Meditation

Christ the King_കുരിശിലെ രാജാവ് (യോഹ. 18: 33-37)

തള്ളിപ്പറഞ്ഞാലും, ഒറ്റിക്കൊടുത്താലും, നിരസിച്ചാലും സ്നേഹിക്കുന്ന രാജാവാണവൻ...

ക്രിസ്തുരാജന്റെ തിരുനാൾ

പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ് ക്രിസ്തുരാജന്റെ സിംഹാസനവും. രാജാവാകുന്ന ക്രിസ്തു. വളരെ ആഡംബരപൂർണ്ണമായ വിശേഷണമാണിത്. ഒപ്പം കാലഹരണപ്പെടാത്തതുമാണ്. രാജാവാകാൻ ശ്രമിക്കുന്നു എന്ന പേരിലാണ് അവർ അവനെ കൊന്നത്. രാജാവാണ് എന്നാണ് അവർ അവന്റെ കുരിശിൽ എഴുതിയതും. എന്നിട്ടും സങ്കടങ്ങളുടെ നിമിഷങ്ങളിൽ നമ്മളൊന്ന് അവന്റെ മുന്നിൽ പോയി നിന്നാൽ അവന്റെ കൈകളിൽ ചെങ്കോൽ കാണില്ല. തലയിൽ കിരീടവും ഉണ്ടാകില്ല. മുറിവേറ്റ കരങ്ങളും മുൾക്കിരീടവുമുള്ള ഒരു രാജാവിനെ അപ്പോൾ നമ്മൾ കാണും. അതെ, നമ്മുടെ രാജാവ് വ്യത്യസ്തനാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു രാജാവ്. തന്റെ കൂടെയുള്ളവരുടെ കാലുകൾ കഴുകിയും, തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നവന് ഒരു കഷണം അപ്പം നൽകിയുമാണ് അവൻ ശക്തനായ രാജാവായത്. കാരണം അവന്റെ രാജ്യം ഈ ലോകത്തിന്റെതല്ല. ഹൃദയത്തിൽ തൊട്ട് നമ്മളും ചോദിക്കണം; ഈ രാജാവിന്റെ പ്രജകളാകാനുള്ള യോഗ്യത നമുക്കുണ്ടോ? കാരണം, വിജയത്തെ വേട്ടയാടാൻ നെട്ടോട്ടം ഓടുന്നവരാണ് നമ്മൾ. കാണപ്പെടാനും തിരിച്ചറിയപ്പെടാനും സ്വപ്നം കാണുന്നവരാണ് നമ്മൾ. നശ്വരതയിൽ കൂടാരം പണിയുന്നവരാണ് നമ്മൾ.

സ്നേഹത്തിലും സേവനത്തിലും ആണ് യേശു തന്റെ രാജകീയത വെളിപ്പെടുത്തിയത്. അവയിലാണ് നമ്മൾ പതറുന്നത്. സ്വേച്ഛാധിപത്യരീതിയിൽ നീതി നടപ്പിലാക്കുന്ന സർവ്വശക്തനായ ഒരു രാജാവാണ് നമ്മുടെ ദൈവമെന്നു ചിന്തിക്കുന്നുണ്ടെങ്കിൽ അതൊരു വികല ചിന്തയാണ്. അങ്ങനെ ചിന്തിക്കുന്നവർക്ക് ദൈവം ഒരു ഭീകരരൂപിയായിരിക്കും. ഭയത്തിലല്ല, സ്നേഹത്തിലാണ് ദൈവം സർവ്വശക്തനാകുന്നത്. കാരണം, നമ്മെ സ്നേഹിക്കുന്നതിലൂടെ മാത്രമേ ദൈവത്തിന് നമ്മെ വിധിക്കാൻ സാധിക്കു. ആധിപത്യത്തിലല്ല, സ്നേഹത്തിലാണ് യേശുവിന്റെ രാജകീയത നിറഞ്ഞുനിൽക്കുന്നത്. തള്ളിപ്പറഞ്ഞാലും, ഒറ്റിക്കൊടുത്താലും, നിരസിച്ചാലും സ്നേഹിക്കുന്ന രാജാവാണവൻ. ഈ രാജാവ് ഒന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് ഭ്രാന്തമായ അഭിനിവേശത്തോടെ നമ്മെ സ്നേഹിക്കുക മാത്രം ചെയ്യുന്നു. കാരണം അവൻ പരാജിതരുടെയും രോഗികളുടെയും പാപികളുടെയും നൊമ്പരപ്പെടുന്നവരുടെയും രാജാവാണ്. അതിനാൽ, രാജാവിനെ കാണണമെങ്കിൽ കുരിശിലേക്ക് നമ്മുടെ നോട്ടം എത്തണം.

“അപ്പോൾ നീ രാജാവാണ് അല്ലേ?” ചോദ്യം പീലാത്തോസിന്റെതാണ്. അതെ, പക്ഷേ ഈ ലോകത്തിന്റെതല്ല. ഒരിക്കൽ മാത്രമാണ് കൊട്ടാരത്തിന്റെ ഉമ്മറപ്പടി അവൻ കടന്നത്. പക്ഷേ അത് അവനെ മരണത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തനിക്കുവേണ്ടി അവൻ ആരെയും മരണത്തിലേക്ക് അയച്ചില്ല. ഒരു നല്ലിടയനെ പോലെ അവനാണ് എല്ലാവർക്കും വേണ്ടി മരണം പുൽകിയത്. ഒരു പുൽത്തൊട്ടി ആയിരുന്നു അവന്റെ ആദ്യത്തെ സിംഹാസനം. അവസാനത്തേത് ഒരു കുരിശും. വേണമെങ്കിൽ അവന് അതിൽ നിന്നും ഒഴിഞ്ഞുമാറാമായിരുന്നു. എന്നിട്ടും എല്ലാവർക്കും വേണ്ടി അവൻ ഒരു ബലിയായി മാറി. എല്ലാ രാജാക്കന്മാരെപോലെ അവനും ഉണ്ടായിരുന്നു നിയമങ്ങൾ. അത് അവൻ സ്നേഹിക്കുന്നതു പോലെ പരസ്പരം സ്നേഹിക്കുക എന്നതുമാത്രമായിരുന്നു. അതെ, സ്നേഹിക്കുക, അനന്തരഫലങ്ങൾ എന്തായാലും തന്നെ.

യേശു ശരിക്കും നമ്മുടെ രാജാവ് തന്നെയാണോ? എങ്കിൽ ഇത്തിരിയോളമെങ്കിലും അവന്റെ കൽപ്പനകൾ നമ്മൾ പാലിക്കേണ്ടിയിരിക്കുന്നു. യേശു നമ്മുടെ രാജാവാണെങ്കിൽ, നമ്മൾ അവന്റെ പ്രജകളല്ല, മക്കളാണെന്ന ബോധ്യമുണ്ടാകണം. സ്വർഗ്ഗത്തിന്റെ അവകാശികളാണ് നമ്മൾ. അങ്ങനെയുള്ള നമ്മളിൽ അടിമ ചിന്തകൾ കടന്നുവരരുത്. അടിമകൾ യജമാനനെ പ്രീതിപ്പെടുത്തുന്നതുപോലെയുള്ള മനോഭാവമാകരുത് നമ്മളും ദൈവവും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാകേണ്ടത്. പ്രപഞ്ചരാജാവിന്റെ മക്കളാണ് നമ്മൾ. അതുകൊണ്ടുതന്നെ കുരിശായിരിക്കണം നമ്മുടെ സ്നേഹത്തിന്റെ അളവുകോലും അനുഭവവും. പാദം കഴുകലായിരിക്കണം നമ്മുടെ അധികാരത്തിന്റെ ശൈലിയും ഭാവവും. ദൈവം രാജാവും പിതാവും ആയിട്ടുള്ള നമുക്ക് ചരിത്രത്തിന്റെ ഗതിയെ ഓർത്ത് ആകുലപ്പെടേണ്ട കാര്യമില്ല. അത് അവന്റെ കരങ്ങളിൽ സുരക്ഷിതമാണ്. കാരണം, അവൻ ഈ ലോകത്തെ അത്രമാത്രം സ്നേഹിക്കുന്നു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker