹൃദയത്തിന്റെ ഉടമയാണെങ്കിൽ, നമുക്ക് അനന്തത ലഭിക്കും”.
“നിങ്ങൾ ദൈവത്തെ കണ്ടെത്തുക, നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥം നിങ്ങൾ കണ്ടെത്തും”.
“യേശു ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻ അവനെ അനുകരിക്കുകയും എല്ലാത്തിലും ദൈവഹിതം നിവർത്തിക്കാൻ ശ്രമിക്കുന്നവനുമാണ്”.
“ദൈവേഷ്ടം ചെയ്യുന്നവർ മാത്രമേ യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നുള്ളൂ”.

കാർലോയുടെ വെങ്കല പ്രതിമ:
കാർലോ അക്യൂട്ടിസിനെ അടക്കം ചെയ്തിരിക്കുന്ന സെന്റ്‌ മേരിസ് മേജര്‍ ബസലിക്കാ പള്ളിയുടെ പുറത്താണ് കുരിശിന്റെ ചുവട്ടിൽ ക്രിസ്തുവിന്റെ പാദത്തോട് തലചായിച്ചിരിക്കുന്ന കാർലോയുടെ വെങ്കല പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഒരു കൈയില്‍ ലാപ്ടോപ്പും ഷോൾഡർ ബാഗും നെഞ്ചോട് ചേർന്ന് കണ്ണടയും വെങ്കല പ്രതിമയിൽ കാണാം. ലാപ്ടോപ്പിലെ സ്ക്രീനിൽ തെളിഞ്ഞുകാണുന്നത് ക്രിസ്തുവിന്റെ തുരുരക്തം പേറുന്ന കാസയും തിരുശരീരം പേറുന്ന സിബോറിയവുമാണ്. കാനഡയിൽനിന്നുള്ള തിമോത്തി ഷ്മാൽസ് എന്ന കലാകാരനാണ് കാർലോയുടെ വെങ്കല പ്രതിമ രൂപപ്പെടുത്തിയത്.
2025 ഓഗസ്റ്റ് 15-നായിരുന്നു വെങ്കല പ്രതിമയുടെ അനാച്ഛാദനം നടന്നത്.

കാർലോയുടെ ചിത്രം പതിച്ച സ്റ്റാമ്പ്:
കാർലോയോടുള്ള അനുസ്മരണാര്‍ഥം വത്തിക്കാൻ സ്മാരക സ്റ്റാമ്പും പുറത്തിറക്കി. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ പോസ്റ്റൽ ആൻഡ് ഫിലാറ്റലിക് സർവീസ്, ഇറ്റലിയിലെ സാൻ മറിനോ റിപ്പബ്ലിക്, മാൾട്ടയിലെ സോവറിൻ മിലിട്ടറി ഓർഡർ എന്നിവയുടെ സഹകരണത്തോടെയാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
ചുവന്ന ഷർട്ട് ധരിച്ച് കറുത്ത ബാഗ് വഹിച്ചുകൊണ്ട് നില്‍ക്കുന്ന കാർളോ അക്യുട്ടിസിന്റെ ചിത്രമാണ് സ്റ്റാമ്പിലുള്ളത്. 60,000 സ്റ്റാമ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഓരോന്നിനും 1.35 യൂറോയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം സ്റ്റാമ്പുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പോസ്റ്റ് ഓഫീസിലും എല്ലാ വത്തിക്കാൻ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാകും.

കാര്‍ലോയുടെ അനുദിന ജീവിതശൈലി:
1) മുടങ്ങാതെയുള്ള ജപമാല.
2) ഒരു മണിക്കൂര്‍ ആരാധന.
3) അനുദിന ബൈബിള്‍ വായന.
4) മുടക്കം കൂടാതെയുള്ള ദിവ്യകാരുണ്യ സ്വീകരണം.
5) എല്ലാ ആഴ്ചയിലും കുമ്പസാരം.
6) മാതാപിതാക്കളെ നഷ്ടപ്പെട്ട കൂട്ടുകാരോടൊപ്പമുള്ള സമയം ചിലവഴിച്ചു.
7) വെബ്സൈറ്റിലൂടെ ലോകമെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിച്ചു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker